വിളിച്ചിറക്കാൻ ചെന്നപ്പോൾ ഇറങ്ങിവരാതിരുന്ന ലക്ഷ്മി; 75 പവൻ വാടകയ്‌ക്കെടുത്ത് വിവാഹം: അഖിലിന്റെ കല്യാണക്കഥ!
ബിഗ് ബോസ് സീസൺ ഫൈവിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. ഷോ ഫിനാലെ വീക്കിൽ എത്തിനിൽക്കുമ്പോൾ കപ്പുയർത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മത്സരാർത്ഥികളിൽ പ്രധാനിയും അഖിലാണ്. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ നെഗറ്റീവ് ഇമേജുമായി ഹൗസിലേക്ക് എത്തിയ മത്സരാർത്ഥിയാണ് അഖിൽ. ആദ്യ ആഴ്ചകളിൽ ഉണ്ടായ ഹൗസിനകത്തുണ്ടായ ചില വഴക്കുകളുടെയും തർക്കങ്ങളുടെയും പേരിൽ അഖിൽ മാരാർ വിമർശിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് വലിയ സ്വീകാര്യതയുള്ള മത്സരാർത്ഥിയായി മാറി.
അഖിലിനോടുള്ള ഇഷ്ടം അഖിലിന്റെ കുടുംബത്തോടും ഇന്ന് ആരാധകർക്കുണ്ട്. ഫാമിലി വീക്കിൽ അഖിലിന്റെ ഭാര്യ രാജലക്ഷ്മിയും കുട്ടികളായ പ്രാർത്ഥനയും പ്രകൃതിയും ഹൗസിലേക്കെത്തിയത് സോഷ്യൽമീഡയിൽ ആരാധകർ ആഘോഷമാക്കിയിരുന്നു. നിങ്ങളുടെ ആശയങ്ങളോട് യോജിപ്പില്ലെങ്കിലും നിങ്ങളിലെ അച്ഛനോട്, ഭർത്താവിനോട് ഒക്കെ വളരെ സ്നേഹം തോന്നുന്നു എന്നായിരുന്നു അന്നത്തെ എപ്പിസോഡിന് ശേഷം വിമർശകർ പോലും പ്രതികരിച്ചത്.
അതിനു പിന്നാലെ അഖിലിന്റെ കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അഖിലിന്റെ വിവാഹ വിഡിയോയും വിവാഹത്തെ കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങളുമെല്ലാം ശ്രദ്ധനേടുന്നുണ്ട്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. അഖിൽ തന്റെ പ്രണയവിവാഹത്തെ കുറിച്ച് ഒരിക്കൽ പറഞ്ഞതിങ്ങനെയാണ്..
"രണ്ടുവർഷമായി മുടങ്ങികിടന്ന വീടിന്റെ പണിയുടെ കാര്യങ്ങൾ സംസാരിക്കാൻ രാഷ്ട്രീയക്കാരനായ തന്നെ കാണാൻവന്ന വക്കീലായ അമ്മയ്ക്ക് ഭാവിയിൽ എംഎൽഎയൊക്കെ ആകുമെന്ന് തോന്നുന്ന ചെറുപ്പക്കാരനെകൊണ്ട് മകളെ വിവാഹം കഴിപ്പിക്കാൻ തോന്നി. അവരുടെ വീട്ടിൽ പോകുകയും സഹകരിക്കുകയും ചെയ്ത് വരുമ്പോൾ അധികം സൗഹൃദങ്ങളില്ലാത്ത ഒരാളായ ലക്ഷ്മിയ്ക്ക് എന്നോട് ഒരു അടുപ്പം തോന്നുന്നു, അത് പതിയെ പ്രണയം ആവുന്നു.
ഞങ്ങളുടെ പ്രണയം രണ്ടുവർഷമൊക്കെ ആയപ്പോൾ എന്നെ ആ വീട്ടിൽ കയറ്റാതെയായി. ലക്ഷ്മി അവരുടെ ഒറ്റമകളാണ്, ഞാൻ അവരുടെ പൈസ കണ്ടിട്ട് അവളുടെ കൂടെ കൂടിയതാണ് എന്നൊക്കെ ആരൊക്കെയോ ചെന്ന് പറഞ്ഞു കൊടുത്താണ് എന്നെ വീട്ടിൽ കയറ്റാതെയാക്കിയത്. അച്ഛൻ വിളിച്ച് അവരോട് ഒരു നിശ്ചയം നടത്തിവച്ചാലോ എന്ന് ചോദിച്ചപ്പോൾ ലക്ഷ്മിയുടെ വീട്ടുകാർ പറഞ്ഞത് തെക്ക് വടക്ക് തെണ്ടിതിരിഞ്ഞു നടക്കുന്നവന് കൊടുക്കാൻ ഇവിടെ പെണ്ണില്ല എന്നായിരുന്നു.
അവർ ഇത് പറഞ്ഞതും പാതിരാത്രി തന്നെ അവരുടെ വീട്ടിലേക്ക് ഞാൻ പോയി. അവളും അവളുടെ അച്ഛനും അമ്മയും ഒക്കെയായിട്ട് ഉന്തും തള്ളുമൊക്കെയായി അവസാനം അവിടെയുള്ള ഡൈനിങ് ടേബിളും അടിച്ചു പൊട്ടിച്ചു. എന്നിട്ട് അവളോട് ഇറങ്ങി വരാൻ പറഞ്ഞു. അവൾ കൂടെ വരാതിരുന്നപ്പോൾ എല്ലാം ഇവിടെ അവസാനിച്ചുവെന്ന് കരുതി തിരിച്ചുപോന്നു. വീടിനടുത്ത് എത്താറായപ്പോൾ ഇറങ്ങിവരാമെന്ന് പറഞ്ഞ് അവൾ വിളിച്ചു.

അവിടെ ചെന്നപ്പോൾ പ്രശ്നം ഉണ്ടാക്കേണ്ട കല്യാണം നടത്തിതരാം എന്നായി. പക്ഷേ ഞങ്ങളുടെ കയ്യിൽ പൈസയൊന്നും ഇല്ലെന്ന് പറഞ്ഞു. സ്ത്രീധനം വാങ്ങരുത് എന്ന കാഴ്ചപ്പാട് ഉള്ളതുകൊണ്ട്, ഒരു കരിമണിമാല മാത്രം ഇട്ടുവരാമോ എന്നാണ് ഞാൻ ചോദിച്ചത്. അവർക്ക് പക്ഷേ അവരുടെ മോൾ സ്വർണം ഇട്ടുതന്നെ കേറണം എന്നായിരുന്നു. ഭാവിയിൽ ഞാൻ ആരേലുമൊക്കെയാകുമ്പോൾ എനിക്ക് വേദിയിൽനിന്ന് പ്രസംഗിക്കുമ്പോൾ പറയാനുള്ളതാണ്. അന്ന് നിന്റെ കല്യാണ ഫോട്ടോ കണ്ടോയെന്ന് ആരും ചോദിക്കാനിടവരരുത് എന്ന് ഞാനും പറഞ്ഞു.
സ്വർണ്ണമിട്ട് തന്നെ മകൾ കല്യാണത്തിന് വരണമെന്ന് അവർക്ക് ആഗ്രഹമാണ് എന്നാൽ പെട്ടെന്ന് കല്യാണം നടത്താനും സ്വർണം വാങ്ങാനുമുള്ള കാശുമില്ലെന്ന് പറഞ്ഞപ്പോൾ 75 പവൻ കല്യാണ ദിവസത്തേക്ക് വാടകയ്ക്ക് എടുത്തു കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. അവളുടെ അച്ഛനും അമ്മയും പത്തുപേരെ കല്യാണം വിളിച്ചിട്ടുണ്ട് എന്നല്ലാതെ കല്യാണ ചിലവും ഓഡിറ്റോറിയം ബുക്ക് ചെയ്തതും പാചകക്കാരെ ഏർപ്പാടിക്കിയതുമെല്ലാം എന്റെ കാശിനു തന്നെയായിരുന്നു. അങ്ങനെ ജനുവരി ഒന്നിന് കല്യാണം നടന്നു", അഖിൽ മാരാർ പറഞ്ഞു.


Click it and Unblock the Notifications