ബിഗ് ബോസിന്റെ മാസ്റ്റർ സ്ട്രോക്ക്, റെനീഷ പുതിയ ക്യാപ്റ്റൻ; സാഗർ ഇപ്പോൾ ആരായെന്ന് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യം കത്തികയറിയ ഷോ രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തിയപ്പോൾ തണുപ്പൻ മട്ടിലേക്ക് എത്തുന്നതായിരുന്നു പ്രേക്ഷകർ കണ്ടത്. എന്നാൽ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡ് കൂടെ ഷോ വീണ്ടും കത്തികയറിയിരിക്കുകയാണ്. നാടകീയ സംഭവങ്ങൾ ആയിരുന്നു വീക്കെൻഡ് എപ്പിസോഡിൽ നടന്നത്. അവതാരകനായ മോഹന്‍ലാലിന് മുന്നില്‍ വച്ച് വരെ ബിഗ് ബോസ് താരങ്ങള്‍ തമ്മിലടിക്കുന്ന സ്ഥിതിയുണ്ടായി.
ഈസ്റ്റര്‍ദിന സ്പെഷ്യലായി ആരംഭിച്ച വീക്കെൻഡ് എപ്പിസോഡിലാണ് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത ചില സംഭവങ്ങൾ അരങ്ങേറിയത്. അഖില്‍ മാരാർ ഗെയിമിനിടയിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കം. അഖിലും സാഗറും തമ്മിലുള്ള വഴക്കിലേക്ക് എത്തുകയായിരുന്നു. മോഹൻലാലിന് മുന്നിൽ വരെ അവർ വഴക്ക് തുടർന്നതോടെ മോഹന്‍ലാല്‍ ഷോ വൈന്‍ഡ് അപ്പ് പോലും പറയാതെ ഇറങ്ങി പോവുകയായിരുന്നു.

ഈ സംഭവങ്ങൾക്ക് പിന്നാലെ ഇന്നലെ ബിഗ് ബോസും സംഭവത്തിൽ നടപടികൾ ആരംഭിച്ചിരുന്നു. ക്യാപ്റ്റൻ ബാൻഡ് ധരിക്കാതിരുന്ന സാഗർ സൂര്യയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുകയും. അഖിൽ മാരാരും സാഗർ സൂര്യയും നേരിട്ട് എലിമിനേഷനിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുതിയൊരു ട്വിസ്റ്റുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്. കഴിഞ്ഞ ക്യാപ്റ്റൻ സീ മത്സരത്തിൽ സാഗറിനേക്കാൾ മൂന്ന് പോയിന്റ് മാത്രം കുറവുണ്ടായിരുന്ന റെനീഷയെ ബിഗ് ബോസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ക്യാപ്റ്റനായി പുതിയ ടീം തിരിക്കാനുള്ള അവകാശമൊക്കെ റെനീഷയ്ക്ക് നൽകി കഴിഞ്ഞു. അതോടെ ഈ സീസണിലെ ആദ്യ വനിതാ ക്യാപ്റ്റനായിരിക്കുകയാണ് റെനീഷ. അടുത്ത തവണയെങ്കിലും ബിഗ് ബോസ് വീടിന് ഒരു വനിത ക്യാപ്റ്റൻ വേണമെന്ന് വീക്കെൻഡ് എപ്പിസോഡിൽ റെനീഷ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ആ അവസരം റെനീഷയെ തേടി വന്നത്.
അതേസമയം, വീക്കെൻഡ് എപ്പിസോഡിലെ പ്രശ്‌നം ഇത്രയധികം വഷളാകാൻ കാരണക്കാരിയായത് റെനീഷ ആണെന്ന് പ്രേക്ഷകർ വിമർശിക്കുന്ന സമയത്ത് തന്നെയാണ് ബിഗ് ബോസിന്റെ ഈ നീക്കം. സെറീനയുടെയും റെനീഷയുടെയും വാക്ക് കേട്ട് ചാടിയിറങ്ങിയ സാഗർ ഇപ്പോൾ ആരായെന്നും പ്രേക്ഷകർ ചോദിക്കുന്നു.
അഖിൽ മാരാർ ചെയ്തത് ശരിയെല്ലെന്ന് പറഞ്ഞ് മോഹൻലാലിന്റെ മുന്നിൽ ആദ്യം പരാതി പറഞ്ഞത് റെനീഷ ആയിരുന്നു. പിന്നീട് സാഗറുമായി പ്രശ്‌നമുണ്ടായപ്പോഴും അഖിലുമായി കൂടുതൽ തർക്കിച്ചത് റെനീഷ ആയിരുന്നു. അവസാനം പ്രശ്‌നം കൊണ്ട് സാഗറിന് നഷ്ടവും റെനീഷയ്ക്ക് നേട്ടവുമുണ്ടായി എന്നാണ് പ്രേക്ഷകർ പറയുന്നത്.
റെനീഷ കളിച്ചു നേടിയത് തന്നെയാണെന്ന അഭിപ്രായവും വരുന്നുണ്ട്. മത്സരത്തിൽ വെറും മൂന്ന് പോയിന്റുകൾക്കാണ് റെനീഷ പിന്നിലായത്. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തിൽ റെനീഷ ഡിസർവിങ് ആണെന്ന് ചിലർ പറയുന്നു.

അതേസമയം, ബിഗ് ബോസിന്റെ ഇന്നലത്തെ പ്രഖ്യാപനങ്ങളും ഇന്നത്തെ ക്യാപ്റ്റൻസി പ്രഖ്യാപനവുമൊക്കെ പ്രേക്ഷകരിൽ വലിയ വലിയ രീതിയിലുള്ള സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്നലെ നേരിട്ട് നോമിനേഷനിലേക്ക് എന്ന് പറഞ്ഞ അഖിൽ മാരാരിന്റെയും സാഗർ സൂര്യയുടെയും പേര് ഇതുവരെ വോട്ടിങ് ലിസ്റ്റിൽ വരാത്തതും. റെനീഷയെ ക്യാപ്റ്റൻ ആക്കിയിട്ടും നോമിനേഷൻ മുക്തി പ്രഖ്യാപിക്കാത്തതുമാണ് സംശയങ്ങൾക്ക് കാരണം.
എന്തൊക്കെയോ പ്ലാനിങ്ങുകളുമായാണ് ബിഗ് ബോസ് മുന്നോട്ട് പോകുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തുടർച്ചയായി മൂന്നാമത്തെ ആഴ്ചയിലും എവിക്ഷൻ ഇല്ലാതെ വരുമോ എന്ന സംശയങ്ങളും പ്രേക്ഷകർ മുന്നോട്ട് വയ്ക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇനി വരുന്ന എവിക്ഷൻ ഒരു ഡബിൾ എവിക്ഷൻ ആകാനുള്ളസാധ്യതയും തള്ളി കളയാനാവില്ല.


Click it and Unblock the Notifications