റിനോഷ് ഒരു മൈൻഡ് ഗെയിമർ? വീക്കിലി ടാസ്കിൽ ലാഭം അയാൾക്ക് തന്നെയല്ലേ!, സോഷ്യൽ മീഡിയയിൽ ചർച്ച
മലയാളം ടെലിവിഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം. അതിന്റെ ഏറ്റവും പുതിയ സീസണിന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തുടക്കമായത്. ആകെ 18 മത്സരാർത്ഥികളുമായാണ് ഷോ ആരംഭിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് സുപരിചിതരായവരും അല്ലാത്തവരുമെല്ലാം ഈ സീസണിൽ മത്സരാർത്ഥികളായുണ്ട്. കൂട്ടത്തിൽ ഒരാൾ പ്രേക്ഷക പ്രതിനിധിയുമാണ്. ബിഗ് ബോസ് മലയാളത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു കോമണർ മത്സരാർഥി എത്തുന്നത്.
മൂവാറ്റുപുഴ സ്വദേശി ഗോപിക ഗോപിയാണ് കോമണർ മത്സരാർഥിയായി എത്തിയിരിക്കുന്നത്. അങ്ങനെ കഴിഞ്ഞ സീസണിൽ നിന്നൊക്കെ വളരെ വ്യത്യസ്‍തമായാണ് പുതിയ സീസൺ ആരംഭിച്ചിരിക്കുന്നത്. മറ്റു സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഈ സീസൺ ആദ്യം തന്നെ പ്രേക്ഷകരിൽ ആകാംഷയുണ്ടാക്കിയിട്ടുണ്ട്. കേവലം നാല് എപ്പിസോഡുകൾ പിന്നിടുമ്പോൾ തന്നെ ഓരോ മത്സരാർത്ഥിയെ കുറിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

വഴക്കും ബഹളങ്ങളുമൊക്കെ ഇത്തവണ രണ്ടാം ദിനം തന്നെ വീടിന്റെ ഭാഗമായി. ഇന്നലെ വീക്കിലി ടാസ്ക് കൂടി പൂർത്തിയായപ്പോഴേക്കും ഓരോ മത്സരാർത്ഥികളുടെയും പോരാട്ട വീര്യമൊക്കെ പ്രേക്ഷകർക്കും മനസ്സിലായിട്ടുണ്ട്. കൂടുതൽ പേരും കഴിഞ്ഞ സീസണുകൾ കണ്ട് വ്യക്തമായ സ്ട്രാറ്റജികളുമായാണ് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വീക്കിലി ടാസ്കിൽ ഉൾപ്പെടെ അത് കാണാമായിരുന്നു.
ഇന്നലെ അവസാനിച്ച വീക്കിലി ടാസ്കിൽ റിനോഷ് ഒഴികെ മറ്റെല്ലാ മത്സരാർഥികളും നൂറ് ശതമാനവും കൊടുത്താണ് മത്സരിച്ചത്. ടാസ്ക്കിൽ ഏറ്റവും വലിയ വൻമതിൽ തീർത്ത് ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് യോഗ്യത നേടിയത് അഖിൽ മാരാരും നാദിറയുമാണ്. അതേസമയം, തുടക്കം മുതൽ പൊരുതി കളിച്ച അനിയൻ മിഥുൻ അടക്കമുള്ളവർക്ക് ടാസ്‌കിൽ നിന്ന് പ്രയോജനം കണ്ടത്താനാവാതെ നോമിനേഷനിലേക്ക് പോവുകയും ചെയ്തു.
ഈ അവസരത്തിൽ റിനോഷിന്റെ ഗെയിം സ്ട്രാറ്റജിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. നല്ല അസ്സൽ മൈൻഡ് ഗെയിമർ ആണെന്നാണ് റിനോഷിനെ വിശേഷിപ്പിക്കുന്നത്. പലരും കട്ടയ്ക്ക് വേണ്ടി അടികൂടുമ്പോൾ അലസനായി ഉഴപ്പി നടക്കുന്ന റിനോഷിനെയാണ് ഫ്രേമിൽ കണ്ടത്. ഇന്നലെ രാത്രി മത്സരം പൂർത്തിയായ ശേഷം താൻ ഉഴപ്പിയതല്ല എന്റെ ഗെയിം അതായിരുന്നു എന്നാണ് റിനോഷ് പറഞ്ഞത്. താൻ റൂൾസ് അനുസരിച്ചാണ് പകുതിയിലധികം കട്ടകളും എടുത്തത്.
തട്ടി പറിക്കലും കട്ടെടുക്കലും ഒന്നും എന്റെ രീതിയല്ല എന്നായിരുന്നു റിനോഷ് പറഞ്ഞത്. എന്നാൽ ബിഗ് ബോസ് വീടിനുള്ളിൽ ഈ നിലപാട് കൊണ്ട് എത്ര നാൾ മുന്നോട്ട് പോകാൻ കഴിയുമെന്നത് സംശയമാണ്. അതേസമയം, ആദ്യം മുതൽ അവസാനം വരെ കഷ്ടപ്പെട്ടിട്ടും അവസാനം ഒന്നുമില്ലാതെ നോമിനേഷനിലേക്ക് പോയ അനിയൻ മിഥുൻ അടക്കമുള്ളവരെ വെച്ച് നോക്കുമ്പോൾ ലാഭം റിനോഷിന് തന്നെയാണെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

റൂൾസ് അനുസരിച്ചു കളിച്ചതു കൊണ്ട് മറ്റു പരുക്കുകളോ ഒന്നും കൂടാതെ രക്ഷപ്പെട്ട റിനോഷ് വെറുതെ ഇരിപ്പിലൂടെ തന്നെ വേണ്ടത്ര സ്ക്രീൻ സ്‌പേസ് ഉണ്ടാക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതുവരെ ബിഗ് ബോസ് വീട്ടിൽ വളരെ വ്യത്യസ്തയാണ് റിനോഷ് നിന്നത്. ലഭിച്ച അവസരങ്ങളിലൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കാനും റിനോഷ് ശ്രമിച്ചിട്ടുണ്ട്. റിനോഷിന്റെ സംസാര രീതിയൊക്കെ പ്രേക്ഷകർ ആദ്യമേ ചർച്ച ചെയ്തു കഴിഞ്ഞതാണ്.
വീടിനുള്ളിൽ ഇതുവരെ വഴക്ക് ഉണ്ടാക്കിയിട്ടില്ലെങ്കിലും ആദ്യ വഴക്കിന് കാരണക്കാരനായത് റിനോഷ് ആണ്. അതേസമയം, റിനോഷിനെതിരെ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇതുവരെ ഗെയിം കളിച്ച് കണ്ടിട്ടില്ല, വെറുതെ പഴം പോലെ നിൽക്കുന്നു എന്നെല്ലാമാണ് പ്രേക്ഷകരുടെ വിമർശനങ്ങൾ. പതിയെ ഇങ്ങനെ നിന്ന് ലവ് ട്രാക്ക് പിടിക്കാനാണോ എന്ന സംശയം പോലും പങ്കുവയ്ക്കുന്നവരുണ്ട്. അതുപോലെ വീക്കിലി എപ്പിസോഡിൽ മോഹൻലാൽ വന്ന് എയറിൽ ആക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഒരു കൂട്ടർ പറയുന്നത്.


Click it and Unblock the Notifications