'അവൻ ആളുകളുടെ കയ്യും കാലും ഒടിക്കുന്നവനാണ്, ഒന്നും ചെയ്യാതിരുന്നത് ഭാഗ്യം'; മിഥുനെ പറ്റി ഷിജുവും മനീഷയും!
ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസൺ ഒരാഴ്ച പൂർത്തിയാക്കുകയാണ്. ഇതുവരെയുള്ള സീസണുകളിൽ നിന്ന് വ്യത്യസ്‍തമായി ആദ്യ ആഴ്ചയിൽ തന്നെ മത്സരാർഥികളിൽ വേണ്ടുവോളം മത്സരബുദ്ധി വന്നു കഴിഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും പലരും തങ്ങളുടെ ഗെയിം പ്ലാനുകൾ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. വഴക്കും ബഹളവുമൊക്കെ ആദ്യ ദിനം തന്നെ വീടിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഒരാഴ്ച ആകുമ്പോൾ തന്നെ സഹമത്സരാർത്ഥികളെ കുറിച്ചുള്ള ഏകദേശം ധാരണ ഓരോരുത്തർക്കും ലഭിച്ചിട്ടുണ്ട്.
ആകെ 18 മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത്. അതിൽ ഏറെയും പ്രേക്ഷകർക്ക് ഫ്രഷ് ഫേസുകൾ ആണ്. ഏറ്റവും കൂടുതൽ സുപരിചിതരായി ഷോയിൽ ഉള്ളത് നടനായ ഷിജു എആറും ഗായികയും നടിയുമായ മനീഷയുമാണ്. ഇവരെ കൂടാതെ വിരലിൽ എണ്ണാനാവുന്നവർ മാത്രമാണ് പ്രേക്ഷകർക്ക് മുൻപ് അറിയുന്നവർ ഉള്ളത്. വീടിനുള്ളിലെ മത്സരാർത്ഥികളുടെയും സ്ഥിതി അങ്ങനെ തന്നെയാണ്.

അതുകൊണ്ട് തന്നെ ഓരോ മത്സരാർത്ഥികളെയും കുറിച്ചുള്ള ചർച്ചകളും വിലയിരുത്തലുകളും വീടിനുള്ളിൽ സജീവമായി നടക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഇന്നലെ രാവിലെ ഷിജുവും മനീഷയും മറ്റു രണ്ടു മത്സരാർത്ഥികളായ മിഥുനെയും വിഷ്ണുവിനെയും കുറിച്ച് നടത്തിയ ചർച്ചയും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഷോയിലെ രണ്ടു ജിമ്മന്മാരാണ് വിഷ്ണുവും മിഥുനും. ഇതിൽ വിഷ്‌ണു ഫിറ്റ്നസ് ട്രെയ്‌നറും മിഥുൻ വുഷു ചാമ്പ്യനുമാണ്.
ഗെയിമർ എന്ന നിലയിൽ താൻ എത്ര കരുത്താനാണെന്ന് വിഷ്ണുവും കായികപരമായി താൻ എത്ര മുന്നിലാണെന്ന് മിഥുനും കഴിഞ്ഞ വീക്കിലി ടാസ്കിൽ തന്നെ സഹമത്സരാർത്ഥികളെ ബോധ്യപ്പെടുത്തി കൊടുത്തതാണ്. അത് സംബന്ധിച്ചായിരുന്നു ഇവരുടെ ചർച്ചയും. മിഥുനും വിഷ്ണുവും ഒരു വിഷയം വന്നാൽ അതിനെ ബുദ്ധിപരമായോ വൈകാരികപരമായോ ആയിരിക്കില്ല എടുക്കുക എന്നാണ് മനീഷ അഭിപ്രായപ്പെട്ടത്.
ടാസ്കിൽ മിഥുന്റെ സമീപനം ഇഷ്ടമായി എന്നാൽ വിഷ്ണുവിന്റെ ഇഷ്ടമായിലെന്നും മനീഷ പറയുന്നുണ്ട്, എന്നാൽ ബിഗ് ബോസ് പ്ലെയർ വിഷ്ണു ആണെന്നായിരുന്നു ഷിജുവിന്റെ അഭിപ്രായം. മിഥുൻ പക്കാ അത്‌ലറ്റിക് മൈൻഡ് ആണെന്നും ഷിജു പറയുന്നു.
ഗോൾഡ് കട്ട വേണം എന്ന് മിഥുൻ തീരുമാനിച്ചിരുന്നു എങ്കിൽ തീർന്നേനെ, ആരുടെ എങ്കിലും കൈയും കാലും ഒക്കെ ഓടിഞ്ഞേനെ എന്നും ഷിജു പറയുന്നുണ്ട്. അതേസമയം, മിഥുന്റെ കൈയിൽ നിന്ന് കായികപരമായി ഗോൾഡൻ കട്ട സ്വന്തമാക്കാൻ വിഷ്ണുവിന് ഒരു ആഗ്രഹമുണ്ടായിരുന്നു എന്ന് തോന്നുവെന്നും മനീഷ പറയുന്നുണ്ട്.
എന്നാൽ രണ്ടുപേരും ആരെയും ഉപദ്രവിക്കരുത് എന്ന് തീരുമാനിച്ചാണ് നിൽക്കുന്നത്. അത് നമ്മുടെ ഭാഗ്യമാണ് എന്നായിരുന്നു ഷിജു പറഞ്ഞത്. മിഥുൻ ഒന്ന് കൈ കുടഞ്ഞാൽ തന്നെ ആരുടെയെങ്കിലും കൈ ഒടിഞ്ഞു കിട്ടിയേനെ, പക്ഷെ അവൻ കയ്യോ കാലോ പൊക്കുക പോലും ചെയ്തിട്ടില്ല. അവൻ ശരീരം ഒതുക്കിവെച്ചാണ് കുടഞ്ഞത്. അവൻ മുന്നറിയിപ്പ് നല്കിയിട്ടാണ് അത് ചെയ്തത്. അവൻ കയ്യൊക്കെ വേഗം എടുത്താൽ പോക്കാണ് കാര്യം. എന്തെങ്കിലും ഒക്കെ ഒടിയും നമ്മുടെ.

അത്രയും പവർഫുൾ ആണ് അവൻ. ഇന്റർനാഷണൽ ചാമ്പ്യൻ അല്ലേ. അവൻ ആളുകളുടെ കയ്യും കാലും ഒടിക്കുന്നവനാണ്. അവന്റെ ഗെയിം അതാണ് എന്നായിരുന്നു ഷിജു പറഞ്ഞത്. ഷിജുവിന്റെയും മനീഷയുടെയും പേടി കണ്ട് പ്രേക്ഷകർ പൊട്ടിച്ചിരിക്കുകയാണ്. അതേസമയം, വീക്കിലി ടാസ്കിൽ മികച്ച പ്രകടനമായിരുന്നു മിഥുനും വിഷ്ണുവും നടത്തിയത്. ആദ്യം മുതൽ കട്ടകൾ മത്സരിച്ചു കളക്റ്റ് ചെയ്യാൻ ഇരുവരും ശ്രമിച്ചിരുന്നു. പിന്നീട് മിഥുൻ ഗോൾഡൻ കട്ട സ്വന്തമാക്കിയതും മത്സരബുദ്ധിയോടെ ആയിരുന്നു.
മിഥുനിൽ നിന്ന് ഗോൾഡൻ കട്ട സ്വന്തമാക്കിയ ദേവുവിനെ പ്രകോപിപ്പിച്ച് കട്ട വലിച്ചെറിയിച്ച വിഷ്ണുവിന്റെ തന്ത്രവും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരുന്നു. അവസാനം വരെ വീട്ടിൽ തുടരാൻ സാധ്യതയുള്ള രണ്ടു മത്സരാർത്ഥികൾ ആയിട്ടാണ് ഇരുവരെയും പ്രേക്ഷകർ വിലയിരുത്തുന്നത്. അതിനിടെയാണ് ഷിജുവിന്റെയും മനീഷയുടെയും പേടി.


Click it and Unblock the Notifications