'ശ്രുതിയും റിനോഷും തമ്മിൽ കസിൻ ബ്രദർ - സിസ്റ്റർ റിലേഷൻ; ഇല്ലാത്ത അർത്ഥം കണ്ടുപിടിക്കുന്നവരോട് പുച്ഛം മാത്രം'
ബിഗ് ബോസ് മലയാളം സീസൺ 5 ഏഴാമത്തെ ആഴ്ചയിലേക്ക് എത്തി നിൽക്കുമ്പോൾ മത്സരാർത്ഥികൾക്കിടയിൽ നല്ല സൗഹൃദങ്ങളും രൂപപെട്ടിട്ടുണ്ട്. ചില ഗ്രൂപ്പുകളും വീടിനുള്ളിൽ കാണാൻ കഴിയും. പലപ്പോഴും ബിഗ് ബോസ് വീട്ടിലെ നിലനിൽപിനും മുന്നോട്ട് പോക്കിനുമൊക്കെ സഹായിക്കുന്നതാണ് ചില സൗഹൃദങ്ങളും ഗ്രൂപ്പുകളുമൊക്കെ. അതുകൊണ്ട് തന്നെ സ്ട്രാറ്റജികളുടെ ഭാഗമായി രൂപപെടുന്ന സൗഹൃദങ്ങളും ഉണ്ടാകാറുണ്ട് എന്നതാണ് സത്യം.
ഇത്തവണ ബിഗ് ബോസ് വീടിനുള്ളിൽ ഉണ്ടായിട്ടുള്ള സൗഹൃദങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയിട്ടുള്ള ഒന്നാണ് ശ്രുതി, റിനോഷ്, മിഥുൻ എന്നിവരുടേത്. ഇതിൽ തന്നെ ഏറ്റവും ഹൈലൈറ്റ് ആയി നിൽക്കുന്നതാണ് ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദം. ആദ്യ ആഴ്ച മുതൽ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ഇരുവരും. അടുത്ത സുഹൃത്തുക്കൾ എന്നതിന് പുറമെ തനിക്ക് റിനോഷ് ഒരു സഹോദരനെ പോലെ ആണെന്നാണ് ശ്രുതി പലപ്പോഴും പറഞ്ഞിട്ടുള്ളത്.

ബിഗ് ബോസ് സീസൺ 5 ലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി സംവിധായകൻ ഒമർ ലുലു വീട്ടിൽ പ്രവേശിച്ച ദിവസം റിനോഷ് പുറത്തായി എന്ന് റെനീഷ വെറുതെ പറഞ്ഞ സമയം ശ്രുതി പൊട്ടിക്കരഞ്ഞതൊക്കെ പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ബിഗ് ബോസ് വീട്ടിലെ ഏറ്റവും നല്ല സൗഹൃദം എന്ന പേരിലാണ് അതിന്റെ വീഡിയോകൾ പ്രചരിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകൾക്കിടെ ഇവരുടെ സൗഹൃദത്തെ തെറ്റായി വ്യാഖാനിച്ചു കൊണ്ട് ഒരു കൂട്ടം പ്രേക്ഷകർ രംഗത്ത് എത്തുന്നുണ്ട്.
പരസ്‌പരം കെട്ടി പിടിക്കുന്നതും ചേർന്നിരിക്കുന്നതുമൊക്കെ തെറ്റായി കാണിച്ചു കൊണ്ടാണ് ചിലരുടെ കമന്റുകൾ. വിവാഹിതയായ ശ്രുതി ചെയ്യുന്നത് തെറ്റാണ് എന്ന രീതിയിലുള്ള അഭിപ്രായങ്ങളുമായാണ് ചിലർ രംഗത്ത് എത്തുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിനിടെ ഒരവസരത്തിൽ ശ്രുതി റിനോഷിന്റെ കവിളിൽ ചുംബിച്ചതിന്റെ സ്ക്രീൻഷോട്ടുകളും മറ്റുമായാണ് ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്.
ഇപ്പോഴിതാ, ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായ ഒമർ ലുലു സോഷ്യൽ മീഡിയയിലൂടെയാണ് ഇവരുടെ സൗഹൃദത്തെ കുറിച്ച് പറഞ്ഞ് കുറിപ്പ് പങ്കിട്ടത്. ശ്രുതിയും റിനോഷും തമ്മിലുള്ളത് സഹോദര ബന്ധമാണെന്നും അതിന് മറ്റൊരു അർത്ഥം കൊടുക്കുന്നവരോട് പുച്ഛം മാത്രമാണെന്നുമാണ് ഒമർ ലുലു പറഞ്ഞത്. ഒമർ ലുലുവിന്റെ ഫേസ്ബൂക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു;
'ശ്രുതിയും റിനോഷും നല്ല സുഹൃത്തുക്കൾ ആണ്, കസ്സിൻ ബ്രദർ സിസ്റ്റർ റിലേഷൻ ആണ് ബിഗ്ബോസ്സ് ഹൗസിൽ എനിക്ക് ഫീൽ ചെയ്തത്. അവർ തമ്മിൽ ഉളള ബന്ധത്തിൽ ഇല്ലാത്ത അർത്ഥം കണ്ടു പിടിക്കുന്നവരോട് പുച്ഛം മാത്രം,' അദ്ദേഹം കുറിച്ചു. നേരത്തെ നടൻ മനോജ് കുമാർ അടക്കം ഇവരുടെ ബന്ധത്തെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ വീട്ടിൽ നിന്ന് ഇതുവരെ പുറത്തിറങ്ങിയ മത്സരാർത്ഥികളൊക്കെ ഇവർക്കിടയിൽ സഹോദര ബന്ധം തന്നെയാണെന്നാണ് പറഞ്ഞത്.

അതിനിടെ മറ്റൊരു അഭിമുഖത്തിൽ റിനോഷിന്റെ സുഹൃത്ത് ഈ പ്രചാരണങ്ങൾക്കെതിരെ സംസാരിക്കുകയുണ്ടായി. ശ്രുതിയുമായിട്ടുള്ളത് നല്ല സൗഹൃദം മാത്രമാണ്. അത് കാണുമ്പോൾ തന്നെ അറിയാൻ പറ്റും. ഞാൻ ചില കമന്റുകളൊക്കെ കണ്ടു ശ്രുതിയുടെ കല്യാണം കഴിഞ്ഞതല്ലേ. ഇങ്ങനെയൊക്കെ ചെയ്യാമോ എന്നൊക്കെ.
അതൊക്കെ മലയാളികളുടെ സദാചാരബോധം എന്നല്ലാതെ ഒന്നും പറയാനില്ല. ഒരു ആണും പെണ്ണും വർത്തമാനം പറയുമ്പോൾ തന്നെ, അല്ലെങ്കിൽ അവർ ഒന്ന് കെട്ടിപിടിച്ചെന്ന് കരുതി അന്നേരം തന്നെ അവർ ലവ് ആണെന്ന് അല്ല അതിനർത്ഥം,; എന്നായിരുന്നു സുഹൃത്ത് പ്രതികരിച്ചത്.


Click it and Unblock the Notifications