ഈ ക്യാപ്റ്റൻസി ഞാൻ അർഹിക്കുന്നില്ല, അയാൾക്ക് നൽകാം; മോഹൻലാലിന് മുന്നിൽ ശോഭയുടെ കുറ്റസമ്മതം!
ബിഗ് ബോസ് മലയാളം സീസണ്‍ 5 പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്. നൂറാം ദിവസത്തിലേക്ക് ഇനി കേവലം നാൽപത് ദിനങ്ങളിൽ താഴെയാണ് ഉള്ളത്. ആരാകും കപ്പ് ഉയർത്തുക എന്നറിയാനുള്ള ആവേശത്തിലാണ് ആരാധകർ. ഷോ അവസാന നാല് ആഴ്ചകളിലേക്ക് കടക്കുമ്പോൾ മത്സരം കൂടുതൽ ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. അതേസമയം ഈ ആഴ്ചയിൽ ആരായിരിക്കും ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റൻ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന ക്യാപ്റ്റൻസി ടാസ്കിൽ വിജയിച്ച് ക്യാപ്റ്റനാകാൻ അർഹത നേടിയത് ശോഭയാണ്. സെറീന, മിഥുൻ എന്നിവരെയാണ് ശോഭ പരാജയപ്പെടുത്തിയത്. എന്നാല്‍ ആ ക്യാപ്റ്റൻസി തനിക്ക് വേണ്ടെന്ന നിലപാടിലാണ് ശോഭ. നിയമം തെറ്റിച്ചാണ് താൻ വിജയിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ശോഭ സ്ഥാനം നിഷേധിക്കുന്നത്. നേരത്തെ സഹമത്സരാർത്ഥികൾ ശോഭയുടെ വിജയത്തെ ചോദ്യം ചെയ്‌തിരുന്നു.

അനുവാണ് ഇക്കാര്യം സഹമത്സരാര്‍ഥികളോട് ആദ്യം ഉന്നയിച്ചത്. കണ്ണ് കെട്ടിക്കൊണ്ട് വിവിധ നിറങ്ങളിലുള്ള കൊടി നിശ്ചിത സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതായിരുന്നു ടാസ്ക്. എന്നാൽ ശോഭയ്ക്ക് കണ്ണ് കാണുന്നുണ്ടായിരുന്നു എന്നായിരുന്നു അനുവിന്റെ ആരോപണം. സോഷ്യൽ മീഡിയയിലും ഇക്കാര്യം ചർച്ചയായി മാറുകയുണ്ടായി. ശോഭ കള്ളത്തരം കാണിച്ചു എന്നായിരുന്നു ആരോപണം. താൻ ചെയ്ത തെറ്റ് മനസിലാക്കിയ ശോഭ ബിഗ് ബോസിനോട് ഇക്കാര്യം പറയാൻ ശ്രമിച്ചിരുന്നെങ്കിലും ബിഗ് ബോസ് പ്രതികരിച്ചില്ല.
എന്നാല്‍ ഹൗസ് ക്യാപ്റ്റനായ ഷിജുവിനോടും റിനോഷിനോടും ശോഭ ഇക്കാര്യം സമ്മതിച്ചിരുന്നു. തനിക്ക് ഈ ക്യാപ്റ്റൻസിക്ക് യോഗ്യതയില്ല. കണ്ണുകെട്ടുന്ന സമയത്ത് ഒന്നും കണ്ടിരുന്നില്ല എന്നാല്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ ചെറിയൊരു വെളിച്ചം കിട്ടി. അത് ഉപയോഗിച്ചാണ് ടാസ്‌ക് ചെയ്തത്. മനപ്പൂർവം ചെയ്തതല്ല, പക്ഷെ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയായിരുന്നു. ചെയ്തത് കള്ളത്തരമാണ് എന്നായിരുന്നു ശോഭ പറഞ്ഞത്.
ഇതേ തുടർന്ന് നിരാഹാരത്തിലേക്ക് വരെ ശോഭ പോയിരുന്നു. പിന്നീട് അഖിൽ മാരാർ അടക്കമുള്ള സഹമത്സരാർത്ഥികൾ നിർബന്ധിച്ച് ശോഭയെ ഭക്ഷണം കഴിപ്പിക്കുകയാണ് ഉണ്ടായത്. ഇപ്പോഴിതാ, ഇന്നത്തെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാലിന് മുന്നിലും കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ശോഭ. തനിക്ക് പകരം സെറീനയ്ക്ക് ക്യാപ്റ്റൻസി നൽകണമെന്നാണ് ശോഭ പറയുന്നത്. ഇതിന്റെ പ്രൊമോ വീഡിയോ പുറത്തു വന്നു.

ഭാഗ്യം കൊണ്ടാണ് താന്‍ വിജയിച്ചതെന്ന് പലരും പറഞ്ഞെന്ന് ശോഭ പറയുമ്പോള്‍ ഭാഗ്യം ഒരു വലിയ കാര്യമല്ലേയെന്നാണ് മോഹന്‍ലാൽ ചോദിക്കുന്നത്. എന്നാല്‍ ഈ ക്യാപ്റ്റന്‍സി തന്നേക്കാള്‍ അര്‍ഹിക്കുന്നത് സെറീനയ്ക്കാണെന്ന് ശോഭ പറയുന്നു. തുടര്‍ന്ന് ഒപ്പം മത്സരിച്ച അനിയൻ മിഥുനോടും സെറീനയോടും പരാതിയുണ്ടോ എന്ന് മോഹന്‍ലാൽ ചോദിക്കുന്നതാണ് പുതിയ പ്രൊമോയില്‍ കാണുന്നത്. സെറീനയും മിഥുനും ഒപ്പം തന്നെ മോഹൻലാലും ബിഗ് ബോസും ഇക്കാര്യത്തിൽ എന്ത് തീരുമാനാമെടുക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
അതേസമയം, ഈ ആഴ്ച ആരാകും പുറത്തു പോവുക എന്നും പ്രേക്ഷകർ ഉറ്റു നോക്കുകയാണ്. സീസണിലെ ഏറ്റവും കടുപ്പമേറിയ നോമിനേഷൻ ലിസ്റ്റ് ആയിരുന്നു ഇത്തവണത്തേത്. ഷോയിലെ ഏറ്റവും സജീവമായ ആറ് മത്സരാർത്ഥികളായിരുന്നു ലിസ്റ്റിൽ. ഇതിൽ നിന്ന് സാഗർ പുറത്തുപോകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ശോഭയാകുമോ എന്ന സംശയം കൂടി നിലനിൽക്കുന്നുണ്ട്. ക്യാപ്റ്റൻസിയുടെ കാര്യത്തിലും എവിക്ഷനിലും എന്താകും സംഭവിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications