'ഇവന്റെ കളികൾ കാണുമ്പോൾ ഫുക്രുവിനെ ഓർമ്മ വരുന്നു! മറ്റു മത്സരാർത്ഥികളുടെ കളിപ്പാവയാണ് സാഗർ'; കുറിപ്പ്!
ഏറെ നാടകീയ രംഗങ്ങൾക്കാണ് ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഞായറാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡ് സാക്ഷിയായത്. ഇതുവരെയുള്ള ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി മോഹൻലാലിന് മുന്നിൽ മത്സരാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ അത് പ്രേക്ഷകരെ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന സംഭവമായി മാറി. ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് നൽകിയ ഗെയിമിൽ അഖില്‍ മാരാർ മോശം വാക്കുകൾ ഉപയോഗിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് വലിയ ബഹളങ്ങളിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
തർക്കം മോഹൻലാലിന് മുന്നിലേക്ക് എത്തുകയും സംസാരത്തിനിടെ സാഗര്‍ സൂര്യ അഖിലിനെ പിടിച്ച് തള്ളുകയും ചെയ്തിരുന്നു. മോഹൻലാൽ ക്യാപ്റ്റൻ ബാൻഡ് കൈമാറാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു ഈ സംഭവം. ഇത് മോഹൻലാലിനെ ചൊടിപ്പിക്കുകയും അദ്ദേഹം ഷോ അവസാനിപ്പിച്ച് ഇറങ്ങി പോകുകയും ചെയ്യുകയായിരുന്നു. സംഭവം വീടിനുള്ളിലും പുറത്തും വലിയ രീതിയിലാണ് ചർച്ചയായത്. വീടിനുള്ളിൽ കൂടുതൽ പേരും സാഗറിനെ പിന്തുണച്ചാണ് എത്തിയതെങ്കിലും പുറത്ത് അഖിൽ മാരാറിന് ആയിരുന്നു പിന്തുണ.

മറ്റൊരാൾ പറഞ്ഞത് കേട്ട് സാഗർ അങ്ങനൊരു വേദിയിൽ ആ സമയത്ത് പ്രതികരിച്ചു എന്നതാണ് പലരും വിമർശനമായി ഉന്നയിച്ചത്. അതുവരെ നെഗറ്റീവ് ഇമേജിൽ നിന്നിരുന്ന അഖിൽ മാരാറിന് പിന്തുണ വാങ്ങി കൊടുക്കുന്നത് പോലെയുള്ള സംഭവമായി മാറി പിന്നീട് നടന്നത് എന്നൊക്കെയാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ സാഗറിനെ വിമർശിച്ച് അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുള്ളത്. അതിൽ സാഗറിനെ മുൻ മത്സരാർത്ഥി ഫുക്രുവുമായി താരതമ്യം ചെയ്തുള്ള ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.
'ഈ സീസണിലെ മറ്റു മത്സരാർത്ഥികളുടെ കളിപ്പാവയാണ് സാഗർ. മറ്റുള്ളവരുടെ വാക്കും കേട്ട് തുള്ളുന്നതെല്ലാതെ സ്വന്തമായി ഒരു അഭിപ്രായം പോലും പ്രകടിപ്പിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. കുപ്പിപ്പാലിന്റെ കേസിൽ മനീഷയുടെയും ദേവുവിന്റെയും വാക്കും കേട്ട് ശോഭയുടെ കയ്യിൽ പിടിച്ച് ഷോയിറക്കി. ക്യാപ്റ്റൻസി ടാസ്കിലേക്ക് വിഷ്ണു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസൂയ മൂത്ത ജുനൈസിന്റെ വാക്ക് കേട്ട് വിഷ്ണുവിനെ ചൊറിയാൻ നോക്കി,'
'ഇന്നലെ സെറീന പറഞ്ഞതിന് ശേഷം മാത്രമാണ് അഖിൽ മാരാരുടെ മുന്നിൽ കിടന്ന് ഇവൻ ഷോയിറക്കിയത്. സീസൺ 2 വിലെ ഫുക്രുവിനെ ഓർമ്മവരുന്നു ഇവന്റെ കളികൾ കാണുമ്പോൾ,' എന്നാണ് ഷാസ് എന്നൊരു പ്രേക്ഷകൻ ബിഗ് ബോസ് സംബന്ധിച്ച ചർച്ചകൾ നടക്കുന്ന ഒരു ഗ്രൂപ്പിൽ കുറിച്ചത്.
താൻ സ്വയം ചെയ്ത കാര്യങ്ങൾ പോലും മറ്റുള്ളവർ പറയുന്ന രീതിക്ക് വിശ്വസിക്കുന്ന ആളാണെന്ന വിമർശനവും സാഗറിന് നേരെ വരുന്നുണ്ട്. അങ്ങനെയൊരു കുറിപ്പും വൈറലാകുന്നുണ്ട്. 'സാഗർ പെട്ടെന്ന് മറ്റുള്ളവർ പറയുന്ന കേട്ട് സ്വാധീനിക്കപ്പെടുന്നു. അമ്മ പാൽക്കുപ്പി വിഷയത്തിൽ മനീഷ പറഞ്ഞത് കേട്ട് ശോഭയോട് ചൂടാവുന്നു. സെറീന പറഞ്ഞത് കേട്ട് മാറാരോട് ഒടക്കുണ്ടാക്കുന്നു. ഇന്നലെ വഴക്കിനിടയിൽ ലാലേട്ടന്റെ മുന്നിൽ വെച്ച് മാരാരെ വിരല് കൊണ്ട് ഉന്തുന്നു,'

'ഇന്ന് രാവിലെ ഗോപിക സാഗറിനോട് പറയുന്നു, നീ തള്ളിയതല്ല മാരാർ മുഖത്തോട്ട് നോക്കാത്തത് കൊണ്ട് മുഖത്ത് നോക്കാൻ വിരൽ കൊണ്ട് ശ്രദ്ധ ക്ഷണിച്ചതാണെന്ന്. സ്വയം ചെയ്ത കാര്യം പോലും മറന്നു സാഗർ അത് വിശ്വസിക്കുന്നു. രാവിലെ മുതൽ പല സ്ഥലത്തും ഗോപിക പറഞ്ഞ കഥയും കൊണ്ട് കിടന്നു കറങ്ങുന്നു..'
'സ്വയം ചെയ്ത കാര്യങ്ങൾ വരെ ആരെങ്കിലും പറയുന്നത് കേട്ട് മാറ്റി വിശ്വസിക്കുന്ന ആൾക്കാർ ചുരുക്കമായിരിക്കും.. വളരെ പരിതാപകരം.. മാരാരോട് ചൂടായത് കൊണ്ട് താത്കാലികമായി കുറച്ച് സപ്പോർട്ട് കിട്ടുമെങ്കിലും സാഗറിന്റെ ഈ സ്വഭാവം വെച്ച് 100 ദിവസം തള്ളി കൊണ്ട് പോകാൻ പാടായിരിക്കും,' എന്നാണ് മറ്റൊരാൾ സാഗറിനെ വിമർശിച്ച് കുറിച്ചത്.


Click it and Unblock the Notifications