ഇത്തവണ ബിഗ് ബോസ് നേരത്തെ ടാസ്ക് കൊടുത്ത് തുടങ്ങി; താൻ ബിഗ് ബോസിൽ എത്തിയത് അങ്ങനെയെന്ന് ഫെജോ!, വീഡിയോ
ബിഗ് ബോസ് മലയാളം സീസൺ 5 പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. ഇത്തവണ ഷോയിൽ എത്തുന്ന മത്സരാർത്ഥികൾ ആരെല്ലാമായിരിക്കും എന്നറിയാനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഓരോ സീസൺ കഴിയുമ്പോഴും ബിഗ് ബോസിനുള്ള ജനപ്രീതി വർധിച്ച് കൊണ്ടിരിക്കുകയാണ്.
സംഭവ ബഹുലമായിരുന്നു കഴിഞ്ഞ സീസൺ. ഒരു വർഷം ആയിട്ടും ഇന്നും ആ സീസണിനെ കുറിച്ചും അതിലെ മത്സരാർത്ഥികളെ ചുറ്റിപ്പറ്റിയുമുള്ള വാർത്തകൾ നിറഞ്ഞു നിൽക്കുകയാണ്. അതിനിടയിലാണ് പുതിയ സീസണും ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രേതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ബാറ്റിൽ ഓഫ് ദി ഒറിജിനൽസ് എന്നാണ് ഇത്തവണത്തെ തീം. 100 ദിവസം കളിച്ച് വിജയം കിരീടം ചൂടാൻ ആഗ്രഹിച്ച് എത്തുന്നത് ആരെല്ലാമാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

പ്രെഡിക്ഷൻ ലിസ്റ്റിലൂടെയും മറ്റുമായി നിരവധി പേരുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ സാധ്യത പറഞ്ഞിരുന്ന താരങ്ങൾ പലരും അവസാന നിമിഷം ഷോയിൽ ഇല്ലെന്ന് വാർത്തകളും വരുന്നുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ബിഗ് ബോസ് തന്നെ മത്സരാർത്ഥികളെ കുറിച്ചുള്ള ചില സൂചനകൾ പുറത്തു വിട്ടിരുന്നു. പ്രോമോ വീഡിയോയിൽ പറഞ്ഞ സൂചനകൾ വെച്ച് പ്രേക്ഷകർ സാധ്യത കണ്ട ഒരാളായിരുന്നു റാപ്പർ ഫെജോ.
ഗായകനും മ്യൂസിക് കമ്പോസറും നടനുമൊക്കെയായ ഒരു സകലകാല വല്ലഭൻ ഷോയിൽ ഉണ്ടെന്ന മോഹൻലാലിന്റെ പ്രോമോയ്ക്ക് പിന്നാലെ ആയിരുന്നു ഫെജോയുടെ പേരുകൾ ചർച്ച ചെയ്യപ്പെട്ടത്. റാപ്പറായ ഫെജോ കമ്പോസറായെല്ലാം പേരെടുത്തിട്ടുണ്ട്. ആറാട്ട് ഉൾപ്പടെയുള്ള സിനിമകളിലും പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പേര് ചർച്ച ചെയ്യപ്പെടുന്നതിനിടെ മുംബൈയിലേക്ക് യാത്ര ചെയ്യുന്നു എന്നറിയിച്ചു കൊണ്ട് ഫെജോയുടെ ഒരു പോസ്റ്റും വന്നിരുന്നു.
ഇതോടെ അത് ഫെജോയാണെന്ന് ഏറെ കുറെ പ്രേക്ഷകർ ഉറപ്പിച്ചു, എന്നാൽ പിന്നീട് ഫെജോ പരിപാടിക്കായി പോയതാണ് എന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇപ്പോഴിതാ, എല്ലാ സംശയങ്ങൾക്കുമുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഫെജോ. താൻ വന്നത് മുംബൈയിലേക്ക് തന്നെ ആണെന്നും ബിഗ് ബോസിലേക്ക് തന്നെയാണെന്നും പറഞ്ഞാണ് ഫെജോ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ മത്സരിക്കാനല്ല. തീം സോങ് തയ്യാറാക്കാനും അത് പെർഫോം ചെയ്യാനുമാണെന്ന് താരം പറഞ്ഞു.
'എല്ലാവർക്കും നമസ്‌കാരം. കുറച്ചധികം ചോദ്യങ്ങൾ നമ്മുക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഒരു ചോദ്യം മുംബൈയിൽ ഉണ്ടോ എന്നാണ്. ഉണ്ട്. രണ്ടാമത്തെ ചോദ്യം ബിഗ് ബോസിൽ ഉണ്ടോ എന്നതാണ്. ബിഗ് ബോസിലും ഉണ്ട്. ഇത്തവണ ഗെയിം തുടങ്ങുന്നതിന് മുന്നേ ബിഗ് ബോസ് ഗെയിം തുടങ്ങി. മത്സരാർത്ഥികളെ കുറിച്ചുള്ള ക്ലൂസും ഒപ്പം കൺഫ്യുഷൻസും നൽകുന്നുണ്ട്. ഗെയിം തുടങ്ങുന്നതിന് മുന്നേതന്നെ ടാസ്ക് കൊടുത്തു തുടങ്ങി,'

'കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് ഞങ്ങളെ വിളിക്കുന്നത്. ഒരു ടാസ്‌ക് കിട്ടിയിട്ടാണ് ഞങ്ങൾ മുംബൈയിലേക്ക് എത്തിയത്. കണ്ടസ്റ്റന്റ് അല്ല ഞങ്ങൾ. ഗസ്റ്റ് പെർഫോർമർ മാത്രമാണ്. ടാസ്ക് ഇതായിരുന്നു, കുറഞ്ഞ സമയത്തിനുള്ളിൽ ബാറ്റിൽ ഓഫ് ഒറിജിനൽ എന്ന തീമിൽ റാപ്പ് സോങ് ഒരുക്കാൻ ആയിരുന്നു. അത് ഞങ്ങൾ സ്വീകരിച്ചു. കമ്പോസിങ് പൂർത്തിയാക്കി. ഫേക്കന്മാർ വിളയാടുന്ന ലോകത്ത് എങ്ങനെ ഒറിജിനൽ ആയിരിക്കാം എന്ന തീമിലാണ് റാപ് ചെയ്തിരിക്കുന്നത്,'
'അതിന്റെ ഷൂട്ട് നടക്കുന്നുണ്ട്. മാർച്ച് 26 ന് ഓപ്പണിങ് എപ്പിസോഡിൽ ഞങ്ങൾ പെർഫോമൻസുമായി എത്തുന്നുണ്ട്. സ്‌ക്രീനിൽ കാണാം,' എന്ന് പറഞ്ഞാണ് ഫെജോ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫെജോയ്ക്ക് ഒപ്പം ബീറ്റ് ബോക്‌സറായ ആദർശും ഉണ്ട്. അതേസമയം, മോഹൻലാൽ പ്രൊമോയിൽ പറഞ്ഞ സകലകലാവല്ലഭൻ റിനോഷ് ജോർജ് ആണെന്നാണ് പുതിയ വിവരം. എന്തായാലും ആരൊക്കെയാണ് ഒറിജിനലായി നിന്ന് മത്സരിക്കാൻ എത്തുന്നതെന്ന് മണിക്കൂറുകൾക്കകം അറിയാം.


Click it and Unblock the Notifications











