അവിടെ ഇങ്ങനെയേ കളിക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ; റിനോഷിനെ വാഴ എന്ന് വിളിക്കുന്നവരോട് പറയാനുള്ളത്'; സുഹൃത്ത്
ബിഗ് ബോസ് മലയാളം സീസൺ 5 ലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് റിനോഷ് ജോർജ്. ബിഗ് ബോസിൽ ഇതുവരെ വന്നിട്ടുള്ള മത്സരാർത്ഥികളിൽ നിന്നൊക്കെ വ്യത്യസ്തനാണ് റിനോഷ്. സമാധാന പ്രിയനായ റിനോഷ് പൊതുവെ വഴക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നുമെല്ലാം മാറി നടക്കാറാണ് പതിവ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടാനും താൽപര്യം കാണിക്കാറില്ല.
ആദ്യ ദിവസങ്ങളിൽ റിനോഷിന്റെ ഈ മനോഭാവത്തിന് പ്രേക്ഷകർ കയ്യടിച്ചിരുന്നു. എന്നാൽ ഷോ അവസാന ആഴ്ചകളിലേക്ക് എത്തി നിൽക്കുമ്പോഴും റിനോഷ് ഇതേ രീതിയിൽ നിൽക്കുന്നതിനോട് ഒരുവിഭാഗം പ്രേക്ഷകർക്ക് എതിർപ്പുണ്ട്. റിനോഷിന് പറ്റിയ വേദിയല്ല ബിഗ് ബോസെന്നാണ് അവരുടെ അഭിപ്രായം. ഇത്തരത്തിൽ ഗെയിം കളിക്കുന്ന റിനോഷിന് തുടക്കം മുതൽ ലഭിക്കുന്ന ആരാധക പിന്തുണ പിആറാണെന്ന ആക്ഷേപവും പ്രേക്ഷകർക്കിടയിലുണ്ട്.

ഇപ്പോഴിതാ റിനോഷിനെതിരെ വരുന്ന അത്തരം കമന്റുകളോട് പ്രതികരിക്കുകയാണ് റിനോഷിന്റെ അടുത്ത സുഹൃത്തും മാനേജരുമായ അരോഷ്. റിനോഷ് നല്ല രീതിയിൽ തന്നെ ഗെയിം കളിക്കുന്നുണ്ട്. ബിഗ് ബോസിൽ ഇങ്ങനെയേ കളിക്കാവൂ എന്നൊന്നും ആരും എഴുതിവെച്ചിട്ടുണ്ടെന്ന് കരുതുന്നില്ല. പുള്ളി പുള്ളിയുടേതായ രീതിക്ക് കളിക്കുന്നുണ്ട്. വേണ്ട സ്ഥലങ്ങളിൽ പ്രതികരിക്കുന്നുണ്ട്. വേണ്ടാത്ത സ്ഥലങ്ങളിൽ ആൾ പ്രതികരിക്കുന്നില്ല. നല്ല രീതിയിലാണ് പോകുന്നതെന്ന് അരോഷ് പറയുന്നു. സിനിമ ദി ക്യൂ എന്ന ചാനലിനോടായിരുന്നു പ്രതികരണം.
റിനോഷ് ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്ന് പറയുന്നതിനോടും അരോഷ് പ്രതികരിച്ചു. "എന്താണ് പെർഫെക്റ്റ് ബിബി മെറ്റീരിയൽ. അതിന് എന്തെങ്കിലും ക്രൈറ്റീരിയകൾ ഉണ്ടെങ്കിൽ അറിയാൻ ആഗ്രഹമുണ്ട്. റിനോഷ് ബിഗ് ബോസ് വീട്ടിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് യഥാർത്ഥ ജീവിതത്തിലും. ആവശ്യമുള്ള ഇടങ്ങളിൽ സംസാരിക്കും. ആവശ്യമില്ലാത്ത ഇടങ്ങളിൽ സംസാരിക്കില്ല",
"എല്ലാവരോടും വളരെ കൂളായിട്ടാണ് നിൽക്കുന്നത്. പപ്പയെ പോലും ബ്രോ എന്നാണ് വിളിക്കുന്നത്. ഒരു ഗെറ്റ് ടുഗദർ ആണെങ്കിൽ അതിനൊരു വൈബ് ഉണ്ടാക്കിയെടുക്കണമെങ്കിൽ അതിൽ റിനോഷ് വേണം. പാട്ടും കാര്യങ്ങളുമൊക്കെയായി ആൾ അങ്ങനെ മുന്നിൽ നിൽക്കും. അത് തന്നെയാണ് അവിടെയും",
"ഇത്തവണത്തേത് ബാറ്റിൽ ഓഫ് ഒറിജിനൽസ് ആണ്. അവൻ ഒറിജിനൽ ആയി തന്നെയാണ് നിൽക്കുന്നത്. ഒന്ന് രണ്ടു സ്ഥലങ്ങളിൽ റിനോഷ് ചൂടായിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിൽ ആൾ റിയാക്റ്റ് ചെയ്തിട്ടുണ്ട്. അത് ഒറിജിനലായി നിൽക്കുന്നത് കൊണ്ടാണ്. റിനോഷ് അസഭ്യം പറഞ്ഞു എന്ന് പറയുന്നുണ്ട്. അതും സാധാരണ റിയാക്റ്റ് ചെയ്യുമ്പോൾ സംഭവിക്കുന്നതാണ്. ഇനി വരുന്ന മുപ്പത് ദിവസങ്ങളിലും ആവശ്യമുള്ള ഇടങ്ങളിൽ അവൻ പ്രതികരിക്കും", അരോഷ് പറഞ്ഞു.

റിനോഷിനെ വാഴ എന്ന് വിളിക്കുന്നതിനുള്ള മറുപടിയും അരോഷ് നൽകുന്നുണ്ട്. വാഴ എന്ന് വിളിക്കുന്നവരാണ് റിനോഷിന്റെ പിആർ. അങ്ങനെയെങ്കിലും പത്ത് പേർ അറിയുന്നുണ്ടല്ലോ. ബിഗ് ബോസ് ഹൗസിലെ യൂസ്ഫുൾ മെറ്റീരിയൽ തന്നെയാണ് അവൻ. പറയുന്നവർക്ക് എന്തും പറയാം.
കഴിഞ്ഞ ദിവസം തന്നെ ലാലേട്ടൻ ചിരിച്ച സംഭവം, ബിബിയുടെ ചരിത്രത്തിൽ തന്നെ അങ്ങനെയൊരു നിമിഷം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അതിനെ വരെ വളച്ചൊടിക്കുന്ന ആളുകൾ ഉണ്ട്. അതിനെ നെഗറ്റീവ് ആക്കുന്നവരോട് കൂടുതൽ നെഗറ്റീവുണ്ടാക്കൂ, അങ്ങനെ ഞങ്ങൾക്ക് കൂടുതൽ റീച് തരൂ എന്നെ പറയാനുള്ളുവെന്ന് അരോഷ് പറഞ്ഞു.


Click it and Unblock the Notifications