തള്ളൊക്കെ ആകാം, ഇത് ആളുകളെ പൊട്ടനാക്കുന്ന പരിപാടി; മിഥുന്റെ ആരാധകന് ഒമറിന്റെ മറുപടി
ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. ഓരോ സീസണ്‍ കഴിയുന്തോറും ബിഗ് ബോസിന്റെ സ്വീകാര്യത കൂടി വരികയാണ്. ബിഗ് ബോസിലെ അടിയും വഴക്കും ചങ്ങാത്തവും പ്രണയവുമൊക്കെ ഇന്ന് മലയാളികളുടെ തീന്‍മേശയിലെ ചര്‍ച്ചാ വിഷയങ്ങളാണ്. ബിഗ് ബോസ് വീട്ടില്‍ എന്ത് നടന്നാലും അത് നാട്ടില്‍ ചര്‍ച്ചയാകും. നാടകീയതയ്ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇടമായ ബിഗ് ബോസില്‍ കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറുന്നത് അവിശ്വസനീമായ രംഗങ്ങളാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം ബിഗ് ബോസ് താരം അനിയന്‍ മിഥുനാണ്. ടാസ്‌കിനിടെ പറഞ്ഞ തന്റെ പ്രണയകഥയുടെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് അനിയന്‍ മിഥുന്‍. താന്‍ സന എന്നൊരു പട്ടാളക്കാരിയെ പ്രണയിച്ചിരുന്നു. പഞ്ചാബുകാരിയായ അവളെ കാണാനായി മിലിറ്ററി ക്യാമ്പില്‍ പോയിട്ടുണ്ട്. പക്ഷെ പ്രണയം തുറന്ന് പറയാന്‍ സാധിച്ചില്ല. അതിന് മുമ്പ് അവള്‍ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു എന്നാണ് മിഥുന്‍ പറഞ്ഞത്.

എന്നാല്‍ മിഥുന്‍ നുണ പറഞ്ഞതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ സജീവമായതോടെ സൈനികര്‍ തന്നെ മിഥുനെതിരെ രംഗത്തെത്തി. മിഥുന്‍ പറഞ്ഞ വിങ്ങില്‍ സ്ത്രീകള്‍ ഇല്ലെന്നും മിഥുന്‍ പറഞ്ഞത് പോലൊരു വനിതാ ഓഫീസര്‍ ബാറ്റില്‍ഫീല്‍ഡില്‍ കൊല്ലപ്പെട്ടിട്ടില്ല, സന എന്ന പേരിലൊരു ആര്‍മി ഓഫീസര്‍ തന്നെ ഇല്ലെന്നും സൈനികരും സോഷ്യല്‍ മീഡിയയും ആരോപിച്ചു.
കഴിഞ്ഞ ദിവസം മേജര്‍ രവിയും മിഥുനെതിരെ രംഗത്തെത്തി. മിഥുന്‍ പറഞ്ഞത് നുണയാണ്. മിഥുന് മാനസിക പ്രശ്‌നമാണെന്നും അങ്ങനൊരു സ്ത്രീ ഇല്ലെന്നും മേജര്‍ രവി തുറന്നടിച്ചു. പിന്നാലെ മോഹന്‍ലാലും മിഥുനെതിരെ രംഗത്തെത്തി. വീക്കെന്‍ഡ് എപ്പിസോഡില്‍ മിഥുനെ നിര്‍ത്തി പൊരിക്കുകയായിരുന്നു മോഹന്‍ലാല്‍. മിഥുന്‍ കള്ളം പറയുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ മിഥുന്‍ കുഴഞ്ഞു വീണു. തീര്‍ത്തും നാടകീയമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.
അകത്തും പുറത്തും താന്‍ സംശയത്തിന്റെ നിഴലിലാണെന്ന് വ്യക്തമായതോടെ ഇന്നലെ മിഥുന്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് നുണയല്ലെന്ന് തന്നെ ഉറച്ചു നില്‍ക്കുകയാണ് അനിയന്‍ മിഥുന്‍. ഇപ്പോഴിതാ സീസണ്‍ 5 ലെ മുന്‍ മത്സരാര്‍ത്ഥിയും സംവിധായകനുമായ ഒമര്‍ ലുലുവും മിഥുനെ പരിഹസിച്ച് രംഗത്തെത്തുകയാണ്. മിഥുനെക്കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം.

വുഷുവിന് വിഷു. പണിപാളി, കഥ കഴിഞ്ഞു എന്നാണ് ഒമര്‍ ലുലു കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. ഇതിനിടെ ഒരാള്‍ ഒമര്‍ ലുലുവിനെ വിമര്‍ശിക്കാനുമെത്തി. സാമ്പത്തികമായും സാമുദായികമായും ഒരു പാട് കഷ്ടതകള്‍ താണ്ടിയാണ് മിഥുന്‍ ഇതുവരെ എത്തിയത്. താങ്കളെപ്പോലെ ഉള്ളവര്‍ പിടിച്ചു ഉയര്‍ത്തിയില്ലെങ്കിലും അടിച്ചു താക്കെതെയിരിക്കാം എന്നായിരുന്നു വിമര്‍ശനം. ഇയാള്‍ക്ക് ഒമര്‍ ലുലു മറുപടിയും നല്‍കി. ചെറിയ തള്ള് ഒക്കെ ആവാം ഇത് ഒരുമാതിരി ആളുകളെ പൊട്ടന്‍ ആക്കുന്ന പരിപാടി ആയിപ്പോയെന്നാണ് ഒമര്‍ ലുലു നല്‍കിയ മറുപടി.
ഒമര്‍ ലുലുവിന്റെ പോസ്റ്റിന് വൈറലായി മാറുകയാണ്. നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്. ചിലര്‍ നേരത്തെ പുറത്തായതിന്റെ അസൂയയാണെന്ന് പറയുന്നു. ഒമര്‍ ലുലുവിനോട് മിഥുന്റെ കൂടെക്കൂടിക്കോ അടുത്ത സിനിമയ്ക്കുള്ള കഥ റെഡിയാണെന്ന് പറയുന്നവരുമുണ്ട്. അതേസമയം തന്റെ കഥയുടെ പേരില്‍ മിഥുന് എന്തൊക്കെ തിരിച്ചടിയാകും അകത്തും പുറത്തും നേരിടേണ്ടി വരിക, മിഥുന്‍ പറഞ്ഞതില്‍ വസ്തുത ഉണ്ടോ എന്നൊക്കെ അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications