'വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വന്നത്, സഹോദരൻ കട്ട കലിപ്പിലാണ്! ലാലേട്ടൻ ഒന്ന് പറയണം'; റിക്വസ്റ്റുമായി ശോഭ!
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ ആരംഭിച്ചു കഴിഞ്ഞു. സംഭവബഹുലമായ നാലാം സീസൺ അവസാനിച്ചത് മുതൽ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു അഞ്ചാമത്തെ സീസണിന് വേണ്ടി. ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമിട്ട് മത്സരാർത്ഥികളൊക്കെ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.
ആരൊക്കെയായിരിക്കും ബിഗ് ബോസിലുണ്ടാവുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകരെല്ലാം. പല പേരുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിൽ വൈറലായ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉണ്ടായിരുന്നതും ഇല്ലാതിരുന്നതുമായ മത്സരാർത്ഥികൾ ഷോയിലേക്ക് എത്തുന്നുണ്ട്. അതിൽ നാലാമതായി വീട്ടിൽ കയറിയത് ശോഭ വിശ്വനാഥ് ആയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി പ്രെഡിക്ഷൻ ലിസ്റ്റിലെ ഉറപ്പുള്ള മത്സരാർഥികളിൽ ഒരാളായി മുന്നിട്ട് നിന്ന ആളായിരുന്നു ശോഭ. ബിഗ് ബോസ് പുറത്തു വിട്ട പ്രോമോ വീഡിയോക്ക് ശേഷമാണു ശോഭയുടെ പേര് ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. ഒടുവിൽ ആ പ്രെഡിക്ഷൻ എല്ലാം ശരിവെച്ച് ശോഭ ബിഗ് ബോസ് വീട്ടിലേക്ക് എത്തി കഴിഞ്ഞു.
ഡിസൈനറും സംരംഭകയും ചൈൽഡ് ആക്ടിവിസ്റ്റുമൊക്കെയാണ് ശോഭ വിശ്വനാഥ്. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറിയ ഒരു ശക്തയായ സ്ത്രീ എന്ന് പറഞ്ഞിട്ടാണ് പ്രോമോയിൽ ശോഭയെ പേര് പറയാതെ മോഹൻലാൽ പരിചയപ്പെടുത്തിയത്. അതേ വാക്കുകളിലൂടെയാണ് വേദിയിലേക്കും മോഹൻലാൽ ക്ഷണിച്ചത്.
വലിയൊരു തകര്‍ച്ചയില്‍ നിന്ന് ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച ആളാണ് താനെന്ന് പറഞ്ഞാണ് ശോഭ സംസാരിച്ചു തുടങ്ങിയത്. ജീവിതത്തില്‍ എന്തെങ്കിലും വലിയ പരാജയം വരുമ്പോള്‍ ഉറപ്പിക്കണം, എന്തോ വലിയൊരു നേട്ടം ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നുണ്ടെന്ന്. അങ്ങനെയാണ് എന്റെ തുടക്കവുമെന്നാണ് ശോഭ പറഞ്ഞത്.
ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് കളരി പഠിച്ചിട്ടുണ്ടെന്ന് ശോഭ പറഞ്ഞു. കൂടുതല്‍ ഏകാഗ്രത കിട്ടാനും സെൽഫ് ഡിഫൻസിങ്ങിനും എല്ലാം അത് സഹായിക്കും. തനിക്ക് കിട്ടിയ ഏറ്റവും വലിയ പ്ലാറ്റ്ഫോം ആണ് ബിഗ്ഗ് ബോസ്. ഒരു പ്ലാനോടു കൂടെയും അല്ല ഞാന്‍ ബിഗ് ബോസിലേക്ക് വന്നത്. വെള്ളം പോലെ ഒഴിക്കിന് അനുസരിച്ചു പോകുക. എന്നാല്‍ ഞാന്‍ തീയും ആണ്. ഒരുപാട് പ്രതീക്ഷകളും എനിക്കുണ്ട്.
ബിഗ് ബോസില്‍ വന്നത് തന്റെ വിധി അനുസരിച്ചാണെന്നും ശോഭ പറഞ്ഞു. വളരെ വലിയൊരു റിസ്‌ക് എടുത്താണ് താൻ വന്നിരിക്കുന്നത്. ഒരുപാട് പേര്‍ നോ നോ എന്ന് പറഞ്ഞിട്ടും ഞാന്‍ വന്നതാണ് എന്നും ശോഭ വ്യക്തമാക്കി. മോഹൻലാലിന്റെ അടുത്ത് അഞ്ച് റിക്വസ്റ്റുമായിട്ടാണ് ശോഭ ബിഗ് ബോസ് സീസണ്‍ 5 വേദിയിലേക്ക് എത്തിയത്. തന്റെ നെയ്ത്തു വില്ലേജിലുള്ളവര്‍ക്കും നെയ്ത്തുകാര്‍ക്കും കുടുംബത്തിനും ആശംസകൾ നേരുന്നത് ആയിരുന്നു ആദ്യത്തെ രണ്ടു കാര്യങ്ങൾ.
മൂന്നാമത്തെ കാര്യം കണ്‍ഫ്യൂഷന്‍ ആയത് കൊണ്ട് പിന്നെ പറയാം എന്ന് ശോഭ പറഞ്ഞു. വീട്ടില്‍ പറയാതെയാണ് ഞാന്‍ വന്നത്, പ്രത്യേകിച്ചും എന്റെ സഹോദരന്‍ കട്ട കലിപ്പിലാണ്. അക്കാര്യം ലാലേട്ടന്‍ ഒന്ന് പറയണം, ഞാന്‍ നല്ല കുട്ടിയായി ഇരുന്നോളാം എന്ന് വാക്ക് കൊടുത്തിട്ടാണ് ശോഭ ബിഗ് ബോസ് വീട്ടിലേക്ക് കടന്നത്.

നേരത്തെ ഒരു കഞ്ചാവ് കേസിന്റെ പേരിലാണ് മുൻപ് ശോഭ വാർത്തകളിൽ നിറഞ്ഞത്. തനിക്ക് വന്നൊരു വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ശോഭയെ കഞ്ചാവ് കേസില്‍ കുടുക്കുന്നത്. കേസില്‍ ജാമ്യം നേടി പുറത്ത് വന്ന ശോഭ പിന്നീട് ആ കേസിന് പിന്നാലെ പോയി തന്നെ കുടുക്കിയാളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയായിരുന്നു.
ആ സംഭവം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. തന്റെ ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെ ശോഭ വിശ്വനാഥ് മുൻപ് തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications