മഞ്ഞുരുകി, ബിഗ് ബോസിന് ശേഷം വിഷ്ണുവിന്റെയും ദേവുവിന്റെയും കൂടിക്കാഴ്ച; ഇതാണ് ഈ സീസണിന്റെ പ്രത്യേകത!
ബിഗ് ബോസ് മലയാളം സീസൺ 5 അതിന്റെ അവസാന ആഴ്ചയിൽ എത്തി നിൽക്കുകയാണ്. അഞ്ച് ദിവസങ്ങൾക്ക് അപ്പുറം ഒരാൾ കപ്പുയർത്തും. അത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. നിലവിൽ ഏഴ് മത്സരാർത്ഥികളാണ് ഹൗസിൽ അവശേഷിക്കുന്നത്. പണപ്പെട്ടി ടാസ്ക് പൂർത്തിയാകുമ്പോൾ ഫൈനൽ ഫൈവിലേക്ക് മത്സരിക്കാൻ ആരൊക്കെയുണ്ടാകും എന്നും പ്രേക്ഷകർ ഉറ്റുനോക്കുകയാണ്.
മറ്റു സീസണുകളെ അപേക്ഷിച്ച് ബിഗ് ബോസ് ആരാധകരെ നിരാശപ്പെടുത്തിയ ഒരു സീസൺ ആണിതെന്ന അഭിപ്രായമുണ്ട്. മത്സരവീര്യം കുറഞ്ഞ മത്സരാർത്ഥികൾ ആയിരുന്നു ഏറെയും എന്നാണ് ആക്ഷേപം. എന്നാൽ മത്സരാർത്ഥികൾക്കിടയിലെ സൗഹൃദത്തിന് പ്രേക്ഷകർ ആദ്യം മുതൽ കയ്യടിക്കുന്നുണ്ട്. ഒരുപാട് നല്ല സൗഹൃദങ്ങൾ ഇത്തവണ ഹൗസിനുള്ളിൽ കാണാൻ സാധിച്ചു. സുഹൃത്തുക്കൾക്കിടയിലെ ചില പൊട്ടിത്തെറികളും ശ്രദ്ധനേടി.

അത്തരത്തിൽ ആദ്യം പ്രേക്ഷക ശ്രദ്ധനേടിയ സൗഹൃദമായിരുന്നു വൈബർ ഗുഡ് ദേവുവും വിഷ്ണു ജോഷിയും തമ്മിലേത്. വഴക്കിൽ നിന്നായിരുന്നു ഇവരുടെ സൗഹൃദം തുടങ്ങിയത്. എന്നാൽ വൈകാതെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഒടുവിൽ അഞ്ചാമത്തെ വാരം വൈബർ ഗുഡ് ദേവു പുറത്താകുന്നത് വരെ ആ പ്രശ്നങ്ങൾ നിലന്നിരുന്നു. ഹൗസിൽ നിന്ന് പുറത്തെത്തിയ ശേഷം വിഷുവിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് ദേവു രംഗത്തെത്തുകയുണ്ടായി.
വിഷ്ണുവും ആരാധകരും പിആറും ചേർന്ന് തനിക്കും കുടുംബത്തിനും എതിരെ ഡീഗ്രേഡിങ്ങും സൈബർ അറ്റാക്കുമാണെന്ന് ദേവു ആരോപിച്ചു. തന്റെ സൗഹൃദത്തെ വിഷ്ണു നടത്തിയ ആക്റ്റിലൂടെ പ്രേക്ഷകർ തെറ്റിദ്ധരിച്ചു. താൻ ഹൗസിൽ വെറുക്കുന്ന ഏക വ്യക്തി അയാളാണ്. ഒരിക്കലും കാണാനോ സംസാരിക്കാനോ താത്പര്യമില്ല എന്നൊക്കെ ആയിരുന്നു ദേവു അഭിമുഖങ്ങളിൽ പറഞ്ഞത്. ഈ സമയമെല്ലാം വിഷ്ണു ബിഗ് ബോസ് ഹൗസിലായിരുന്നു.
അടുത്തിടെ വിഷ്ണുവും ഷോയിൽ നിന്ന് എവിക്റ്റായി. ഹൗസിൽ സംഭവിച്ചതെല്ലാം അതിന്റെ പടിക്കൽ വെച്ചിട്ടാണ് താൻ ഇറങ്ങിയതെന്നും ആരുമായും തനിക്ക് പ്രശ്നങ്ങൾ ഇല്ലെന്നുമാണ് വിഷ്ണു പുറത്തെത്തിയ ശേഷം പ്രതികരിച്ചത്. ഇപ്പോഴിതാ ഹൗസിന് പുറത്ത് വിഷ്ണുവും ദേവുവും കണ്ടുമുട്ടിയിരിക്കുകയാണ്. സഹമത്സരാർത്ഥി ആയിരുന്ന മനീഷയുടെ വീട്ടിൽ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. അതിന്റെ വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.
വിഷ്ണു തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മനീഷയുടെ വീട്ടിലേക്കെത്തിയ ദേവുവിന് ഒളിച്ചു നിന്ന് വിഷ്ണു സർപ്രൈസ് നൽകുകയായിരുന്നു. മറ്റൊരു മത്സരാർത്ഥിയായ അഞ്ജൂസ് റോഷ്, അഖിൽ മാരാരിന്റെ സുഹൃത്തായ ഹരി, മനീഷയുടെ മക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ഇവരുടെ കൂടിക്കാഴ്ച. 'എന്റെ ശ്രീദേവി ചേച്ചിയെ കാണാൻ പോവുകയാണ്. ബിഗ് ബോസിന് ശേഷം ആദ്യമായാണ് കാണുന്നത്. സർപ്രൈസ് ആയിട്ട് വെച്ചേക്കുകയാണ്' എന്ന് പറഞ്ഞാണ് വിഷ്ണു വീഡിയോ ആരംഭിക്കുന്നത്.

തുടർന്ന് വാതിലിന് പിന്നിൽ പോയി നിൽക്കുകയും അഞ്ജൂസ് വാതിൽ തുറന്ന് നൽകിയ ശേഷം അകത്തേയ്ക്ക് കയറിയ ദേവുവിനെ ഒച്ചവെച്ച് പേടിപ്പിക്കുകയുമായിരുന്നു വിഷ്ണു. എന്റെ മുത്തുമണി എത്തി എന്ന് പറഞ്ഞ് വിഷ്ണു ദേവുവിനെ കെട്ടിപ്പിടിക്കുന്നതും കാണാം. തുടർന്ന് അഖിൽ മാരാരിന്റെ സുഹൃത്തുക്കളായ ഹരിയേയും നിതീഷിനെയും ഒപ്പം തന്റെ സഹോദരൻ അർജുനെയും മനീഷയുടെ മക്കളെയും വിഷ്ണു പരിചയപ്പെടുത്തുന്നുണ്ട്.
വൃത്തിക്കെട്ടവൻ, ഇതവന്റെ സ്ട്രാറ്റജിയാണ് എന്നൊക്കെ ദേവു വീഡിയോയിൽ തമാശയായി പറയുന്നുണ്ട്. അതേസമയം എല്ലാം മറന്ന് ഒന്നായതിൽ നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. ഈ സീസണിന്റെ പ്രത്യേകതയാണ് ഇതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എല്ലാവരും നല്ല മനസിന് ഉടമകളാണെന്നും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം എന്നൊക്കെയാണ് കമന്റുകൾ. വ്യക്തിപരമായി വൈരാഗ്യം ഒന്നും വെച്ചുപുലർത്താത്തതിന് വിഷ്ണുവിന് ആരാധകർ കയ്യടിക്കുന്നുണ്ട്.


Click it and Unblock the Notifications