ബിഗ്ബോസ് ഓഡിഷന് എത്താൻ കരഞ്ഞുകൊണ്ട് സ്റ്റേഷനിലൂടെ ഓടി; ഒരുപാട് ആഗ്രഹിച്ചാണ് അവിടെ എത്തിയത്: വിഷ്ണു
ബിഗ് ബോസ് മലയാളം സീസൺ 5 ലെ പ്രേക്ഷകരുടെ ഇഷ്ടമത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്‌ണു ജോഷി. കഴിഞ്ഞ എവിക്ഷനിലാണ് വിഷ്ണു ബിഗ് ബോസ് ഹൗസിൽ നിന്ന് പടിയിറങ്ങിയത്. ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ വിശ്വസിച്ച മത്സരാർത്ഥിയായിരുന്നു വിഷ്‌ണു. മുൻ സീസണുകൾ എല്ലാം കണ്ട് വ്യക്‌തമായ ഗെയിം പ്ലാനുമായാണ് വിഷ്ണു ഷോയിലേക്ക് എത്തിയത്. താൻ ഒരുപാട് ആഗ്രഹിച്ചാണ് ഈ പ്ലാറ്റ്ഫോമിൽ എത്തിയതെന്ന് വിഷ്ണു പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനായി ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് വിഷ്ണു. സൂരറൈ പോട്ര് എന്ന സിനിമയിൽ അച്ഛന്റെ മരണവർത്ത അറിഞ്ഞ് വരുന്ന സൂര്യയുടെ അവസ്ഥ ആയിരുന്നു തന്റേതെന്നാണ് വിഷ്ണു പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണു ജോഷി.

"ബിഗ് ബോസ് ഓഡിഷനിലേക്ക് വിളിക്കുമ്പോൾ ഞാൻ ബാംഗ്ലൂരിൽ ആണ്. പിറ്റേന്ന് ആണ് ഓഡിഷനെങ്കിൽ തലേ ദിവസമാണ് ഞാൻ ബാംഗ്ലൂരിൽ നിന്ന് പോരുന്നത്. ഞാൻ ട്രെയിൻ ബുക്ക് ചെയ്തു. വീട്ടിൽ നിന്ന് ഇറങ്ങി. ബാംഗ്ലൂർ നല്ല ബ്ലോക്കാണ്. അതുകൊണ്ട് ഞാൻ ബൈക്ക് ടാക്‌സി പിടിച്ചു. 8:10ന് ആണ് ട്രെയിൻ.
സമയം 7:35 ആയി എന്റെ വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരമേ ആയിട്ടുള്ളു. ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട് വീട്ടിൽ നിന്ന് സ്റ്റേഷനിലേക്ക്. ബൈക്ക് ടാക്സി ആയിട്ടും ഇയാൾ കിട്ടുന്ന ഗ്യാപിലൂടെ വണ്ടി ഓടിക്കാൻ തയ്യാറാവുന്നില്ല.
ട്രെയിൻ പോയാൽ എന്താകും എന്ന ടെൻഷനായി. ഞാൻ ബൈക് ടാക്സിയിൽ നിന്നിറങ്ങി ഓടാൻ തുടങ്ങി. എനിക്കപ്പോൾ ഓർമ്മ വന്നത് സൂരറൈ പോട്ര് എന്ന സിനിമയിൽ അച്ഛന്റെ മരണവർത്ത അറിഞ്ഞ് വരുന്ന സൂര്യ വിമാനത്താവളത്തിൽ കിടന്ന് നാട്ടിലേക്ക് എത്തിപ്പെടാൻ നടത്തുന്ന ശ്രമമാണ്. അതുപോലെ തന്നെ ഞാൻ വലിയ ബാഗും തൂക്കി റോഡിലൂടെ കിടന്ന് ഓടുകയാണ്. റോഡിലൂടെ പോകുന്ന ആളുകളെയൊക്കെ കൈ കാണിച്ച് എന്നെ ഒന്ന് സ്റ്റേഷനിൽ ആക്കാമോ എന്നൊക്കെ ചോദിക്കുന്നുണ്ട്", വിഷ്ണു പറയുന്നു.
"ബാംഗ്ലൂരിൽ അങ്ങനെ എല്ലാവരും ലിഫ്റ്റ് തരില്ല. എത്താൻ പറ്റിയില്ലെങ്കിലോ എന്നോർത്ത് കരയുന്നുണ്ട് ഞാൻ. ഒരു ചേട്ടൻ നിർത്തി. എനിക്ക് വേഗം റയിൽവെ സ്റ്റേഷനിൽ എത്തണം എന്റെ ലൈഫിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് പറഞ്ഞു. പുള്ളി മെട്രോ സ്റ്റേഷനിൽ വിടാമെന്ന് പറഞ്ഞു. അങ്ങനെ മെട്രോ കയറി സ്റ്റേഷന്റെ അവിടെ ഇറങ്ങി. അവിടുത്തെ സ്റ്റേഷൻ വലുതാണ്. അവിടെയെല്ലാം ഈ ബാഗും തൂക്കി കരഞ്ഞുകൊണ്ട് ഞാൻ ഓടുകയാണ്.
എന്റെ പക്ക് ഒക്കെ കുളത്തി പിടിച്ചിട്ട് ഓടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അവസാനം ട്രെയിൻ എടുക്കുന്നതിന് തൊട്ട് മുൻപ് ഞാൻ അതിൽ ഓടി കയറി. അവിടെ ഇരുന്നപ്പോഴാണ് എനിക്ക് സമാധാനമായത്. ആളുകൾ നോക്കുമ്പോൾ കാണുന്നത് ഒരു ചെക്കൻ ബാഗും തൂക്കി കരഞ്ഞുകൊണ്ട് ഓടുന്നതാണ്. ഓഡിഷന് പോയിട്ട് കിട്ടാതെ പോയാൽ പോട്ടെയെന്ന് വയ്ക്കാം. ഇത് അങ്ങനെയല്ലല്ലോ. അതുകൊണ്ടാണ് ഒരുപാട് സങ്കടം വന്നത്", വിഷ്ണു പറഞ്ഞു.

എന്നാൽ ഇത്രയും കഷ്ടപ്പെട്ട് അവിടെ എത്തിയപ്പോഴേക്കും ഇത് തനിക്ക് കിട്ടുമെന്ന് തോന്നിയിരുന്നു എന്ന് വിഷ്ണു വ്യക്തമാക്കി. ആറ് പേരാണ് ഓഡിഷൻ ചെയ്തത്. ഓഡിഷൻ ചെയ്ത് കഴിഞ്ഞ് അറിയിക്കാമെന്ന് പറഞ്ഞ് അവർ വിട്ടു. പക്ഷേ കുറെ ആയിട്ടും വിളിച്ചില്ല. പിന്നെ തുടരെ തുടരെ വിളിച്ച ശേഷമാണ് അവർ സെലെക്റ്റഡ് ആണെന്ന് അറിയിക്കുന്നതെന്നും വിഷ്‌ണു പറഞ്ഞു.
താൻ ഉൾപ്പടെ രണ്ടു മൂന്ന് പേരാണ് ഈ സീസണിൽ അങ്ങോട്ട് സമീപിച്ച് ബിഗ് ബോസിലേക്ക് എത്തിയതെന്നും ഭൂരിപക്ഷം പേരും ബിഗ് ബോസ് നേരിട്ട് സെലക്റ്റ് ചെയ്തതവരാണെന്നും വിഷ്‌ണു കൂട്ടിച്ചേർത്തു. പുറത്തായല്ലോ എന്ന സങ്കടം തനിക്ക് ഉണ്ടായിട്ടില്ലെന്നും ഒരുപാട് ആഗ്രഹിച്ചാണ് അവിടെ എത്തിയതെന്നും വിഷ്ണു പറഞ്ഞു.


Click it and Unblock the Notifications