രണ്ടും കൽപിച്ച് ജുനൈസ്! നാദിറയോടുള്ള ഇഷ്ടം പറഞ്ഞ് സാഗർ; തനിക്ക് ബ്രദറല്ലെന്ന് തുറന്നു പറഞ്ഞ് സെറീന!
ബിഗ് ബോസ് വീടിനുള്ളിൽ ആദ്യ സീസൺ മുതൽ പ്രേക്ഷകർ കണ്ടു വരുന്നതാണ് പ്രണയങ്ങൾ. ചില സീസണുകളിൽ ഒന്നോ അതിൽ കൂടുതലോ പ്രണയ ജോഡികൾ ഉണ്ടാകാറുണ്ട്. ആദ്യ സീസണിലെ പേളി- ശ്രീനിഷ് കോമ്പോയാണ് ബിബി ഹൗസിലെ പ്രണയത്തിന് തുടക്കം കുറിച്ചത്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷം വന്ന സീസണുകളിൽ പലരും പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കാൻ തുടങ്ങി. ഇതിൽ പലതും പ്രേക്ഷകർ കയ്യോടെ പൊക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, അഞ്ചാം സീസണിലും പ്രേക്ഷകർ പ്രണയ കോമ്പോകളെ കുറിച്ചാണ് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. സാഗർ- സെറീനയായിരുന്നു ഇന്നലെ വരെ പ്രേക്ഷകർ ചർച്ച ചെയ്തിരുന്ന പ്രണയ കോമ്പോ. എന്നാൽ അതല്ലാതെ വിവിധ പ്രണയങ്ങൾ ബിബി ഹൗസിനുള്ളിൽ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം മുതൽ മനസിലാകുന്നത്. നാദിറയ്ക്ക് സാഗറിനോട് പ്രണയം, ജുനൈസിന് സെറീനയോട് പ്രണയം, സെറീനയ്ക്കും സാഗറിനും പരസ്പരം പ്രണയം എന്നതാണ് കഴിഞ്ഞ ദിവസത്തെ വീട്ടിലെ കാഴ്ചകളിൽ നിന്ന് പ്രേക്ഷകർക്ക് മനസിലായത്.

കഴിഞ്ഞ ദിവസം ജുനൈസും നാദിറയും സംസാരിച്ചതിൽ നിന്നാണ് ഇങ്ങനെ രണ്ടു പ്രണയങ്ങൾ കൂടി ഉണ്ടെന്ന് പ്രേക്ഷകർ അറിയുന്നത്. ഇതിൽ നാദിറ സാഗറിനോട് നേരത്തെ തന്നെ ഇക്കാര്യം അവതരിപ്പിച്ചിരുന്നെങ്കിലും ജുനൈസ് അത് പറഞ്ഞിരുന്നില്ല. ഇന്നലെ ജയിലിലേക്ക് പോകുന്നതിന് മുന്നെയാണ് ജുനൈസ് സെറീനയ്ക്ക് ഒരു സൂചന നൽകുന്നത്. ശേഷം ജയിലിൽ വെച്ച് റെനീഷയോട് ജുനൈസ് ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.
എന്നാൽ സെറീനയ്ക്ക് ഉള്ളത് ഒരു സഹോദര സ്നേഹമാണെന്നാണ് റെനീഷ പറഞ്ഞത്. ഇന്ന് രാവിലെ ബിഗ് ബോസ് വീട്ടിലെ പ്രധാന ചർച്ചയായി ഇത് മാറിയിരിക്കുകയാണ്. റെനീഷയ്‌ക്കൊപ്പം ചേർന്ന് സാഗർ - സെറീന ബന്ധത്തിലെ സത്യാവസ്ഥ അറിയാൻ തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ് ജുനൈസ്. ഇതൊരു ഡ്രാമയാണെങ്കിൽ പൊളിക്കുമെന്നാണ് ജുനൈസ് പറയുന്നത്.
അതേസമയം, നാദിറയ്ക്ക് സാഗറിനോടുള്ള പ്രണയം അറിഞ്ഞ അനു രണ്ടു പേരെയും ഉപദേശിക്കുകയും ചെയ്തിരുന്നു. നാദിറയെ വലിയ രീതിയിൽ ഇത് ബാധിക്കും ഇങ്ങനെ കളിക്കരുത് എന്നൊക്കെയാണ് സാഗറിനോട് അനു പറയുന്നത്. എന്നാൽ എല്ലാം മനസിലാക്കിയാണ് നിൽക്കുന്നത്, ഇതൊന്നും സ്ട്രാറ്റജിയല്ല അങ്ങനെ പറയുന്നവരോട് ഒന്നും പറയാനില്ല എന്ന് സാഗർ പറയുന്നു. നിനക്കിത് ഭാവിയിൽ ദോഷം ചെയ്യും നീ ഇതിനെയൊന്നും സീരിയസായി എടുക്കരുതെന്നാണ് അനു നാദിറയ്ക്ക് നൽകുന്ന ഉപദേശം. കുഴപ്പമില്ല എന്നാണ് നാദിറ പറയുന്നത്.
ഇതിനു ശേഷം ജുനൈസ് സെറീനയോട് ഇഷ്ടത്തെ കുറിച്ച് തുറന്നു പറയുന്നുണ്ട്. സഹോദരനെ പോലെ ആണെന്നാണ് സെറീന പറയുന്നത്. പിന്നാലെ സാഗറിനെയും നാദിറയെയും വിളിച്ചിരുത്തി, സാഗറിനോട് നാദിറയെ ഇഷ്ടമാണോ എന്ന് ചോദിക്കുന്നുണ്ട്. ഇഷ്ടമാണെന്ന് പറയുന്ന സാഗർ വലിയൊരു വിശദീകരമാണ് അതിന് നൽകുന്നത്.
അവൾ പറഞ്ഞ ഒരു കാര്യം വല്ലാതെ ടച്ച് ചെയ്തു അതുകൊണ്ടാണ് അവളെ സ്നേഹിക്കുന്നത്. ഒരു സുഹൃത്ത് എന്നതിനപ്പുറം സ്പെഷ്യൽ സ്നേഹം അവളോട് ഉണ്ട്. എന്നാൽ മറ്റൊരു രീതിയിലേക്ക് ഇത് പോകില്ലെന്ന് ആണ് സാഗർ പറയുന്നത്. തന്നെ സ്നേഹിക്കാനൊന്നും ആരും ഉണ്ടായിരുന്നില്ലെന്ന് നാദിറ സാഗറിനോട് പറഞ്ഞിരുന്നു. അക്കാര്യമാണ് സാഗർ എടുത്ത് പറയുന്നത്.

ഇവിടെ എല്ലാവരും ഇത് സ്ട്രാറ്റജി ആണോയെന്ന് ചോദിച്ചു, എന്നാൽ സെറീന മാത്രം ചോദിച്ചില്ല. അവൾക്ക് എന്റെ മനസ് അറിയാം. ഒരു ഫ്രണ്ട് എന്നതിനപ്പുറം സ്പെഷ്യ സ്നേഹം അവളോട് ഉണ്ടെന്നും സാഗർ പറയുന്നുണ്ട്. എന്നാൽ അത് പ്രണയമാണെന്ന് സാഗർ പറയുന്നില്ല. തനിക്ക് സാഗർ ബ്രദർ അല്ലെന്ന് സെറീന ഇടയിൽ പറയുന്നുണ്ട്. സ്പെഷ്യൽ ഇഷ്ടം സാഗറിനോട് ഉണ്ടെന്നാണ് സെറീനയും പറയുന്നത്. ഇത് നിങ്ങളുടെ സ്ട്രാറ്റജി ആണല്ലേയെന്ന് നാദിറ ചോദിക്കുമ്പോൾ സെറീന പൊട്ടിത്തെറിക്കുന്നുണ്ട്.
സ്ട്രാറ്റജി കളിക്കേണ്ട കാര്യമില്ലെന്ന് ഒക്കെയാണ് സെറീന പറയുന്നത്. അങ്ങനെ പറയരുതെന്ന് സാഗറും പറയുന്നുണ്ട്. അങ്ങനെ ആകെ മൊത്തം പ്രണയമാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ ചർച്ച. ഇത് ഇവർക്കിടയിലെ സൗഹൃദത്തെ ബാധിക്കുമോ, വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകുമോ എന്നൊക്കെയുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications