'അഖിലുമായി ഫൈറ്റ് ചെയ്യാൻ താൽപര്യം ഉണ്ടായിരുന്നില്ല, ഒഴിവാക്കി വിട്ടതാണ്'; കാരണം പറഞ്ഞ് ഒമർ ലുലു
ബിഗ് ബോസ് മലയാളം സീസൺ 5 ൽ മറ്റൊരു എവിക്ഷൻ കൂടി നടന്നിരിക്കുകയാണ്. ബിഗ് ബോസിലേക്ക് രണ്ടാമത്തെ വൈൽഡ് കാർഡ് ആയിട്ട് എത്തിയ സംവിധായകൻ ഒമർ ലുലു ആണ് പ്രേക്ഷകരുടെ വിധി പ്രകാരം പുറത്തായിരിക്കുന്നത്. മൂന്നാഴ്ച പിന്നിട്ട ശേഷമാണു ഒമർ ലുലു ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. തുടക്കത്തിൽ വ്യക്തമായ പ്ലാനോട് കൂടി എത്തിയിരിക്കുന്ന മത്സരാർത്ഥി എന്ന ഫീലാണ് ഒമർ ലുലു പ്രേക്ഷകർക്ക് സമ്മാനിച്ചത്.
വന്ന രണ്ടാം ദിനം തന്നെ ജുനൈസ്, സാഗർ എന്നിവർക്കൊപ്പം ചേർന്ന് മാരാരിനെ പൊളിക്കണം എന്ന രീതിയിൽ ഒരു പ്ലാൻ ഒമർ ലുലു ഇടുന്നത് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ എല്ലാവരുമായി നല്ല സൗഹൃദം പുലർത്തി പോകുന്ന ഒമറിനെയാണ് പിന്നീട് വീട്ടിൽ കണ്ടത്. പിന്നീട് ഒമർ മത്സരത്തിലേക്ക് വരുന്നു എന്ന സൂചന നൽകിയത് കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിലൂടെയാണ്. ഒമറിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ഒമർ ലുലുവിന്റെ ആദ്യ പ്രതികരണം ശ്രദ്ധനേടുകയാണ്. അഖിലുമായി വഴക്കിടാതിരുന്നതിനെ കുറിച്ചൊക്കെ ഒമർ ലുലു സംസാരിക്കുന്നുണ്ട്.
'ഒരിക്കൽ അഖിൽ എന്നെ മോശമായി പറഞ്ഞു. അപ്പോൾ ഞാൻ ഒന്ന് ആലോചിച്ചു, ഞാനും കൂടി അവിടെ തല്ലുണ്ടാക്കിയിട്ട് എന്ത് കാര്യം. അവിടെ നിന്ന് പോരണമെന്ന് എനിക്ക് ഉണ്ടായിരുന്നു. നിൽക്കാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. പോണത് വരെ പോട്ടെയെന്ന് കരുതി ഞാൻ അത് ഒഴിവാക്കിയത് ആണ്. കാരണം രണ്ടു കയ്യ് കൂട്ടിയടിച്ചാൽ അല്ലേ ശബ്ദമുണ്ടാകൂ. നമ്മൾ അത് മിണ്ടാതെ സഹിച്ചു വിട്ടതാണ്', എന്നാണ് ഒമർ ലുലു പറഞ്ഞത്.
അവിടെയുള്ള ഒരു സൗഹൃദങ്ങളും സത്യമാണെന്ന് തോന്നുന്നില്ലെന്നും ഒമർ ലുലു പറഞ്ഞു. അഞ്ജൂസ്, സെറീന, റെനീഷ ഗ്യാങ്ങിൽ സെറീനയും റെനീഷയും തമ്മിലുള്ള സൗഹൃദം മാത്രമാണ് ഡെപ്ത് ഉള്ളതായി തോന്നിയിട്ടുള്ളത്. അഖിലിന്റെ ഗ്യാങ്ങിൽ ഉള്ളവർ എല്ലാം നിലനിൽപ്പിന് വേണ്ടി നിൽക്കുന്നത് ആണെന്നാണ് തോന്നിയിട്ടുള്ളതെന്നും ഒമർ ലുലു പറഞ്ഞു.
തനിക്ക് അവിടെ സുഹൃത്തുക്കളായി ആരെയും തോന്നിയില്ലെന്നും ഒമർ ലുലു പറഞ്ഞു. 'അവിടെ എല്ലാവരും ജയിക്കാനായി വന്നിരിക്കുന്നത് ആണ്. അവിടെ യഥാർത്ഥ സൗഹൃദങ്ങൾ ഒന്നുമില്ല. ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്നാണ് പേരെങ്കിലും അവിടെ ബാറ്റിൽ ഓഫ് ഫേക്കാണ് നടക്കുന്നത്.
'അവിടത്തെ ഏറ്റവും നല്ല ഫേക്കിനാകും കപ്പ് കിട്ടുക. അവിടെ വെച്ച് തന്നെ ഞാൻ അത് പറഞ്ഞത്. അവിടെ എനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഗെയിം കളിക്കുന്നതായി തോന്നിയത് വിഷ്ണുവിനെയാണ്. വിഷ്ണു കളി പഠിച്ച് വന്നിട്ട് നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്. പിന്നെ എനിക്ക് അവിടെ ആരെയും വലിയ ഗെയിമറായി തോന്നിയില്ല',

'അഖിൽ മാരാർ കുറെ സംസാരിക്കും എന്നല്ലാതെ ഗെയിമർ ആയി തോന്നിയില്ല. പിന്നെ ശോഭയാണ്. ശോഭയുടെ എന്ത് ചെയ്തിട്ടാണെങ്കിലും ആ കപ്പ് വേണം എന്നുള്ള തോന്നലൊക്കെ കാണുമ്പോൾ പാവം തോന്നാറുണ്ട്. അങ്ങനെ അവർ ഹാർഡ് വർക്ക് ചെയ്ത് നിൽക്കുന്നത് കാണുമ്പോൾ അവർക്ക് കിട്ടിക്കോട്ടെ എന്നൊരു തോന്നൽ എനിക്ക് ഉണ്ടായിരുന്നു. ഞാൻ അത്ര ഹാർഡ് വർക്ക് ചെയ്യുന്ന ആളല്ല,' ഒമർ ലുലു പറഞ്ഞു.
വിഷ്‌ണു, ജുനൈസ്, അഖിൽ, ശോഭ, സെറീന അല്ലെങ്കിൽ റെനീഷ ആണ് ടോപ് 5 ൽ എത്തുമെന്ന് താൻ കരുതുന്ന മത്സരാർത്ഥികളെന്നും ഒമർ ലുലു പറഞ്ഞു. അതേസമയം, ബിഗ് ബോസിലെ ഒമർ ലുലുവിനെ ഇഷ്ടമായി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. നിങ്ങൾ ഇങ്ങനെ ഒരു വ്യക്തിയാണെന്ന് കരുതിയിരുന്നില്ല എന്ന തരത്തിലുള്ള കമന്റുകളൊക്കെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.


Click it and Unblock the Notifications