ടി.വി ഷോയിൽ കൊണ്ടുപോയി നമ്മളെ കോമാളിയാക്കും, എന്നിട്ട് പൈസ തരാൻ വലിയ ബുദ്ധിമുട്ടാണ്; തുറന്നടിച്ച് ആരതി കൃഷ്ണ
സോഷ്യൽ മീഡിയയിലെ വൈറൽ താരമായ ആരതി കൃഷ്ണ തനിക്ക് ഒരു ടെലിവിഷൻ പരിപാടികളിലും പങ്കെടുക്കാൻ താത്പര്യമില്ലെന്ന് പറയുകയാണ്
സോഷ്യൽ മീഡിയയിലാകെ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇപ്പോൾ ബോഡി ബിൽഡർ ആരതി കൃഷ്ണ. സാരിയുടുത്ത് വേദിയിൽ മസിൽ ഷോ കാണിക്കുന്ന വീഡിയോ വൈറലായതോടെയാണ് ആരതി താരമായി മാറുന്നത്. മലയാളി ആണെന്ന് അറിഞ്ഞതോട് കൂടി സോഷ്യൽ മീഡിയയിലൊക്കെ ആരതിയുടെ ഫോളോവേഴ്‌സ് വർധിക്കുകയായിരുന്നു.
ബൈക്ക് റൈഡിംഗിലുമൊക്കെ താൽപര്യമുള്ള ആരതി കേരളത്തിലെ ബോഡി ബിൽഡിംഗ് മേഖലയിൽ ഇതിനകം സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. മിസ് പത്തനംതിട്ട, മിസ് കേരള ഫിറ്റ്‌നസ് തുടങ്ങിയ നേട്ടങ്ങൾ ഉൾപ്പടെ ആരതി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ വൈറൽ താരമായതോടെ ധാരാളം അഭിമുഖങ്ങളും ആരതി നൽകിയിരുന്നു. ഫിറ്റ്‌നസ് ഫ്രീക്കുകളുടെ പ്രിയങ്കരിയായി മാറിയ ആരതി അടുത്തിടെ മിനിസ്‌ക്രീനിലും എത്തിയിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്ക് എന്ന പരിപാടിയിൽ അതിഥി ആയാണ് ആരതി എത്തിയത്. സിനിമകളിൽ നിന്നടക്കം ആരതിക്ക് അവസരങ്ങൾ വന്നതായും വിവരമുണ്ട്.

അതിനിടെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസൺ 5 ലേക്കും ആരതി എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു.
എന്നാൽ ഇപ്പോഴതാ, അതിൽ വ്യക്തത നൽകുകയാണ് ആരതി. തനിക്ക് ടെലിവിഷൻ ഷോകളോടുള്ള അഭിപ്രായവും ആരതി വ്യക്തമാക്കുന്നുണ്ട്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആരതി ഇക്കാര്യങ്ങൾ പറഞ്ഞത്. ആരതിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
ബിഗ് ബോസ് മലയാളം സീസൺ 5 ൽ പങ്കെടുക്കുന്നതിനായി സംഘാടകരുടെ ഭാഗത്ത് നിന്ന് ഇതുവരെ തനിക്ക് വിളിയൊന്നും വന്നിട്ടില്ലെന്ന് ആരതി പറഞ്ഞു. ഒരു ടി വി ഷോകളിലും പങ്കെടുക്കാൻ തനിക്ക് താൽപര്യമില്ലെന്നും ആരതി പറയുന്നുണ്ട്. ചില ടി വി ഷോകളിൽ കൊണ്ടുപോയി കോമാളിയാക്കുമെന്നും എന്നാൽ പൈസ തരില്ലെന്നും ആരതി പറയുന്നു.
'ബിഗ് ബോസിലേക്ക് എനിക്ക് വിളിയൊന്നും വന്നിട്ടില്ല. അവിടയും ഇവിടെയുമൊക്കെ ഓരോന്ന് പറയുന്നത് കേട്ടിരുന്നു. പക്ഷേ എനിക്ക് താൽപര്യമില്ല. ബിഗ് ബോസ് എന്നല്ല, ഒരു ടി വി ഷോകളിലും എനിക്ക് താൽപര്യമില്ല. എനിക്ക് മോശം അനുഭവമുണ്ട്,'
'ഞാൻ ആരേയും കുറ്റം പറയുകയല്ല. പക്ഷേ എനിക്ക് എന്റെ ജീവിതം നോക്കണം. ജിം നടത്തുന്നവർ ചിലപ്പോൾ ലോണൊക്കെ എടുത്തിട്ടായിരിക്കും അത് നടത്തുന്നത്. എങ്കിലും ഒരു ഉദ്ഘാടനത്തിന് വിളിച്ചാൽ നമുക്ക് എത്ര പൈസ വേണമെങ്കിലും തന്ന് കൊണ്ടു പോവാൻ അവർ തയാറാണ്,'
'എന്നാൽ ഇത്രയും പൈസ കിട്ടുന്ന ടി വിക്കാർ അങ്ങനെയല്ല. അവർക്ക് വേണ്ടി രണ്ടോ മൂന്നോ ദിവസമൊക്കെ ആയിരിക്കും നമ്മൾ കളയുന്നത്. പക്ഷേ അവർക്ക് പൈസ തരാൻ ഭയങ്കര ബുദ്ധിമുട്ടാണ്. വലിയ ആർട്ടിസ്റ്റുകൾക്ക് ഒരുപാട് പൈസ കൊടുക്കും,'

'ഷോയ്ക്ക് വിളിക്കുന്നവരോട് എനിക്ക് താൽപര്യമില്ലെന്ന് ഞാൻ പറയാറുണ്ട്. അവർ പറയുന്നത് നിങ്ങൾക്ക് ഫെയിം കിട്ടുമെന്നാണ്. എനിക്ക് ആ ഫെയ്മൊന്നും വേണ്ട. ചിലയിടത്ത് കൊണ്ടുപോയി നമ്മളെ കോമാളിയാക്കും. അത് എനിക്ക് തന്നെ അറിയാം. എന്റെ വിലയാണ് അവിടെ പോകുന്നത്. എന്നിട്ട് പോലും ഞാൻ ചിലപ്പോൾ നിന്നു കൊടുക്കുന്നുണ്ട്,' എന്നാണ് അഭിമുഖത്തിൽ ആരതി പറഞ്ഞത്.
ബിഗ് ബോസിലേക്ക് വിളിച്ചതിന് പിന്നാലെയുള്ള റിയാക്ഷനാണോ അതോ സ്റ്റാർ മാജിക്കിൽ പങ്കെടുത്തത് സംബന്ധിച്ചാണോ ആരതി പറഞ്ഞത് എന്ന സംശയത്തിലാണ് ആരാധകർ. ആരതിയുടെ വീഡിയോ സ്റ്റാർ മാജിക്കിനെതിരെയുള്ള ട്രോളായും പുറത്തു വരുന്നുണ്ട്. സ്റ്റാർ മാജിക്കിൽ നിന്നുള്ള ആരതിയുടെ വീഡിയോ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications