സെറീനയുടെ അപ്രതീക്ഷിത എവിക്ഷൻ എന്തുകൊണ്ട്? തിരിച്ചടിയായത് റെനീഷയുമായുള്ള വഴക്കോ!
ബിഗ് ബോസ് മലയാളം സീസൺ 5 ന് ഇന്ന് തിരശ്ശീല വീഴുകയാണ്. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിൽ വിജയ കിരീടം അണിയുന്നത് ആരാണെന്ന് ഇന്നറിയാം. വൈകുന്നേരം ഏഴ് മണി മുതൽ ഗ്രാൻഡ് ഫിനാലെ ആരംഭിക്കും. ഇന്നലെ അർദ്ധരാത്രിയോടെ വോട്ടിങ് അവസാനിച്ചു. 100 ദിവസം ഹൗസിനുള്ളിൽ കഴിച്ചുകൂട്ടിയ മത്സരാർത്ഥികളിൽ നിന്നും പ്രേക്ഷകർ തെരഞ്ഞെടുത്ത ആ ഒരു മത്സരാർത്ഥി ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.
നിലവിൽ അഞ്ച് പേരാണ് ഹൗസിൽ അവശേഷിക്കുന്നത്. അഖിൽ മാരാർ, റെനീഷ റഹ്മാൻ, ജുനൈസ്, ശോഭ വിശ്വനാഥ്, ഷിജു എന്നിവരാണ് ആ മത്സരാർത്ഥികൾ. സ്പോട്ട് എവിക്ഷനിലൂടെ സെറീന ഇന്നലെ പുറത്തായതോടെയാണ് ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഫൈനൽ ഫൈവ് ചിത്രം തെളിഞ്ഞത്. അപ്രതീക്ഷിതമായിരുന്നു സെറീനയുടെ എവിക്ഷൻ. വളരെ നാടകീയമായ നിമിഷങ്ങള്‍ക്ക് ഒടുവിലായിരുന്നു മോഹൻലാല്‍ എവിക്ഷൻ പ്രഖ്യാപിച്ചത്.

മോഹൻലാല്‍ വീട്ടിലേക്ക് വരുകയും എവിക്ഷൻ പ്രഖ്യാപിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഹൗസിലേക്ക് എത്തിയ മോഹൻലാലിനെ അമ്പരപ്പോടെയാണ് മത്സരാർത്ഥികൾ സ്വീകരിച്ചത്. അൽപനേരം ഹൗസിൽ ചെലവഴിച്ച ശേഷമാണ് സെറീന എവിക്റ്റ് ആയതായി മോഹൻലാല്‍ പ്രഖ്യാപിച്ചത്. ഞാൻ പോകുമ്പോൾ ഒരാളെയും കൊണ്ടുപോകുമെന്ന് മോഹൻലാൽ ആദ്യമേ പറഞ്ഞിരുന്നു.
മുമ്പ് ഒരിക്കല്‍ ഷോയിൽ നിന്നും സെറീന എവിക്റ്റായിരുന്നു. എന്നാല്‍ സ്ത്രീ പ്രാതിനിധ്യം കുറവെന്ന പേരിൽ സെറീനയെ സീക്രട്ട് റൂമിലേക്ക് മാറ്റി വീണ്ടും ഒരവസരം കൂടി നൽകി. അതിന് ശേഷമാണു ഫിനാലെയുടെ തലേദിവസമുള്ള ഈ പുറത്തുപോക്ക്. അതേസമയം സെറീനയുടെ അവസാന നിമിഷമുള്ള പുറത്തുപോക്കിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
അവസാന ഘട്ടത്തിൽ ഷോയിൽ ഉണ്ടായിരുന്നതിൽ നേരത്തെ പുറത്തുപോകാൻ സാധ്യതയുള്ള മത്സരാർത്ഥി ആയിരുന്നു സെറീന എന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം എന്തുകൊണ്ട് ഇപ്പോൾ പുറത്താക്കി എന്ന ചോദ്യങ്ങളുമുണ്ട്.
ഇതുവരെയുള്ള വോട്ടിങ്ങിൽ ഏറ്റവും പിന്നിൽ ആയത് കൊണ്ടാണ് സെറീനയെ പുറത്താക്കിയിരിക്കുന്നത് എന്നാണ് വിവരം. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ അദിതിയെ 95-ാം ദിവസം മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്താക്കിയിരുന്നു. ആ സീസണിൽ അഞ്ച് പേരാണ് ഫിനാലെയിൽ ഉണ്ടായിരുന്നത്. അതിനു ശേഷം ആദ്യമായണ് ഫൈനൽ ഫൈവുമായി ഒരു ഫിനാലെ നടക്കുന്നത്. കഴിഞ്ഞ തവണ ആറ് പേരാണ് അവസാനം ഉണ്ടായിരുന്നത്.
തുടക്കത്തിൽ ഷോയെ കുറിച്ച് വലിയ ധാരണയില്ലാതെ വന്ന മത്സരാർത്ഥി ആയിട്ടാണ് സെറീനയെ പ്രേക്ഷകർ വിലയിരുത്തിയത്. ഒരു വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ പറയാനോ ഒന്നും തയ്യാറാകാതെ നിന്നതോടെ ആദ്യ ആഴ്ചകളിൽ തന്നെ പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് പ്രേക്ഷകർ കരുതി. എന്നാൽ റെനീഷയും അഞ്ചൂസുമായുള്ള സൗഹൃദവും അതിനുള്ളിലെ വഴക്കുകളും ഗുണം ചെയ്തു. പിന്നീട് സാഗറുമായിട്ടുണ്ടായിരുന്ന സൗഹൃദവും സെറീനയ്ക്ക് സഹായകമായി.
ഇവരുടേത് പ്രണയമാണോ എന്നൊക്കെയുള്ള ചർച്ചകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ മുഴുവൻ. സാഗറിന്റെ പുറത്താകലോടെ ഹൗസിനുള്ളിൽ കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാക്കാൻ സെറീന ശ്രമിച്ചു. ഇതിനിടയിൽ പല നെഗറ്റീവുകളും സെറീനയ്ക്ക് ഉണ്ടായെങ്കിലും ഗെയിമർ എന്ന നിലയിൽ ഒരുപാട് പിന്തുണ ലഭിച്ചു.

അവസാനം ഈ സീസണിൽ സീക്രട്ട് റൂമിൽ പോകാൻ ഭാഗ്യം ലഭിക്കുന്ന ഏക മത്സരാർത്ഥിയായും മാറി. അതിന് ശേഷം ഒരു അഗ്രസീവ് ഗെയിമറെയാണ് സെറീനയിൽ കണ്ടത്. പക്ഷേ അവിടെ കണ്ട കാഴ്ചകളൊക്കെ പുറത്തുവന്നു പറഞ്ഞതും റെനീഷയുമായുള്ള വഴക്കുകളുമൊക്കെ നെഗറ്റീവായി മാറി. ഇതൊക്കെയാണ് സെറീനയുടെ ഇപ്പോഴത്തെ പുറത്തുപോക്കിന് കാരണമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
സീക്രെട്ട് റൂമിൽ നിന്നും തിരിച്ചെത്തിയ ശേഷം ഗെയിം ചേഞ്ചിങ് മൊമന്റുകൾ എന്തെങ്കിലും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഫൈനൽ ഫൈവായി ഇന്ന് സ്റ്റേജിൽ എത്താൻ സെറീനയ്ക്ക് കഴിഞ്ഞേനെയെന്നും പ്രേക്ഷകർ പറയുന്നു. അതേസമയം മോഹൻലാലിന്റെ കൈപിടിച്ച് ഹൗസിൽ നിന്ന് പടിയിറങ്ങാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അഭിപ്രായമുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ രാജകീയമായ എവിക്ഷൻ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications











