'നിങ്ങൾക്ക് കാണാനുള്ള സിനിമയല്ല ഞാൻ എടുക്കുന്നതെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്'; ഒമർ ലുലു പറഞ്ഞത്
മലയാള സിനിമയിലെ വ്യത്യസ്തനായ സംവിധായകനാണ് ഒമർ ലുലു സംവിധാന സഹായി ആയി പ്രവർത്തിക്കാതെ, യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ വന്ന് സിനിമയൊരുക്കി വിജയിച്ച ആളാണ് അദ്ദേഹം. പുതുമുഖങ്ങളെ പ്രധാന താരങ്ങളാക്കി സിനിമയെടുത്ത് അത് വലിയ ജനശ്രദ്ധ നേടുന്ന വിധത്തിൽ എത്തിക്കാനും സാമ്പത്തികമായി വിജയം നേടാനുമൊക്കെ ഒമർ ലുലുവിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചെയ്ത സിനിമകളുടെ പേരിലൊക്കെ തന്നെ പലപ്പോഴും വിവാദങ്ങളിൽ പെടുകയും ചെയ്തിട്ടുണ്ട് ഒമർ ലുലു.
സിനിമകളിൽ ഡബിൾ മീനിങ് ഉപയോഗിക്കുന്നതിന്റെ പേരിലാണ് ഒമർ ലുലു കൂടുതലായും വിമർശിക്കപ്പെട്ടിട്ടുള്ളത്. നല്ല സമയം ആയിരുന്നു ഒമർ ലുലുവിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ ചിത്രത്തിനെതിരെ എകസൈസ് കേസെടുക്കുകയും അതേ തുടർന്ന് ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിക്കുകയുമൊക്കെ ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.

എന്നാൽ ഓടിടിയിൽ എത്തിയ ചിത്രം മോശം സിനിമയെന്ന പേരിലും വിമർശനങ്ങൾ ഏറ്റു വാങ്ങുകയുണ്ടായി. അതിനിടെയാണ് ഒമർ ലുലു ബിഗ് ബോസിൽ എത്തുന്നത്. ബിഗ് ബോസ് മലയാളം സീസൺ 5ൽ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രി ആയിട്ടാണ് ഒമർ ലുലു ബിഗ് ബോസ് വീട്ടിൽ പ്രവേശിച്ചത്. ഇപ്പോഴിതാ, ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് ഒമർ ലുലു മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്.
തന്റെ സിനിമകൾ കാണേണ്ടന്ന് കുടുംബത്തോടെ താൻ പറഞ്ഞിട്ടുണ്ട് എന്നാണ് ഒമർ ലുലു പറയുന്നത്. ഡബിൾ മീനിങ് വരുന്ന സിനിമകൾ കണ്ട് വീട്ടുകാർ എന്താണ് പറയാറുള്ളത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഒമർ ലുലു.
'നിങ്ങൾക്ക് കാണാനുള്ള സിനിമയല്ല ഞാൻ എടുക്കുന്നതെന്ന് ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. എന്റെ സിനിമകൾ നിങ്ങൾ കാണണ്ടെന്ന് തന്നെ പറഞ്ഞിട്ടുണ്ട്. പപ്പ പ്രത്യേകിച്ച് കാണില്ല, ജമാഅത്തെ ഇസ്ലാമിക്കാരനാണ്. ബന്ധുക്കൾ സിനിമ കണ്ട് അസ്വസ്ഥത പ്രകടിപ്പിച്ചാൽ ഞാൻ പറയും, നിങ്ങൾ പ്രൊഡ്യൂസ് ചെയ്തോളു, നിങ്ങൾ പറയുന്നത് പോലെയുള്ള സിനിമ ഞാൻ എടുത്ത് തരാമെന്ന്', ഒമർ ലുലു പറഞ്ഞു.

തന്റെ സിനിമകളെ കുറിച്ചൊക്കെ ഒമർ ലുലു സംസാരിച്ചിരുന്നു. ചെയ്ത സിനിമകളിൽ ധമാക്കയാണ് സാമ്പത്തികമായി പരാജയപ്പെട്ടത്. ബാക്കി സിനിമകളൊക്കെ നല്ല ലാഭമായിരുന്നു. അഡാർ ലവ് ഒക്കെ പ്രോഫിറ്റബിൾ ആയിരുന്നു. പുലിമുരുഗനെക്കാൾ വലിയ തുകയ്ക്കാണ് അഡാർ ലവിന്റെ ഡബ്ബിങ് റൈറ്റ്സ് വിറ്റു പോയത്.
ഒരിക്കൽ എന്നെ കളിയാക്കിയ ആളോട് ഞാൻ പറഞ്ഞത് രണ്ടു പുതിയ പിള്ളേരെ വെച്ച് ഒരു സിനിമ ചെയ്ത് 2000 തിയേറ്ററുകളിൽ റിലീസ് ചെയ്ത് കാണിച്ചു താ എന്നായിരുന്നുവെന്നും ഒമർ ലുലു പറഞ്ഞു. അതേസമയം, ബിഗ് ബോസ് വീട്ടിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ആളായിട്ടാണ് പ്രേക്ഷകർ ഒമർ ലുലുവിനെ കണ്ടതെങ്കിലും അതായിരുന്നില്ല സംഭവിച്ചത്.
എന്നാൽ ബിഗ് ബോസിൽ എത്തിയ ശേഷം ഒമർ ലുലുവിന്റെ ഇമേജ് മാറിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പുറത്തു കണ്ട ആളെയല്ല ബിഗ് ബോസ് വീടിനകത്ത് കണ്ടതെന്നാണ് പ്രേക്ഷകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഒമർ ലുലു പങ്കുവച്ച പുതിയ ചിത്രങ്ങൾക്ക് താഴെയെല്ലാം ഇത്തരത്തിലുള്ള കമന്റുകളാണ്. രണ്ടാഴ്‌ചകൾ മാത്രമാണ് ഒമർ ലുലു ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്.


Click it and Unblock the Notifications