അവർ ഗെയിമിൽ ചാർജാവും, അത് കഴിഞ്ഞാൽ ചാർജ് പോയ ബാറ്ററി പോലെ! ബോറടിച്ചിരുന്നു; മത്സരാർത്ഥികളെപ്പറ്റി രജിത് കുമാർ
ബിഗ് ബോസ് സീസൺ 5 ലെ ഏറ്റവും സംഭവബഹുലമായ വാരമായിരുന്നു കഴിഞ്ഞു പോയത്. മുൻ സീസണുകളിലെ ശ്രദ്ധേയ മത്സരാർത്ഥികളായിരുന്ന രജിത് കുമാറിന്റെയും റോബിൻ രാധാകൃഷ്ണന്റെയും ചലഞ്ചേഴ്‌സായുള്ള വരവോടെ നിരവധി നാടകീയ സംഭവങ്ങളാണ് വീടിനുള്ളിൽ അരങ്ങേറിയത്. വീക്കിലി ടാസ്കിന്റെ ഭാഗമായി ഏതാനും ദിവസത്തേക്കാണ് ഇരുവരെയും ഹൗസിലേക്ക് കൊണ്ടുവന്നത്. ബിഗ് ബോസിലെ ഐക്കോണിക് ടാസ്‌കായ ഹോട്ടൽ ടാസ്കിൽ ഗസ്റ്റായിരുന്നു ഇരുവരും.
ഷോ കൂടുതൽ ആവേശകരമാകാൻ ഇവരുടെ അപ്രതീക്ഷിത എൻട്രി കൊണ്ട് സാധിച്ചിരുന്നു. അതിഥികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ തങ്ങളുടെ ഗെയിം മാറ്റി കളിക്കുന്ന മത്സരാർത്ഥികളെ ആയിരുന്നു വീടിനുള്ളിൽ കണ്ടത്. പലരും ഉണർന്ന് കളിക്കാനൊക്കെ ആരംഭിച്ചു. അതിഥികളായി എത്തിയ രണ്ടു പേരിൽ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത് രജിത് കുമാർ ആയിരുന്നു. ആദ്യം മുതൽ എല്ലാവരെയും റാഗ് ചെയ്യുന്ന രീതിയിൽ ആയിരുന്നു രജിത്തിന്റെ പെരുമാറ്റം.

ഗെയിമിൽ അലസത കാണിക്കുന്നവർക്ക് അത് ചൂണ്ടിക്കാട്ടി കൊടുക്കുകയും പലരും മത്സരത്തിന്റെ തീ ഇടാനും രജിത് കുമാറിന് കഴിഞ്ഞു. ഇപ്പോഴിതാ, ബിഗ് ബോസിലേക്ക് താൻ പോകുന്നത്തിന് മുൻപ് അവിടുത്തെ മത്സരാർത്ഥികളുടെ പ്രകടനത്തെ കുറിച്ച് തനിക്കുണ്ടായിരുന്ന അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് രജിത് കുമാർ. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് രജിത്തിന്റെ പ്രതികരണം. ഷോയുടെ റേറ്റിങ് കൂട്ടാൻ വേണ്ടിയല്ല തങ്ങളെ അതിഥികളായി വിളിച്ചതെന്നും. നിലവിൽ മികച്ച റേറ്റിങ്ങിലാണ് ഷോ പോകുന്നതെന്നും രജിത് കുമാർ പറയുന്നുണ്ട്.
'ഞാൻ സിനിമയുമായി ബന്ധപ്പെട്ട കുറച്ചു തിരക്കുകളിലായിരുന്നു. അതിൽ സംവിധാനവും എല്ലാം വരുന്നത് കൊണ്ട് പലപ്പോഴും കാണാൻ കഴിയാറില്ല. ലൈവ് കാണണം എന്നായിരുന്നു എന്റെ ആഗ്രഹം. ഇടയ്ക്ക് ഒരു ബ്രേക്ക് ടൈം കിട്ടിയപ്പോൾ ഞാൻ ഹോട്ട്സ്റ്റാറിൽ ലൈവ് കണ്ടിരുന്നു. എനിക്ക് സത്യം പറഞ്ഞാൽ ഉറങ്ങാനാണ് തോന്നിയത്. ഉറക്കം വന്നു എന്നതാണ് സത്യം. പിന്നീട് രാത്രി എഡിറ്റഡ് എപ്പിസോഡ് കാണാമെന്ന് കരുതി മാറ്റി',
'അങ്ങനെ എന്നെ ബോറടിപ്പിച്ച വളരെ ഡള്ളായ പെർഫോമൻസ് ആയിരുന്നു. തുടക്കത്തിൽ ഭയങ്കര ഇന്റർസ്റ്റിംഗ് ആയിരുന്നു എന്നാൽ പിന്നീട് ഒരു മൂന്ന് നാല് ഗ്രൂപ്പുകളും അവരുടെ പ്ലാനിങ്ങും ഒക്കെ ആയിട്ട് വന്നപ്പോൾ എനിക്ക് ബോറടിച്ചു തുടങ്ങി. പിന്നീട് ഞാൻ രാത്രികളിലും മിസ് ചെയ്താൽ പിറ്റേ ദിവസവും ഒക്കെ ആയിട്ടാണ് ഹോട്ട്സ്റ്റാറിലെ എഡിറ്റഡ് വേർഷൻ കണ്ടുകൊണ്ട് ഇരുന്നത്. കഴിഞ്ഞ നാല് സീസൺ വെച്ച് നോക്കുമ്പോൾ മത്സരാർത്ഥികൾക്കിടയിൽ ഒരു സ്പാർക്കോ സ്പിരിറ്റോ കാണാനില്ല',
'ഗെയിമിൽ നന്നായിട്ട് വരുമെങ്കിലും അത് കഴിഞ്ഞ് പിന്നീട് ഗ്യാസ് ഇല്ലാതെ പോകുന്ന അവസ്ഥയാണ്. മിക്കപ്പോഴും ഗെയിമല്ലേ, ഗെയിമല്ലേ എന്ന് പറഞ്ഞ് അവർ ഗെയിമിൽ ചാർജാവും. പിന്നീട് ചാർജ് പോയ ബാറ്ററി പോലെ ഡൗണായി ഇരിക്കുന്നതാണ് കണ്ടിട്ടുള്ളത്. അപ്പോൾ എനിക്ക് ബോറടിച്ചിരുന്നു', എന്ന് രജിത് കുമാർ പറയുന്നു.

റേറ്റിങ് കൂട്ടാൻ വേണ്ടിയല്ല തങ്ങളെ കൊണ്ടുപോയതെന്നും രജിത് കുമാർ അഭിമുഖത്തിൽ പറയുന്നുണ്ട്. വലിയ റെറ്റിങ്ങോട് കൂടി പോകുന്ന കേരളത്തിലെ നമ്പർ വൺ ചാനലാണ് ഏഷ്യാനെറ്റ്. എല്ലാവർക്കും അത് അറിയുന്നതാണ്. അതിലെ നമ്പർ വൺ പ്രോഗ്രാമാണ് ലാലേട്ടൻ അവതാരകനായത ബിഗ് ബോസ്. അതിന്റെ റേറ്റിങ് കൂട്ടാൻ നമ്മുടെ ആരുടേയും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഷോയുടെ ടിആർപിയെ ഒന്നും ബാധിച്ചിട്ടില്ല. ഷോയിലെ മത്സരാർത്ഥികൾ ഗെയിമുകൾക്ക് പുറത്ത് ഒരു മത്സരബുദ്ധി കാണിക്കാത്തത് ആണ് അവിടെ സംഭവിക്കുന്നത്. അവർ അതിന് ശേഷം ഗ്രൂപ്പായും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സൗഹൃദത്തോടെ നടക്കുകയാണ്. തന്നെ വിളിച്ചത് കഴിഞ്ഞ രണ്ടു മൂന്ന് സീസണുകളിലായി പ്രേക്ഷകർ നടത്തുന്ന അഭ്യർത്ഥന പ്രകാരമാകും. അല്ലാതെ മറ്റു ലക്ഷ്യങ്ങൾ ഒന്നും തന്നല്ല തങ്ങളെ ഉള്ളിലേക്ക് അയച്ചതെന്നും രജിത് കുമാർ പറഞ്ഞു.


Click it and Unblock the Notifications