'ഫഹദ് കാണിച്ചതാണ് ഓസിഡി, മരിയയുടെ ഓസിഡിയല്ല, ഇങ്ങനെയല്ലത്!'; ദേവു പറയുന്നത് വിഡ്ഢിത്തരം! വിമർശനം
പതിവിൽ നിന്നൊക്കെ വ്യത്യസ്തമായി ഒന്നിച്ചുള്ള ആദ്യ ദിനം തന്നെ അടിപൊട്ടിയ ബിഗ് ബോസ് സീസണാണ് ഇത്തവണത്തേത്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ രണ്ടാമത്തെ എപ്പിസോഡിൽ തന്നെ വീട്ടിൽ വഴക്കും ബഹളവുമാണ് പ്രേക്ഷകർ കണ്ടത്. ബിഗ് ബോസ് വീട്ടിലെ നിലനിൽപിന് വേണ്ട തന്ത്രങ്ങൾ എല്ലാം മെനഞ്ഞാണ് ഇത്തവണ പല മത്സരാർത്ഥികളും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ ആഴ്ച തന്നെ ബിഗ് ബോസ് വീട്ടിൽ ബഹളമയം മാറിയിട്ടുമില്ല.
ഈ സീസണിലെ ആദ്യ വഴക്കുണ്ടായത് വൈബർ ഗുഡ് ദേവു എന്ന ശ്രീദേവിയും ഏയ്ഞ്ചലിൻ മരിയയും തമ്മിലായിരുന്നു. അതിന്റെ ചുവടുപിടിച്ച് ജുനൈസും നാദിറയുമായിട്ടൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഏയ്ഞ്ചലിൻ ഒറ്റപ്പെടൽ സ്ട്രാറ്റജി കാണിക്കുന്നു എന്ന് പറഞ്ഞതിനെ ചൊല്ലി ആയിരുന്നു ഇവർ തമ്മിലെ തകർക്കം. അതിനിടെ തന്റെ ഹാലൂസിനേഷൻ പ്രശ്നങ്ങൾ പറഞ്ഞ് ഏയ്ഞ്ചലിൻ ബിഗ് ബോസിനെ കണ്ടതും താരത്തിന്റെ ഓസിഡി പ്രശ്നങ്ങളുമെല്ലാം ആദ്യ ദിനം മുതൽ ചർച്ചയായി മാറിയിരുന്നു.

തനിക്ക് ഓസിഡി പ്രശ്നങ്ങൾ ഉണ്ടെന്നും അതിന്റെ ഭാഗമായി ഉള്ള ബുദ്ധിമുട്ടുകളാണ് ഹാലൂസിനേഷനുമെല്ലാം എന്നാണ് ഏയ്ഞ്ചലിൻ പറഞ്ഞത്. ഡോക്ടറെ കണ്ട ശേഷം മരിയക്ക് ആവശ്യമായ മരുന്നുകളും മറ്റും ഡോക്ടർമാർ നൽകിയിരുന്നു. എന്നാൽ അതിന്റെ അടുത്ത ദിവസങ്ങളിൽ ഉൾപ്പെടെ കിച്ചൻ ഡ്യൂട്ടിയിലൊക്കെ ഏയ്ഞ്ചലിൻ അലംഭാവം കാണിച്ചത് വീണ്ടും വഴക്കുകൾക്കും സംസാരങ്ങൾക്കും കാരണമായിരുന്നു. ഇതോടെ എയ്ഞ്ചലിന്റെ ഡ്രാമയാണെന്നതടക്കം ചർച്ചകൾ ബിഗ് ബോസ് വീടിന് അകത്തും പുറത്തുമുണ്ടായി.
സോഷ്യൽ മീഡിയയിലും ഏയ്ഞ്ചലിനെ വിമർശിച്ച് നിരവധിപേർ എത്തിയിരുന്നു. അതിനിടെ എയ്‌ഞ്ചലിന്റെ പ്രശ്നങ്ങളെ കുറിച്ച് നാദിറയും വൈബർ ഗുഡ് ദേവുവും സംസാരിച്ചിരുന്നു. സംസാരത്തിനിടയിൽ ദേവു ഓസിഡിയെ കുറിച്ച് പറഞ്ഞത് വിഡ്ഢിത്തമാണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. ദേവുവിന്റെ പരാമർശത്തെ വിമർശിച്ച് ചിലർ രംഗത്ത് എത്തിയിരിക്കുകയാണ്.
ഓസിഡി എന്നാൽ ഇങ്ങനെയല്ല. നോർത്ത് 24 കാതം എന്ന സിനിമയിൽ ഫഹദ് കാണിക്കുന്നതാണ് ഓസിഡി എന്നാണ് വൈബർ ഗുഡ് ദേവു പറഞ്ഞത്. ഏയ്ഞ്ചലിൻ വന്നിട്ട് കുളിച്ചിട്ട് പോലുമില്ലെന്നും ദേവു പറയുന്നുണ്ട്. ഏയ്‌ഞ്ചലിനെ സംബന്ധിച്ച് ട്രോളായിട്ടോ എങ്ങനെയെങ്കിലും തന്റെ പേര് വരണം എന്നത് മാത്രമാണ് ഉദ്ദേശമെന്നുമാണ് ദേവു പറഞ്ഞത്.
ഓസിഡി എന്നാൽ അത് വൃത്തിയുമായി ബന്ധപ്പെട്ട് മാത്രം നിൽക്കുന്നത് അല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഓസിഡികൾ പല താരത്തിലുണ്ട്. അങ്ങനെ നോക്കുമ്പോൾ ഏയ്‌ഞ്ചലിന്റെ പേടിയൊക്കെ ഓസിഡിയുടെ ഭാഗമായി വരാവുന്നതാണ്. എന്നാൽ ഏയ്ഞ്ചലിന്റെത് ലക്ഷണങ്ങൾ വെച്ച് ഓസിഡി അല്ലെന്ന് തന്നെയാണ് പ്രേക്ഷകരുടെ പക്ഷം.
എന്നാൽ ഓസിഡിയെ കുറിച്ച് ദേവു പറഞ്ഞതാണ് വിഢിത്തമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ നോർത്ത് 24 കാതത്തിൽ ഫഹദിന്റെ കഥാപാത്രത്തിന് ഉള്ളത് ഒബ്സസീവ്-കംപൾസീവ് പേഴ്സണാലിറ്റി ഡിസോർഡർ അഥവാ ഓസിപിഡി എന്ന അവസ്ഥയാണെന്നും പറയുന്നു.

മുൻപും തനിക്ക് വ്യകതമായ ബോധമില്ലാത്ത വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞും പരാമർശങ്ങൾ നടത്തിയും വൈബർ ഗുഡ് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ അത്തരത്തിലുള്ള പല പഴയ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതിനിടെയാണ് ബിഗ് ബോസ് വീട്ടിൽ പറഞ്ഞ ഇത്തരം ചില കാര്യങ്ങളും ചർച്ചയാകുന്നത്. ബിഗ് ബോസിൽ ദേവുവിന് ആദ്യ ദിനം മുതൽ പണി പാളുകയാണെന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ ദിവസം വിഷ്ണുവുമായുള്ള തർക്കത്തിനിടെ വിഷ്ണുവിനോട് നീ മര്യാദയുള്ള പെണ്ണുങ്ങളെ കണ്ടിട്ടില്ല എന്നൊരു പ്രയോഗം ദേവു നടത്തിയിരുന്നു. ഉടൻ തന്നെ ആരാണ് മര്യാദയുള്ള സ്ത്രീകൾ എന്ന് ചോദിച്ച് ദേവുവിന്റെ പൊളിറ്റിക്കലി ഇൻകറക്ടായ വാക്കുകളെ വിഷ്ണു പൊളിച്ചിരുന്നു. വരും ദിവസങ്ങളിൽ ദേവുവിന്റെ യഥാർത്ഥ മുഖം പുറത്തുവരും, ഇപ്പോഴേ വന്നു തുടങ്ങി എന്നൊക്കെ ആയിരുന്നു പ്രേക്ഷകർ അഭിപ്രയപ്പെട്ടത്.


Click it and Unblock the Notifications