സാഗർ അങ്ങനെ പൊട്ടിത്തെറിക്കുന്ന ആളല്ല, മോശം വാക്കുകൾ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല; അച്ഛൻ പറയുന്നു
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ആദ്യ ആഴ്ച മുതൽ വീട്ടിൽ ബഹളങ്ങളും വഴക്കുകളും സജീവമായിരുന്നു. ഷോ നാലാഴ്ചകൾ പിന്നിടുമ്പോൾ ഷോയ്ക്ക് ചൂട് പിടിക്കുന്നതിനൊപ്പം കൂടുതൽ വഴക്കുകൾക്കും ബഹളങ്ങൾക്കുമെല്ലാം അരങ്ങൊരുങ്ങുകയും ചെയ്യുന്നുണ്ട്. മത്സരാർത്ഥികൾ തമ്മിലുള്ള വഴക്ക് മോഹൻലാലിന് മുന്നിൽ വരെ തുടർന്നപ്പോൾ അദ്ദേഹം ഷോ പകുതിക്ക് നിർത്തി ഇറങ്ങി പോയ സംഭവം വരെ ഈ സീസണിൽ അരങ്ങേറിയിരുന്നു.
അഖിൽ മാരാരും സാഗർ സൂര്യയുമാണ് ഈ സംഭവങ്ങൾക്ക് കാരണക്കാരായ മത്സരാർത്ഥികൾ. സംഭവത്തിന് ശേഷം ഇരുവരും പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് ഒത്തുതീർപ്പിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ പുതിയത് വീക്കിലി ടാസ്കിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീണ്ടും കലഹിച്ചിരിക്കുകയാണ് അഖിൽ മാരാരും സാഗർ സൂര്യയും. പിടി വിട്ട് അഖിൽ മാരാർ സാഗർ സൂര്യക്ക് നേരെ കയ്യോങ്ങി ചെന്ന സംഭവവും ഇന്നലെ ഉണ്ടായിരുന്നു.

സാഗറിന്റെ പക്കലിരുന്ന കല്ല് അഖിൽ പിടിച്ച് വലിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എന്നാൽ അഖിൽ പറഞ്ഞതാണ് ശരിയെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു പിന്നീട് സാഗർ തന്നെ വിഷയം എടുത്തിട്ട് വഴക്ക് വീണ്ടും തുടങ്ങുകയായിരുന്നു. അഖിൽ മാരാരാണ് ഇവിടെ മനുഷ്യത്വം ഉള്ള ആള് എന്ന് പറഞ്ഞ് അഖിലിനെ സാഗർ ചൊടിപ്പിക്കുക ആയിരുന്നു. ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാത്ത അഖിൽ തെറി വിളിക്കുകയും ചെയ്തിരുന്നു.
അടിക്കെടാ.. ദേഷ്യം വരുന്നുണ്ടെങ്കിൽ തല്ലെടാ.. എന്ന് ആക്രോശിച്ച് കൊണ്ട് സാഗർ അഖിലിന് നേരെ അടുക്കുകയും ശ്രുതി ഇവരെ പിന്തിരിപ്പിക്കുകയും ആയിരുന്നു. സാഗറിന് നേരെ കൈ ഓങ്ങിയ ശേഷം 'എന്റെ കയ്യിൽ നിന്നും അടി കൊള്ളണമെങ്കിലും യോഗ്യത വേണം. മര്യാദകേട് കാണിക്കുന്നവർക്ക് അടി കിട്ടണം' എന്നൊക്കെ അഖിൽ പറഞ്ഞിരുന്നു. അഖിലിനോട് തട്ടി കയറുമ്പോഴും എനിക്ക് മാന്യതയുള്ളത് കൊണ്ട് ഞാൻ തെറി വിളിക്കുന്നില്ല എന്ന് സാഗർ പറയുന്നുണ്ടായിരുന്നു.
ഇതിനൊക്കെ ഇടയിൽ സാഗറിന്റെ അച്ഛന്റെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. അഭിമുഖത്തിൽ സാഗറിന്റെ ദേഷ്യത്തെ കുറിച്ച് അച്ഛൻ സംസാരിക്കുന്നുണ്ട്. സാഗർ ബിഗ് ബോസ് വീടിനുള്ളിലെ പ്രശ്‌നങ്ങളുടെ ഭാഗമാകുന്നതിന് മുൻപ് നൽകിയിരിക്കുന്ന അഭിമുഖമാണ് ഇത്. പൊതുവെ അങ്ങനെ ദേഷ്യപ്പെടുന്ന ആളല്ല സാഗർ എന്നാണ് അച്ഛൻ സുരേന്ദ്രൻ പറയുന്നത്. വിശദമായി വായിക്കാം.
'ആൾ പൊതുവെ അങ്ങനെ ദേഷ്യപ്പെടുന്ന ഒരാളല്ല. നമ്മൾ പൊട്ടിത്തെറിക്കും എന്ന് വിചാരിക്കുന്ന കാര്യങ്ങളെ പോലും ആൾ കൂൾ ആയിട്ടാണ് എടുക്കാറുള്ളത്. പെട്ടെന്ന് ആരെങ്കിലും ഏതെങ്കിലും പറഞ്ഞിട്ട് ദേഷ്യം വന്നാലും മോശം വാക്കുകൾ ഉപയോഗിച്ച് പ്രതികരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. അതിനകത്ത് ചെന്നിട്ട് എന്താകുമെന്ന് അറിയില്ല. പ്രകോപനങ്ങളാണ് നമ്മളെ അങ്ങനെ ആക്കുന്നത്,'

'അതിനകത്ത് മറ്റൊരാളുടെ പ്രകോപനത്തിൽ അതൊക്കെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് അവന് തന്നെ അറിയുള്ളു. എന്തായാലും വഴക്കിനു ഉള്ള സാധ്യത കുറവാണ്. അടിച്ചാൽ ഗാന്ധിയെ പോലെ അടുത്ത വശം കാണിച്ചു കൊടുക്കുന്ന പ്രകൃതമാണ്,' എന്നാണ് അച്ഛൻ പറഞ്ഞത്.
പ്രേക്ഷകരുടെ എല്ലാ പിന്തുണയും മകന് ലക്ഷ്യത്തിലേക്ക് എത്താൻ വേണമെന്നും അച്ഛൻ കൂട്ടിച്ചേർക്കുന്നുണ്ട്. അതേസമയം, നേരത്തെ മോഹൻലാലിന് മുന്നിൽ വെച്ചുണ്ടായ അനിഷ്ഠ സംഭവങ്ങളുടെ പേരിൽ നടപടി നേരിട്ട് നിലവിൽ നോമിനേഷനിലുള്ള അഖിലും സാഗർ സൂര്യയും വീണ്ടും ഏറ്റുമുട്ടുമ്പോൾ കാര്യങ്ങൾ എന്താകുമെന്ന ആകാംഷ പ്രേക്ഷകർക്ക് ഉണ്ട്. അടുത്ത തവണ മോഹൻലാൽ എത്തുമ്പോൾ ഇവർ തമ്മിലുള്ള വിഷയത്തിൽ എങ്ങനെയാകും പ്രതികരിക്കുക എന്നറിയാൻ കൂടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications