ബിഗ് ബോസിലെ ആദ്യ കോമണർ ഒരു യുവതി? പുതിയ പ്രോമോയിലും ഒരു മത്സരാർത്ഥി ഒളിഞ്ഞിരിക്കുന്നു!
ബിഗ് ബോസ് മലയാളം സീസൺ 5 ന് അരങ്ങൊരുങ്ങി കഴിഞ്ഞു. ഷോ ആരംഭിക്കാൻ ഇനി കേവലം രണ്ടു ദിവസം മാത്രമുള്ളത്. ഈ വരുന്ന ഞായറാഴ്ചയാണ് പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച്. ഇതുവരെ അരങ്ങേറിയതില്‍ ഏറ്റവും സംഭവ ബഹുലവും നാടകീയവുമായൊരു സീസണായിരുന്നു കഴിഞ്ഞു പോയത്.
അതുകൊണ്ട് പുതിയ സീസണിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. മോഹൻലാൽ തന്നെയാണ് ഷോയുടെ അവതാരകനായി ഇത്തവണ എത്തുന്നത്. കഴിഞ്ഞ വർഷത്തെ അത്രയും കോവിഡ് ഭീഷണി ഇല്ലാത്തതിനാൽ ഷോയിലും കാര്യമായ മാറ്റങ്ങൾക്കുള്ള സാധ്യതയുണ്ട്.

അതേസമയം ഇത്തവണ ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുക എന്നറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനകം തന്നെ മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ചില മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രോമോ വീഡിയോകളിലൂടെ അണിയറ പ്രവർത്തകർ തന്നെ പുറത്തുവിട്ടിരുന്നു.
അതിനെ അടിസ്ഥാനമാക്കിയുള്ള ചില പ്രെഡിക്ഷനുകളും നടക്കുന്നുണ്ട്. മുന്‍ സീസണിലേത് പോലെ തന്നെ സീരിയല്‍ രംഗത്തുള്ളവരും സോഷ്യല്‍ മീഡിയ താരങ്ങളും തമ്മിലായിരിക്കും ഇത്തവണയും മാറ്റുരയ്ക്കുക എന്നാണ് വിവരം. ഇൻസ്റ്റഗ്രം റീലുകളിലൂടെ ശ്രദ്ധ നേടിയ അമല ഷാജി, വുഷു താരമായ അനിയൻ മിഥുൻ, സംരംഭക ശോഭ വിശ്വനാഥ്, ഗായകനും ഡിജെയുമായ സിബിൻ ബെഞ്ചമിൻ, റാപ്പർ ഫെജോ എന്നിവരൊക്കെ സാധ്യത കൽപിക്കപ്പെടുന്ന മത്സരാർത്ഥികളാണ്.
അതേസമയം, ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു സാധാരണക്കാരനും മത്സരിക്കാനുണ്ടാകും. ഇതിനായി ബിഗ് ബോസ് സ്പോൺസർമാരായ എയർടെല്ലുമായി ചേർന്ന് ഒരു കോണ്ടെസ്റ്റന്റും നടത്തിയിരുന്നു. അതിൽ വിജയിച്ച ആളെ കുറിച്ചുള്ള ചില സൂചനകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഇന്ന് പങ്കുവച്ച ഏറ്റവും പുതിയ പ്രോമോയിലൂടെ ഷോയിൽ ഒരു ഫോടോഗ്രഫറും ഉണ്ടാവുമെന്ന സൂചന നൽകിയിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിൽ എത്തുന്ന ആദ്യത്തെ കോമണറെ കുറിച്ചുള്ള സൂചനകൾ ബിഗ് ബോസ് അനലിസ്റ്റ് ആയ രേവതിയാണ് പങ്കുവച്ചിരിക്കുന്നത്. ആൾ മുംബൈയിലേക്ക് തിരിച്ചതായി വിവരമുണ്ടെന്നും പറയപ്പെടുന്നു.
പത്തനംതിട്ട സ്വദേശിനിയായ ഗോപിക ഗോപി എന്നൊരു യുവതി ആണ് കോമണർ ആവുകയെന്നാണ് രേവതി പറയുന്നത്. ഇതൊരു ഉറപ്പുള്ള വാർത്തയല്ല ഇൻഫോർമേഷൻ അല്ലെന്നും രേവതി പറയുന്നു. കൊറിയർ സർവീസിൽ ജോലി ചെയ്യുന്ന വ്യക്തിയാണെന്നാണ് വിവരം. എന്തായാലും രണ്ടു ദിവസത്തിനകം അറിയാം ആരാണ് ആ ഭാഗ്യം ലഭിച്ച സാധാരണക്കാരാണെന്ന്.
അതേസമയം, ഇന്നലത്തെ പ്രോമോയ്ക്ക് ശേഷം ചർച്ച ചെയ്യപ്പെട്ട രണ്ടു പേരുകളായ ഫെജോയെയും സിബിനെയും കുറിച്ചുള്ള പുതിയ വിവരങ്ങളും വരുന്നുണ്ട്. ഫെജോ ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ചിൽ പങ്കെടുക്കാനായി പോയതാണ് എന്നതാണ് പുതിയ വിവരം. ഫെജോയും ആദർശും ചേർന്ന് വേദിയിൽ റാപ്പ് സോങ്ങുമായി എത്തും.
കഴിഞ്ഞ ദിവസത്തെ പ്രോമോയ്ക്ക് ശേഷം മുംബൈയിലേക്ക് എന്ന് പറഞ്ഞ് ഫെജോ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരുന്നു. ഇതിനു ശേഷമാണ് മോഹൻലാൽ പറഞ്ഞ സകലകലാവല്ലഭൻ ഫെജോ തന്നെയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ റിപോർട്ടുകൾ വന്നത്. അതുപോലെ സിബിന്റെ പേര് പ്രഡിക്ഷൻ ലിസ്റ്റിൽ വന്നതിന് പിന്നാലെ താരത്തിന് നേരെ ഭീഷണികളും സൈബർ ആക്രമങ്ങളും വന്നുകൊണ്ടിരിക്കുകയാണ്.

സിബിൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. ഡീഗ്രേഡിങ് ചെയ്യുന്നതിനായി പേജുകൾ ഉൾപ്പടെ തയ്യാറാണ് എന്ന തരത്തിൽ മെസ്സേജ് വന്നതായാണ് സിബിൻ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് സോഷ്യൽ മീഡിയയിൽ മത്സരാർത്ഥികൾക്ക് നേരെ വ്യാപകമായ ഡീഗ്രേഡിങ്ങും മറ്റും ഉണ്ടായത്.
എന്തായാലും ഞായറാഴ്ചക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. മത്സരാർത്ഥികൾ ആയവർ എല്ലാം മുംബൈയിൽ എത്തിയതായാണ് വിവരം. സ്റ്റേജ് പ്രോഗ്രാമിനുള്ള തയ്യാറെടുപ്പുകളും പ്രോമോ ഷൂട്ടുകളും നടക്കുകയാണെന്നും വിവരമുണ്ട്.


Click it and Unblock the Notifications











