ബിഗ് ബോസ് സീസണ്‍ 5 ലോഞ്ച് തിയ്യതി പുറത്ത്; ഇനി കാത്തിരിപ്പിന്റെ നാളുകള്‍; കൂടുതല്‍ അറിയാം
ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും ജനപ്രീയവുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ 16-ാം സീസണിലെത്തി നില്‍ക്കുന്ന ബിഗ് ബോസ് മറ്റ് ഭാഷകളിലും ജനപ്രീയ ഷോയാണ്. മലയാളത്തില്‍ നാല് സീസണുകളാണ് ബിഗ് ബോസ് പിന്നിട്ടിരിക്കുകയാണ്. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ബിഗ് ബോസ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.
നാളിതുവരെ അരങ്ങേറിയതില്‍ ഏറ്റവും നാടകീയവും സംഭവ ബഹുലവുമായൊരു സീസണായിരുന്നു മലയാളത്തില്‍ കഴിഞ്ഞു പോയത്. താരങ്ങള്‍ക്കിടയിലെ മത്സര ബുദ്ധി കൂടിയതിനും വഴക്കും അടിയും കയ്യാങ്കളിയിലേക്ക് എത്തുന്നതുമൊക്കെ പോയ സീസണില്‍ കണ്ടു. ബിഗ് ബോസ് മലയാളം സീസണ്‍ 4 തീര്‍ത്ത ഓളം ഇതുവരെ സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ അഞ്ചാം സീസണിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ കുറച്ച് നാളുകളായി ബിഗ് ബോസ് മലയാളം സീസണ്‍ 5നെക്കുറിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളുമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇതിനിടെ മാര്‍ച്ചില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിി ഷോയുടെ ലോഞ്ച് തിയ്യതിയും പുറത്ത് വന്നിരിക്കുകയാണ്.
ബിഗ് ബോസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യൂബ് ചാനലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുമെന്ന് കരുതപ്പെടുന്ന തിയ്യതി പുറത്ത് വിട്ടിരിക്കുന്നത്. മാര്‍ച്ച് 26 നായിരിക്കും ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ലോഞ്ചിംഗ് എന്നാണ് വീഡിയോയില്‍ പറയുന്നത്.
മാര്‍ച്ച് 26 ന് ഷോയുടെ ലോഞ്ച് നടക്കുമെന്നും ഇതോടൊപ്പം തന്നെ ഹോട്ട് സ്റ്റാറില്‍ ലൈവും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോയ സീസണിലൂടെയാണ് മലയാളത്തില്‍ 24 മണിക്കൂറും ഹോട്ട് സ്റ്റാറില്‍ ലൈവ് സംപ്രേക്ഷണവും ആരംഭിച്ചത്. ഇത് വന്‍ സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ട് തന്നെ വരും സീസണിലും ഈ രീതി തുടരാന്‍ തന്നെയാണ് സാധ്യത. താരങ്ങളെ അടുത്തറിയാന്‍ പ്രേക്ഷകരേയും അത് സഹായിക്കുന്നുണ്ട്.
ഫെബ്രുവരി ആദ്യത്തെ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ തന്നെ അഞ്ചാം സീസണിന്റെ പുതുക്കിയ ലോഗോയും പുറത്ത് വരുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ പുതിയ സീസണിന്റെ തീം എന്താണെന്ന് വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ എല്‍ജിബിടി സൗഹാര്‍ദമായിരുന്നു മുഖ്യ തീം. ലെസ്ബിയന്‍, ഗേ ഓറിയന്റേഷനുള്ള മത്സരാര്‍ത്ഥികളും പോയ സീസണിലുണ്ടായിരുന്നു. ഈ സീസണിലും അതുപോലെ വഴിത്തിരിവായ തീരുമാനം തുടരുമോ എന്നത് കണ്ടറിയണം.
പോയ സീസണിലേത് പോലെ തന്നെ അഞ്ചാം സീസണും നടക്കുക മുംബൈയിലെ സെറ്റില്‍ തന്നെയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഫെബ്രുവരി മൂന്നാം ആഴ്ചയോടെ ലാലേട്ടന്റെ പ്രൊമോ വരുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഷോയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലാലേട്ടന്റെ പ്രൊമോ വീഡിയോയിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. മലയാളത്തില്‍ ഇതുവരെ കാണാത്ത രംഗങ്ങളായിരുന്നു കഴിഞ്ഞ സീസണില്‍ അരങ്ങേറിയത്. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമൊക്കെ ബിഗ് ബോസ് വീട്ടില്‍ പതിവാണെങ്കിലും കയ്യാങ്കളിയിലേക്ക് നീങ്ങുന്നതും അതിന്റെ പേരില്‍ ഒരു മത്സരാര്‍ത്ഥിയെ പുറത്താക്കുന്നതും പോയ സീസണില്‍ കണ്ടു. ഷോയുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് മത്സരാര്‍ത്ഥിച്ച് സ്വയം ഷോയില്‍ നിന്നും ഇറങ്ങിപ്പോകുന്നതിനും നാലാം സീസണ്‍ സാക്ഷ്യം വഹിച്ചിരുന്നു.
ദില്‍ഷ പ്രസന്നന്‍ ആയിരുന്നു നാലാം സീസണിലെ വിന്നര്‍. അതാദ്യമായിട്ടായിരുന്നു മലയാളത്തില്‍ ഒരു സ്ത്രീ ബിഗ് ബോസ് വിന്നറാകുന്നത്. റിയാസ് സലീം, ബ്ലെസ്ലി, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മി പ്രിയ തുടങ്ങിയവരായിരുന്നു ഷോയുടെ അവസാന ഘട്ടം വരെ എത്തിയവര്‍. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന റിയാസ് ടോപ് ത്രീ വരെ എത്തിയത് ബിഗ് ബോസിലൊരു ചരിത്രം തന്നെയായി മാറിയിരുന്നു.


Click it and Unblock the Notifications