'പിആർ ചെയ്യാമെന്ന് പറഞ്ഞ് ഒരുപാട് മെസേജുകൾ വന്നു, റിനോഷ് പോകുന്നതിന് മുമ്പ് പറഞ്ഞ ഒരു കാര്യം അതാണ്!': സുഹൃത്ത്
ബിഗ് ബോസ് മലയാളം സീസൺ 5 ലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മത്സരാർഥികളിൽ ഒരാളാണ് റിനോഷ് ജോർജ്. ബിഗ് ബോസിൽ ഇതുവരെ കണ്ടിട്ടുള്ള മത്സരാർഥികളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ് റിനോഷ്. എപ്പോഴും വളരെ സൗമ്യനായി കാണുന്ന താരത്തെ കൂൾ ബ്രോ ആയിട്ടാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ഇതുവരെ രണ്ടു ടാസ്കുകൾക്കിടയിൽ മാത്രമാണ് റിനോഷിന്റെ മറ്റൊരു മുഖം സഹമത്സരാർത്ഥികളും പ്രേക്ഷകരും കണ്ടത്.
റിനോഷ് ആദ്യമായി പൊട്ടിത്തെറിച്ചപ്പോൾ അത് മറ്റു മത്സരാർത്ഥികളെയും പ്രേക്ഷകരെയും മാത്രമല്ല തന്നെയും ഞെട്ടിച്ചെന്ന് പറയുകയാണ് റിനോഷിന്റെ അടുത്ത സുഹൃത്തും മാനേജറും ഒക്കെയായ അരോഷ്. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റിനോഷിന്റെ ഗെയിമിനെ കുറിച്ചും പിആർ നൽകുന്നത് സംബന്ധിച്ച് റിനോഷ് പോകുന്നതിന് മുൻപ് നൽകിയ നിർദേശത്തെ കുറിച്ചുമൊക്കെ അരോഷ് പറയുന്നുണ്ട്.

തനിക്ക് അറിയുന്ന റിനോഷ് തന്നെയാണ് അകത്തുള്ളതെന്ന് പറഞ്ഞാണ് സുഹൃത്ത് തുടങ്ങിയത്. 'റിനോഷ് അവന്റെ അപ്പനെ വരെ ബ്രോ എന്നാണ് വിളിക്കുക. അവന്റെ അപ്പനും അമ്മയുമൊക്കെ വളരെ ചില്ലാണ്. ഭയങ്കര സപ്പോർട്ട് ആണ്. എല്ലാവരെയും ബ്രോ എന്ന് തന്നെയാണ് അവൻ വിളിക്കുന്നത്. റിനോഷ് പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ബിഗ് ബോസ് ഹൗസിനകത്തും. ഒട്ടും ഫേക്കല്ല. റിനോഷിന്റെത് മുഖമൂടിയാണ്, ഫേക്ക് ആണെന്നൊക്കെ ചിലർ പറയുന്ന അഭിമുഖമൊക്കെ കണ്ടു. അവൻ ഇങ്ങനെ തന്നെയാണ്,'
'എന്നോട് പലരും ചോദിച്ചിട്ടുണ്ട് റിനോഷ് എപ്പോഴും ഇങ്ങനെ ചിൽ ആയിട്ട് ഇരിക്കുന്നതെന്ന്. എന്റെ വിവാഹത്തിന് അവനൊരു സ്പീച് പറഞ്ഞത് കൃത്യം ബിഗ് ബോസിൽ അവൻ സംസാരിക്കുന്ന രീതിയിലാണ്. അവൻ അനവനായിട്ട് നിൽക്കുമ്പോഴും അവന് കൃത്യമായൊരു ഗെയിം പ്ലാനുണ്ട്. ബിഗ് ബോസിൽ ഒച്ചപ്പാട് ഉണ്ടാക്കിയാലേ ഫേമസ് ആകൂ എന്നൊന്നുമില്ല. അങ്ങനെയാണ് ബിഗ് ബോസ് എന്ന് എവിടെയും എഴുതി വെച്ചിട്ടൊന്നുമില്ല,' അരോഷ് പറഞ്ഞു.
അവിടെ എല്ലാ കാര്യങ്ങളിലും പോയി ഇടപെടേണ്ട കാര്യവുമില്ല. അങ്ങനെ ഉള്ളവർ അതിലുണ്ട്. അതിൽ ഒരാളാണ് റിനോഷ്. സംസാരിക്കേണ്ട സ്ഥലത്ത് അവൻ സംസാരിക്കുന്നുണ്ട്. ഈ സ്ട്രാറ്റജി അവനെ 100 ദിവസം വരെ കൊണ്ടുപോകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സുഹൃത്ത് പറഞ്ഞു.
ബിഗ് ബോസിലെ പോലെ റിനോഷിനെ പൊട്ടിത്തെറിച്ച് എവിടെയും കണ്ടിട്ടില്ല അവന് വേണ്ടി എല്ലായിടത്തും പൊട്ടിത്തെറിക്കുന്നത് ഞാൻ ആണെന്നും അരോഷ് പറഞ്ഞു. സംസാരിക്കുമ്പോൾ ഒക്കെ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ദേഷ്യപ്പെടുമെങ്കിലും ഇങ്ങനെ കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. റിനോഷിന് പിആർ ഇല്ലെന്നും മാനേജർ കൂടിയായ സുഹൃത്ത് വ്യക്തമാക്കി.
'രണ്ടാം ദിവസം മുതൽ ഞാൻ കാണുന്നതാണ് റിനോഷിന് ഭയങ്കര പിആർ ആണ്. പെയ്ഡ് ഫാൻസ്, പെയ്ഡ് റിവ്യൂസും പെയ്ഡ് വോട്ടുകളും ഒക്കെയാണെന്ന്. അത് ചില പ്രമുഖ ചാനലുകളും ഏറ്റു പിടിച്ചതോടെ ഞാൻ തന്നെ അവർക്ക് ഔദ്യോഗികമായി ഒരു മെയിൽ അയച്ചു. കാരണം എന്റെ ജോലി അതാണ്. നിങ്ങൾ കാണുന്നത് ആരാധകരുടെ ശരിയായ സ്നേഹമാണ്. അല്ലാതെ ഞങ്ങൾ ഒരു പിആറിനെയും വെച്ചിട്ടില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് മെയിൽ അയച്ചത്,'

'പിആർ ഉണ്ടോ, വെക്കുന്നുണ്ടോ. ഞങ്ങൾ ചെയ്ത് തരാം എന്നൊക്കെ പറഞ്ഞ് ഒരുപാട് മെസേജുകൾ വന്നിരുന്നു. പക്ഷെ ഞാൻ താൽപര്യമില്ല എന്ന് തന്നെയാണ് പറഞ്ഞത്. കാരണം പോകുന്നതിന് മുന്നേ നമ്മുക്ക് പിആർ ഒന്നും വേണ്ട. നിനക്കു ഒരുപാട് കോളുകൾ വരാൻ സാധ്യത ഉണ്ട്. ഒന്നും ചെയ്യണ്ട എന്നൊക്കെ റിനോഷ് പറഞ്ഞിരുന്നു. അപ്പന്റെയും അമ്മയുടെയും അഭിമുഖം ചോദിച്ചാലും അവർക്ക് അതിന് താൽപര്യമില്ലാത്തത് കൊണ്ട് പറ്റിയാൽ അത് ഒഴിവാക്കണം എന്നുകൂടി പറഞ്ഞിട്ടാണ് അവൻ പോയത്,'
പിആർ എത്ര പ്രധാനമാണെന്ന് എനിക്ക് അറിയില്ല. അതിനേക്കാൾ പ്രധാനം ആരാധകരുടെ പിന്തുണയാണ്. അതുണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. അവർക്ക് ഇഷ്ടപ്പെട്ടാലേ എന്തെങ്കിലും കാര്യമുള്ളൂ എന്നും അരോഷ് പറഞ്ഞു. അതേസമയം, റിനോഷ് കൂടുതൽ സജീവമായതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications