സീരിയല്‍ കണ്ട് ആദ്യം വിളിച്ചത് കലാഭവന്‍ മണി; ഇങ്ങനെയാണ് ശ്രുതി ജോസ് ശ്രുതി ലക്ഷ്മിയായത്!
പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് ശ്രുതി ലക്ഷ്മി. ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയത്തിലേക്ക് ബാലതാരമായിട്ടാണ് ശ്രുതി ലക്ഷി എത്തുന്നത്. പിന്നീട് സിനിമയിലും സീരിയലിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെ സജീവ സാന്നിധ്യങ്ങളിലൊരാളാണ് ശ്രുതി.
ബിഗ് ബോസിലെ എന്റെ കഥ എന്ന ടാസ്‌കില്‍ തന്റെ ജീവിതകഥ പങ്കുവെക്കുകയാണ് ശ്രുതി. താന്‍ അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ചും തനിക്ക് നഷ്ടമായ അവസരത്തെക്കുറിച്ചുമൊക്കെ ശ്രുതി സംസാരിക്കുന്നുണ്ട്. ശ്രുതിലക്ഷ്മി എന്ന പേരിന് പിന്നിലെ കഥയും താരം പങ്കുവെക്കുന്നുണ്ട്.

ഔദ്യോഗികമായി എന്റെ പേര് ശ്രുതി ജോസ് എന്നാണ്. ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോഴാണ് ശ്രുതി ലക്ഷ്മി എന്നാക്കുന്നത്. എന്റെ സ്വദേശം കണ്ണൂരാണ്. വീട്ടില്‍ പപ്പ, അമ്മ, ചേച്ചി, ഞാന്‍ എന്നായിരുന്നു തുടക്കം. ഇപ്പോള്‍ എന്റെ ഭര്‍ത്താവും ലയയുടെ ഭര്‍ത്താവും കുഞ്ഞ് വാവയുമുണ്ട്. എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ മമ്മിയും ഡാഡിയും അനിയനും ഭാര്യുമാണുള്ളത്. ഓര്‍മ്മയുള്ള നാള്‍ മുതല്‍ പപ്പയ്ക്ക് നാടക ട്രൂപ്പുണ്ടായിരുന്നു. അമ്മ അഭിനയിക്കുമായിരുന്നു.
അമ്മ കുറച്ചു സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ കാസര്‍ഗോഡ് ലൊക്കേഷനായി അങ്കപ്പുറപ്പാട് എന്ന സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. എനിക്കന്ന് വെക്കേഷന്‍ ആയിരുന്നു. പപ്പയുടെ കൂടെ ബൈക്കില്‍ ഞാനും ലൊക്കേഷനിലേക്ക് പോയി. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടുന്ന സെറ്റായിരുന്നു അത്. ഗോവര്‍ദ്ധന്‍ എന്നൊരു തിരക്കഥാകൃത്തുണ്ടായിരുന്നു. എന്നോട് അഭിനയിക്കാനൊക്കെ ഇഷ്ടമാണോന്ന് ചോദിച്ചു. ഞാന്‍ അതേന്ന് പറഞ്ഞു.
ആറ് മാസം കഴിഞ്ഞ് കോള്‍ വന്നു. ഏഷ്യാനെറ്റില്‍ ഒരു സീരിയല്‍ ചെയ്യുന്നുണ്ടെന്ന് ശ്രുതിയുടെ ഫോട്ടോ അയച്ചു തരണമെന്നും. പിന്നെ വിളിച്ച് തിരുവനന്തപുരത്തേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ചെന്നു. എനിക്കൊരു സീന്‍ തന്നു. അഭിനയിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ചു. രവി വള്ളത്തോള്‍, മീര നായര്‍ തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു അന്നവിടെ. അതാണ് എന്റെ എന്‍ട്രി. നിഴലുകള്‍ എന്ന സീരിയലിലൂടെയായിരുന്നു എന്റെ തുടക്കം.

പരമ്പരയില്‍ എന്റെ പേര് ലക്ഷ്മി എന്നായിരുന്നു. അങ്ങനെയാണ് ശ്രുതി ജോസ് എന്ന പേര് ശ്രുതി ലക്ഷ്മിയാകുന്നത്. ആദ്യത്തെ സിനിമ ബാലതാരമായി തന്നെ വര്‍ണ്ണക്കാഴ്ചകള്‍ ആയിരുന്നു. സീരിയലിന്റെ പേരിലൂടെ പലരും നമ്മളെ തിരിച്ചറിയുന്നതാണ് കൊച്ചിലെ ഓര്‍മ്മകള്‍. കുഞ്ഞായിരിക്കുമ്പോള്‍ എന്റെ സീരിയല്‍ കണ്ട് ആദ്യമായി ലാന്റ് ലൈനിലേക്ക് വിളിക്കുന്നത് കലാഭവന്‍ മണി ചേട്ടനായിരുന്നു. ആദ്യം വിശ്വസിച്ചില്ല. സീരിയില്‍ കണ്ട് വിളിച്ച് അഭിനന്ദിക്കുമോ എന്നായിരുന്നു. മോള്‍ നന്നായി അഭിനയിച്ചെന്ന് പറഞ്ഞു.
പിന്നെ കമല്‍ സാറിന്റെ സിനിമയ്ക്കായി എറണാകുളത്ത് വന്നു. എന്നേയും നായകനേയും ഒരുമിച്ച് സീനൊക്കെ അഭിനയിപ്പിച്ചു നോക്കി. എല്ലാം ഓക്കയാവുകയും ഫിക്‌സ് ചെയ്യുകയും ചെയ്തു. രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ മാറ്റിയെന്ന് പറഞ്ഞ് വിളിച്ചു. മഞ്ഞു പോലൊരു സിനിമയായിരുന്നു അത്. ചെയ്യാന്‍ പറ്റിയിരുന്നുവെങ്കില്‍ നായികയായിട്ടുള്ള എന്റെ തുടക്കം അതാകുമായിരുന്നു. മിസ് ആയപ്പോള്‍ ഭയങ്കര വിഷമമായെന്നും ശ്രുതി പറയുന്നു.


Click it and Unblock the Notifications











