'സ്ക്രീൻ സ്പേസിനേക്കാൾ പ്രധാനമാണ് മറ്റുള്ളവർക്ക് നമ്മൾ കൊടുക്കുന്ന സ്പേസ്'; റിനോഷിന്റെ വാക്കുകൾക്ക് കയ്യടി!
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഇന്നലത്തെ എപ്പിസോഡിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അഖിൽ മാരാർ സാഗറും മറ്റു മത്സരാർത്ഥികളുമായി ഉണ്ടായ പ്രശ്നം വലിയ തർക്കത്തിലേക്ക് നീങ്ങിയതോടെ മോഹൻലാൽ ഷോ അവസാനിപ്പിച്ച് ഇറങ്ങി പോകുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. അതിന് പിന്നാലെ മത്സരാർത്ഥികളും വലിയ നിരാശയിലായിരുന്നു. ഇത് മോഹൻലാൽ പോയ ശേഷവും വീടിനുള്ളിൽ പുതിയ തകർക്കങ്ങൾക്ക് കാരണമായി.
അതുകൊണ്ട് തന്നെ ഇന്നലെയുണ്ടായ സംഭവങ്ങളെ തണുപ്പിക്കുന്നതിന് ഉതകുന്ന ഒരു മോർണിങ് ആക്ടിവിറ്റി ആയിരുന്നു ബിഗ് ബോസ് ഇന്ന് രാവിലെ മത്സരാർത്ഥികൾക്ക് നൽകിയത്. ഇനി അത്തരത്തിലുള്ള സംഭവ വികാസങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാൻ സാധിക്കുമെന്ന് ഓരോ മത്സരാർത്ഥിയും പങ്കുവയ്ക്കനായിരുന്നു ടാസ്ക്. എല്ലാ മത്സരാർത്ഥികളും വിഷയത്തിൽ സംസാരിച്ചിരുന്നെങ്കിലും കൂട്ടത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് റിനോഷ് ആയിരുന്നു.

നേരത്തെ തന്നെ താൻ ഫെയർ ഗെയിമെ കളിക്കുകയുള്ളു എന്നൊക്കെ ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള റിനോഷ് പൊതുവെ വീടിനുള്ളിലെ ഒരു വിഷയങ്ങളിലും ഇടപെട്ട് അഭിപ്രായം പറയാറില്ല. ഇന്നലെ പോലും വീടിനുള്ളിൽ അത്രയും വലിയ സംസാരം നടക്കുമ്പോൾ ഒരു മൂലയ്ക്ക് മാറിയിരിക്കുകയായിരുന്നു റിനോഷ്. ആ വീഡിയോയും ചിത്രങ്ങളുമൊക്കെ വൈറലായും മാറിയിരുന്നു. പ്രത്യേകിച്ച് കണ്ടന്റുകൾ ഒന്നും നൽകാതെ സേഫ് ഗെയിം കളിക്കുന്ന ഒരാളായിട്ടാണ് ഒരു കൂട്ടർ പ്രേക്ഷകർ വിലയിരുത്തിയിട്ടുള്ളത്.
എന്നാൽ തന്റെ ഈ സ്വഭാവം കൊണ്ട് ഒരുപാട് ആരാധകരെ ഉണ്ടാക്കാനും റിനോഷിന് കഴിഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ മോർണിങ് ടാസ്കിലെ റിനോഷിന്റെ സംസാരം വെച്ച് റിനോഷ് ഒരു സേഫ് ഗെയിമർ അല്ലെന്ന് പറയുകയാണ് പ്രേക്ഷകർ. കൃത്യമായി എല്ലാം കാര്യങ്ങളും താൻ നിരീക്ഷിക്കുന്നുണ്ടെന്ന് റിനോഷ് മനസിലാക്കി തന്നിരിക്കുകയാണ്. റിനോഷിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
'കളിക്കുന്ന സമയത്ത് നിങ്ങളുടെ ജോലി കളിക്കുക എന്നത് മാത്രമാണ്. അവരവർ അവരവരുടെ പണികൾ ചെയ്യുക. പിന്നെ ചില മര്യാദകൾ പാലിക്കണം. ഒരാൾ സംസാരിക്കുമ്പോൾ അയാൾ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാക്കുക. അയാളെ സംസാരിക്കാൻ വിടുക. അയാൾ പറയാൻ ശ്രമിക്കുന്നത് മനസിലാക്കിയ ശേഷം നമുക്ക് പ്രതികരിക്കാം. ദേഷ്യം വരുന്ന സമയത്ത് നമ്മുടെ നിയന്ത്രണം പോകുന്നത് സ്വാഭാവികമാണ്. കുറച്ച് സ്‌പേസ് എല്ലാവർക്കും കൊടുക്കുന്നത് നല്ലതാണ്. സ്ക്രീൻ സ്‌പേസിനെക്കാൾ പ്രധാനമാണ് ആ സ്‌പേസ് എന്നെനിക്ക് തോന്നുന്നു,'
'നമ്മൾ മനുഷ്യരാണ്. നമ്മുക്ക് എല്ലാവർക്കും പെട്ടെന്ന് കൈ ചൂണ്ടാൻ ആകും ഇഷ്ടം. എന്താണ് കാര്യമെന്ന് അറിയുന്നതിന് മുന്നേ മറ്റൊരാൾക്ക് നേരെ കൈ ചൂണ്ടും. നമ്മുക്ക് എളുപ്പത്തിൽ കൈ ചൂണ്ടാം. ആ സമയം അത് സ്വന്തം തലയിൽ വെച്ച് കുറച്ചൊന്ന് ചിന്തിക്കാൻ കഴിയുമെങ്കിൽ അത് ഒരുപാട് സഹായിക്കും. ഇവിടെ ഒരു പതിനെട്ട് പേരുണ്ട്. ഇവിടെ എന്ത് വേണമെങ്കിലും കാണിക്കാം. നമ്മൾ ഒച്ചയുണ്ടാക്കുമ്പോൾ പുറത്തുള്ള പ്രേക്ഷകർ അത് കണ്ട് ഭയങ്കരമായി പിന്തുണയ്ക്കുമായിരിക്കും നമ്മുക്ക് വലിയ സ്വീകരണമൊക്കെ അവിടെ കിട്ടുമെന്നൊക്കെ ഒരു ചിന്തയുണ്ട്,'
'ഇന്നലെ ഈ പതിനെട്ട് മത്സരാർത്ഥികൾക്ക് ഇടയിൽ പത്തൊമ്പതാമത് ഒരാൾ അവിടെ വന്നപ്പോൾ അയാൾക്ക് വേണ്ട ബഹുമാനം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. നമുക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ പുറകെ ഇനി എത്ര കോടി ജനങ്ങൾ നിൽക്കുന്നുണ്ട്. മറ്റുള്ളവരെ കേൾക്കുക. വിവേകത്തോടെ പെരുമാറുക. ക്ഷമ കാണിക്കുക. ഇതാണ് വേണ്ടത്,' എന്ന് പറഞ്ഞാണ് റിനോഷ് നിർത്തിയത്.

നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അടക്കം റിനോഷിന്റെ ഈ വാക്കുകൾക്ക് കയ്യടിക്കുന്നത്. 'അവനെല്ലാം നിരീക്ഷിക്കുന്നുണ്ട്. ലൈവ് കാണുന്നവർക്ക് അറിയാം ആരാണ് റിനോഷ് എന്ന്. "സ്ക്രീൻ സ്പേസ് അല്ല പ്രധാനം .. ഓരോത്തർക്കും നമ്മൾ കൊടുക്കേണ്ട സ്പേസ് ആണ് പ്രധാനം" റിനോഷ് അലച്ചു കൂട്ടി ബഹളം വെച്ചില്ല.. പക്ഷെ പറയേണ്ടതെല്ലാം എല്ലാവരേക്കാളും നന്നായി പറഞ്ഞു..'
'അതും ഉദാഹരണ സഹിതം പഴയ ഇൻസിഡന്റ്സ് എടുത്തു പറഞ്ഞു.. എന്തിനു.. വിമർശിക്കപ്പെട്ട അഖിൽ പോലും റിനോഷിനു കൈകൊടുത്തു. റിനോഷ് ആദ്യം പറഞ്ഞപോലെ തന്നെ.. "എല്ലാം പന്തും വീശി അടിക്കേണ്ട കാര്യമില്ല.. പന്ത് നോക്കി അടിക്കുക.. !!" എന്നാണ് റിനോഷ് സംസാരിക്കുന്ന വീഡിയോ പങ്കുവച്ച് ഒരാൾ കുറിച്ചത്. വീട്ടിലുള്ളവരും റിനോഷിന്റെ വാക്കുകളെ കയ്യടിയോടെയാണ് വരവേറ്റത്.


Click it and Unblock the Notifications