'വാപ്പ സമ്മതിച്ചു, എയർപോർട്ടിൽ കൊണ്ടാക്കി'; നാദിറയെ കാണാൻ അനിയത്തി ബിഗ് ബോസ് ഹൗസിൽ!
ബിഗ് ബോസ് മലയാളം സീസൺ 5ന് തിരശ്ശീല വീഴാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. അതിനിടെ തീർത്തും നാടകീയമായ രംഗങ്ങൾക്കാണ് ബിബി ഹൗസ് സാക്ഷിയാകുന്നത്. ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ച ഫാമിലി വീക്ക് ആണ്. നിലവിൽ മത്സരാർത്ഥികളായി അവശേഷിക്കുന്ന ഒമ്പത് പേരുടെയും കുടുംബാംഗങ്ങൾ അവരെ കാണാനായി വീട്ടിലേക്ക് എത്തുകയാണ്. മറ്റു ഭാഷകളിൽ ഫിനാലെയ്ക്ക് മുൻപ് ഇത്തരത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ബിഗ് ബോസ് മലയാളത്തിൽ ആദ്യമായാണ് ഫാമിലി വീക്ക് നടക്കുന്നത്.
ഷിജുവിന്റെ മകളും ഭാര്യയുമാണ് ആദ്യം വീട്ടിലേക്ക് എത്തിയത്. ഒരു മണിക്കൂർ ഹൗസിൽ ചെലവഴിച്ചിട്ടാണ് ഇവർ മടങ്ങിയത്. രണ്ടാമതായി നാദിറയുടെ സഹോദരി ഷഹനാസും വീടിനുള്ളിൽ പ്രവേശിച്ചിരിക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത ഒരു എൻട്രി ആയിരുന്നു നാദിറയുടെ സഹോദരിയുടേത്. ട്രാന്‍സ് വുമണായ നാദിറ തന്റെ കുടുംബത്തില്‍ നിന്നും അകന്നാണ് കഴിയുന്നത്. വീട്ടിൽ നാദിറ ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആൾ അനിയത്തി ഷഹനാസ് ആണെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്.

ഏറെ നാളുകൾക്ക് ശേഷം ഉമ്മ നാദിറയുമായി സംസാരിക്കുന്നത് ബിഗ് ബോസ് വീട്ടിൽ വച്ചായിരുന്നു. മാതൃദിനത്തിലായിരുന്നു ഇത്. കം ഔട്ട് നടത്തിയ ശേഷം തന്നെ അംഗീകരിക്കാൻ വാപ്പ തയ്യാറായിട്ടില്ലെന്ന് നാദിറ പറഞ്ഞിരുന്നു. വാപ്പ അറിയാതെയാകും ഉമ്മ വിളിച്ചതെന്നും നാദിറ പറയുകയുണ്ടായി. കഴിഞ്ഞ ദിവസം ഫാദേഴ്‌സ് ഡെയിൽ നാദിറയുടെ അമ്മാവനായിരുന്നു ആശംസകളുമായി എത്തിയത്. അതിനു പിന്നാലെയാണ് ഫാമിലി വീക്കിൽ സഹോദരി നേരിട്ട് എത്തിയിരിക്കുന്നത്.
പാട്ടിന്റെ അകമ്പടിയോടെ മുഖം മറച്ച് ഹൂഡി ധരിച്ച നിരവധി പേർ പ്രധാന വാതിലിലൂടെ ഹൗസിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിൽ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ മത്സരാർത്ഥികൾ കണ്ടത്തണം. ഇക്കൂട്ടത്തിൽ കറുത്ത ഹൂഡി ധരിച്ചു നിന്ന തന്റെ സ്വന്തം സഹോദരിയെ നാദിറ കണ്ടെത്തുകയായിരുന്നു. സഹമത്സരാർത്ഥികൾ എല്ലാവരും ചേർന്ന് കയ്യടിച്ചാണ് ഷഹനാസിനെ സ്വീകരിച്ചത്.
എങ്ങനെ വന്നു ആരും അറിയാതെ വരാൻ പറ്റില്ലല്ലോ എന്നൊക്കെയാണ് സഹോദരിയോട് നാദിറ ആദ്യം ചോദിച്ചത്. ഒറ്റയ്ക്കാണ് വന്നത്. വാപ്പയാണ് ഇങ്ങോട്ട് വരാൻ എയർപോർട്ടിൽ കൊണ്ടാക്കിയതെന്ന് സഹോദരി പറഞ്ഞു. ഇത് കേട്ടതും എന്തെന്നില്ലാത്ത സന്തോഷമാണ് നാദിറയും സഹമത്സരാർത്ഥികളും പ്രകടിപ്പിച്ചത്. വാപ്പ ഇങ്ങോട്ട് വിട്ടോ? എന്ന് ആശ്ചര്യത്തോടെയാണ് നാദിറ ചോദിച്ചത്.

പിന്നീട് വീട്ടിലെ അവസ്ഥ എന്താണെന്നൊക്കെ നാദിറ സഹോദരിയോട് ചോദിക്കുന്നുണ്ട്. "ഉമ്മയും വാപ്പയുമൊക്കെ അന്വേഷിച്ചു എന്ന് പറയാൻ പറഞ്ഞു. എല്ലാവരും ഷോ കാണുന്നുണ്ട്. വീട്ടിൽ വേറെ പ്രശ്നം ഒന്നുമില്ല. നന്നായിട്ട് കളിക്കണം. പടച്ചോൻ കൂടെ ഉണ്ട്", എന്ന് സഹോദരി പറഞ്ഞു. വീണ്ടും നാദിറ വാപ്പയെ കുറിച്ച് ചോദിക്കുമ്പോൾ, വാപ്പയോട് രണ്ട് മൂന്ന് പേർ നാദിറയുടെ വാപ്പയല്ലേ എന്ന് ചോദിച്ചു. വാപ്പയ്ക്ക് അഭിമാനം ആയിട്ടുണ്ടെന്നും ഷഹനാസ് നാദിറയോട് പറഞ്ഞു.
ബിഗ് ബോസിൽ നിന്ന് വിളിച്ചപ്പോൾ വാപ്പയോട് പറഞ്ഞു. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും ഒത്തിരി സംസാരിച്ചപ്പോൾ സമ്മതിച്ചു. വലിയ കുട്ടി ആയില്ലേ. ഇനി പുറത്തേക്കൊക്കെ ഒറ്റയ്ക്ക് പോകണ്ടേ എന്നൊക്കെ വാപ്പയോട് പറഞ്ഞുവെന്നും ഷഹനാസ് പറയുന്നു. സഹോദരിക്ക് പിന്നാലെ നാദിറയുടെ അടുത്ത സുഹൃത്ത് ശ്രുതി സിത്താരയും ഹൗസിൽ പ്രവേശിച്ചു. ശ്രുതിയെ ആണ് താൻ പ്രതീക്ഷിച്ചിരുന്നത് വീട്ടിൽ നിന്നും ആരും വരുമെന്ന് കരുതിയില്ല എന്നായിരുന്നു നാദിറ പറഞ്ഞത്. തിരുവനന്തപുരത്ത് ഡിഗ്രിക്ക് പഠിക്കുകയാണ് നാദിറയുടെ സഹോദരി ഷഹനാസ്.


Click it and Unblock the Notifications