നിമിഷയുടെ ആവശ്യം ബിബി 5ൽ കാണുന്നുണ്ടെന്ന് ആരാധകൻ; താരത്തിന്റെ മറുപടി ഇങ്ങനെ!
ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഷോയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം സജീവമാണ്. സംഭവ ബഹുലമായ നാലാം സീസണിന് ശേഷം എത്തുന്നത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളും വലുതായിരുന്നു. പുതിയ സീസണിന്റെ ആദ്യ ദിവസങ്ങളിൽ അഞ്ചാം സീസൺ കഴിഞ്ഞ സീസണെ വെല്ലുന്നതാകും എന്ന വിലയിരുത്തലാണ് പ്രേക്ഷകർ നടത്തിയത്. എന്നാൽ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ പ്രേക്ഷകരെല്ലാം നിരാശയിലാണ്.
മത്സരാർത്ഥികൾ വിചാരിച്ച നിലവാരത്തിലേക്ക് ഉയരുന്നില്ല എന്നാണ് പൊതുവെയുള്ള വിമർശനം. ഏറ്റവും മനോഹരമായി അവതരിപ്പിക്കാവുന്ന ഇപ്പോഴത്തെ വീക്കിലി ടാസ്ക് പോലും ഏറ്റവും മോശമായാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇതിനു പുറമെ തർക്കങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ ഇടപെടലുകൾ നടത്തുന്ന ആരും തന്നെയില്ലെന്നും ക്യാപ്റ്റനായ അഖിൽ മാരാരിന്റെ പ്രകടനം പോലും മോശമാണെന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

കഴിഞ്ഞ സീസണിൽ രണ്ടാം വാരം തന്നെ റോബിൻ -ജാസ്മിൻ വഴക്കുകളിലൂടെ ബിഗ് ബോസ് വീട് ഉണർന്നിരുന്നു. പിന്നാലെ വന്ന നിമിഷ - ലക്ഷ്മിപ്രിയ വഴക്കുകളും നിമിഷയുടെ സീക്രട്ട് റൂം വഴിയുള്ള തിരിച്ചുവരവുമൊക്കെ ഷോയെ ആവേശകരമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ, പുതിയ സീസൺ പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുമ്പോൾ ഒരു പ്രേക്ഷകൻ നിമിഷയ്ക്ക് അയച്ച മെസ്സേജും അതിന് നിമിഷ നൽകിയ മറുപടിയും ശ്രദ്ധനേടുകയാണ്.
'നിമിഷയുടെ ആവശ്യം ബിബി 5 ൽ കാണുന്നുണ്ട്' എന്നായിരുന്നു ഒരാൾ നിമിഷയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ചെയ്തത്. എന്നാൽ രസകരമായ ഒരു മറുപടിയാണ് നിമിഷ അതിന് നൽകിയത്. 'ഓഹ്.. ഇനി അതിന്റെ കൂടെ കുറവേ ഉള്ളു.. ഒരെണ്ണത്തിന് പോയതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല' എന്നായിരുന്നു നിമിഷയുടെ മറുപടി. നിമിഷ തന്നെയാണ് മെസ്സേജും തന്റെ മറുപടിയും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചത്.
നേരത്തെ സീസൺ ആരംഭിച്ച സമയത്ത് സിക്‌സ് പാക്ക് ഉള്ളവർ ഉണ്ടെന്ന് ഒരാൾ പറഞ്ഞപ്പോൾ തമാശയായി 'സീസൺ മാറി പോയി മക്കളെ' എന്ന് നിമിഷ പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിന്റെ ആദ്യത്തിൽ ഷോയിൽ ഓളമുണ്ടാക്കിയ മത്സരാർഥികളിൽ ഒരാളായിരുന്നു നിമിഷ. രണ്ടാമത്തെ ആഴ്ച എവിക്ട് ചെയ്യപ്പെട്ടെങ്കിലും മൂന്ന് ദിവസം സീക്രട്ട് റൂമിൽ മറ്റു മത്സരാർത്ഥികളെ കണ്ട് കഴിഞ്ഞ ശേഷം നിമിഷ വീണ്ടും തിരിച്ചെത്തുകയായിരുന്നു. അതുവരെ കണ്ട നിമിഷ ആയിരുന്നില്ല പിന്നീട് ബിഗ് ബോസിൽ.

എന്നാൽ 50 ദിവസത്തോളം മാത്രമാണ് നിമിഷയ്ക്ക് വീട്ടിൽ തുടരാനായത് എങ്കിലും അതിനിടെ ഒരാഴ്ച ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റനുൾപ്പടെ ആയിട്ടാണ് നിമിഷ മടങ്ങിയത്. എൽഎൽബി വിദ്യാർത്ഥി കൂടി ആയിരുന്ന നിമിഷ വീടിനുള്ളിലെ പ്രശ്‍നങ്ങളിൽ ഇടപെടുകയും കൃത്യമായ അഭിപ്രായങ്ങൾ പറഞ്ഞ് കയ്യടി നേടുകയും ചെയ്തിരുന്നു. ഈ സീസണിൽ ബിഗ് ബോസ് മിസ് ചെയ്യുന്നത് അത്തരം മത്സരാർത്ഥികളെ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഇത്തവണ 18 മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. സോഷ്യൽ മീഡിയ താരങ്ങളും സീരിയൽ താരങ്ങളുമാണ് ഇത്തവണ ഏറെയും. എങ്കിലും കൂടുതൽ പേരും പ്രേക്ഷകർക്ക് മുൻപ് അത്ര പരിചിതർ അല്ലാത്തവരാണ്. എന്നാൽ മിക്ക മത്സരാർത്ഥികളും മുൻ സീസണുകൾ കണ്ട് അരച്ച് കലക്കി കുടിച്ചാണ് എത്തിയിരിക്കുന്നത്. അത് അവരുടെ പ്രകടനങ്ങളെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. നല്ലൊരു വൈൽഡ് കാർഡ് വേണ്ടി വരും ഷോയെ രക്ഷിക്കാൻ എന്ന അഭിപ്രായവും ചിലർക്കുണ്ട്.


Click it and Unblock the Notifications











