'ഇങ്ങനെയൊരു വ്യക്തി അകത്തുണ്ടെന്ന് പലരും മറന്നു, ഇതുവരെ ഒരു ഇമ്പാക്റ്റും ഉണ്ടാക്കാത്തയാൾ'; ശ്രുതിക്ക് വിമർശനം!
ബിഗ് ബോസ് മലയാളം സീസൺ 5 മൂന്നാം ആഴ്ചയിലേക്ക് എത്തി നിൽക്കുകയാണ്. ആദ്യ വൈൽഡ് കാർഡ് എൻട്രിയുടെ വരവും കൂടി ആയതോടെ ബിഗ് ബോസ് വീട് ഉണർന്ന മട്ടാണ്. ആദ്യ ആഴ്ച മുതൽ തന്നെ വഴക്കുകളും ബഹളങ്ങളും വ്യക്തമായ ഗെയിം സ്ട്രാറ്റജികളുമായി പല മത്സരാർത്ഥികളും ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും വീടിനുള്ളിൽ യാതൊരു കണ്ടന്റുകളും നൽകാത്ത ആളുകളും ഉണ്ടെന്ന് പറയുകയാണ് പ്രേക്ഷകർ.
അതിൽ പ്രധാനിയായി പ്രേക്ഷകർ പറയുന്നത് ശ്രുതി ലക്ഷ്മിയാണ്. നടി, നർത്തകി എന്ന നിലയിലൊക്കെ മുൻപ് തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്രുതി ലക്ഷ്മി. ബാല താരമായി സിനിമയിൽ എത്തിയ ശ്രുതി നിരവധി സിനിമകളിലും സീരിയലുകളിലുമെല്ലാം ഇതിനകം അഭിനയിച്ചിട്ടുണ്ട്. മുൻപ് പല ടെലിവിഷൻ പരിപാടികളിലും അവതാരകയായും മത്സരാർത്ഥിയായുമെല്ലാം ശ്രുതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാൽ ബിഗ് ബോസ് വീട്ടിൽ താരത്തിന്റെ പ്രകടനം വളരെ മോശമാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.

ഇതുവരെ ഒരു വിഷയങ്ങളിലും വ്യക്‌തമായ നിലപാട് എടുത്ത് ശ്രുതി മുന്നോട്ട് വന്നിട്ടില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. അങ്ങനെ ഒരാൾ ആ വീട്ടിൽ ഉണ്ടെന്നത് പോലും അറിയുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനിടെ, ശ്രുതിയെ കുറിച്ച് നിഹാര എന്നൊരു പ്രേക്ഷക സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
'ബിഗ് ബോസിൽ ഇത് വരെ ഒരു ഇമ്പാക്റ്റും ഉണ്ടാകാത്ത വ്യക്തി. ബാക്കി എല്ലാവരും തന്നെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പുറത്ത് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സേഫ് ഗെയിം കളിച്ചാൽപോലും സേഫ് ഗെയിം കളിക്കുന്നു എന്ന രീതിയിൽ പുറത്ത് ചർച്ച ചെയ്യപ്പെട്ടേനെ. പക്ഷെ ഇത് ഇങ്ങനെ ഒരു വ്യക്തി അകത്തു ഉണ്ടെന്ന് പലരും മറക്കുന്ന പോലെ. നോമിനേഷനിൽ വരാതെ കുറച്ചു നാൾ അകത്തു പിടിച്ചുനിൽക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഈ സമയത്ത് അകത്ത് അത്യാവശ്യം കണ്ടെന്റ് തരുന്നവർ (നെഗറ്റീവ് ആവട്ടെ പോസിറ്റീവ് ആവട്ടെ) പുറത്ത് ആയികൊണ്ടിരിക്കും. ബിഗ് ബോസ് സ്റ്റാർട്ട് ആയാൽ ചിലരുടെ തലയിൽ ആൾ താമസം ഉണ്ടാകില്ല എന്ന് അറിയാം. എന്തായാലും നിങ്ങൾ വെറുക്കുന്നവർ പുറത്ത് പോണം എന്ന് ആഗ്രഹിക്കാതെ യാതൊരു വിധ ഇമ്പാക്റ്റും ബിഗ് ബോസിൽ ഉണ്ടാകാത്ത ആളുകൾ പുറത്ത് ആവട്ടെ,' എന്നാണ് കുറിപ്പിൽ പറയുന്നത്.

നിരവധി പേരാണ് ഈ അഭിപ്രായത്തെ പിന്തുണച്ച് കമന്റ് ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ ധന്യ മേരി വർഗീസ് സേഫ് ഗെയിം കളിച്ച് ഫൈനൽ വരെ എത്തിയത് പോലെ ശ്രുതിയും എത്തുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രിവിലേജ് ഉള്ള മത്സരാർത്ഥിയാണ്, ബിഗ് ബോസ് കളയാതെ നിർത്തുമെന്ന വിമർശനവും വരുന്നുണ്ട്. അതേസമയം, ഗെയിമർ എന്ന നിലയിൽ ശ്രുതി മെച്ചപ്പെടുന്നുണ്ട് എന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നുണ്ട്.
നേരത്തെ റിനോഷ്, അഞ്ജൂസ്, സെറീന, സാഗർ, ലെച്ചു തുടങ്ങിയവർക്കെതിരെയെല്ലാം ഇത്തരം വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയിലുണ്ടായ പല പ്രശ്‍നങ്ങളിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇവരെല്ലാം പതിയെ കയറി വരുമെന്ന് പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ട്. ശ്രുതിയെ കൂടാതെ ലെച്ചുവും ഇതേ വിമർശനം കേൾക്കുന്ന ഒരു മത്സരാർത്ഥിയാണ്.


Click it and Unblock the Notifications