നിറത്തിന്റെ പേരിൽ അവണന, സാമ്പത്തിക ബാധ്യത, നിരാഹാരം കിടന്ന് മാതാപിതാക്കളുടെ സമ്മതം വാങ്ങി നടിയായ ശരണ്യ ആനന്ദ്!
ശരണ്യ ആനന്ദ് എന്ന് കേട്ടാൽ കുടുംബപ്രേക്ഷകർക്ക് ചിലപ്പോൾ മനസിലായിക്കൊള്ളണമെന്നില്ല. എന്നാൽ കുടുംബവിളിക്കിലെ വേദികയെന്ന് പറഞ്ഞാൽ മിനിസ്ക്രീനിൽ പ്രേക്ഷകർക്കെല്ലാം ശരണ്യ ആനന്ദിന്റെ മുഖം മനസിൽ തെളിയും. ഒരു സീരിയൽ വഴി അത്രയേറെ ആരാധകരെയാണ് ശരണ്യ സമ്പാദിച്ചത്. കുടുംബവിളിക്കിലെ വില്ലത്തിയായിരുന്നുവെങ്കിലും നടിയുടെ പ്രകടനത്തിന് ആരാധകർ ഏറെയായിരുന്നു. സീരിയൽ നടി മാത്രമല്ല ശരണ്യ മോഡലും കൂടിയാണ്. കൂടാതെ യാത്രകളും നടിക്ക് ഏറെ താൽപര്യമാണ്.
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ കൂടിയായ ശരണ്യയ്ക്ക് തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലുമുണ്ട്. 2020ലായിരുന്നു താരത്തിന്റെ വിവാഹം. മനേഷ് രാജൻ നായരാണ് ശരണ്യയെ വിവാ ഹം ചെയ്തത്. സീരിയലുകളിൽ മാത്രമല്ല സിനിമകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യയ്ക്ക് ബിഗ് സ്ക്രീനിലേക്കുള്ള വഴി തുറന്നത്.

മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സിലൂടെയാണ് മലയാള സിനിമയിൽ നടി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ആകാശഗംഗ 2, മാമാങ്കം, അച്ചായൻസ്, ചങ്ക്സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. സുജാതയുടെയും ആനന്ദ് രാഘവന്‍റെയും മകളായി സൂററ്റിലായിരുന്നു ശരണ്യ ജനിച്ചത്. അടൂരാണ് ശരണ്യയുടെ നാട്. അഭിനയത്തിലേക്ക് എത്തിച്ചാരാൻ താൻ നേരിട്ട വെല്ലുവിളികൾ പലപ്പോഴായി ശരണ്യ പങ്കുവെച്ചിട്ടുണ്ട്. അഭിനയത്തിലേക്ക് തിരിയണമെന്ന് ശരണ്യ ആവശ്യപ്പെട്ടപ്പോൾ അച്ഛനും അമ്മയും എതിർത്തു.
പിന്നീട് നിരാഹാരം കിടന്നാണ് മാതാപിതാക്കളുടെ സമ്മതം ശരണ്യ വാങ്ങിയെടുത്തത്. ജോലി അന്വേഷിച്ച് ഗുജറാത്തിൽ എത്തിയതാണ് ശരണ്യയുടെ അച്ഛൻ ആനന്ദ്. സ്‌കൂൾ പഠന കാലം മുതലെ താരം നേരിടുന്ന പ്രധാന പ്രശ്‌നം ശരീരത്തിന്റെ നിറമായിരുന്നു. 'ഗുജറാത്തിൽ പഠിക്കുമ്പോൾ എന്റെ സുഹൃത്തുക്കളെല്ലാം വെളുത്ത നിറത്തിലായിരുന്നു.'
'അവർ കളറിന്റെ പേരിൽ എന്നെ മാറ്റി നിർത്തി. ചെറുപ്പം മുതൽ അത് എന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിരുന്നു. ഞങ്ങൾ രണ്ട് പെൺകുട്ടികളുണ്ടായിട്ടും അച്ഛന് ഒരു ആൺകുട്ടി കൂടെ വേണമെന്നായിരുന്നു ആഗ്രഹം. പെൺകുട്ടികൾ വളർന്ന് വലുതായാൽ കല്യാണം കഴിച്ച് പോകും നമ്മളെ നോക്കാൻ ആ ആൺകുട്ടിയെയുണ്ടാവൂ എന്നാണ് അച്ഛനും പറയാറുള്ളത്. എനിക്ക് ഒന്നിനും കഴിയില്ലെയെന്ന ചിന്ത അപ്പോൾ എന്നെ വിഷമിപ്പിച്ചു.'
'ആ സമയത്ത് അച്ഛന്റെ ബിസിനസും തകർന്നു. കുറച്ച് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അപ്പോഴാണ് ഞാനും അഭിനയിക്കണം നാട്ടിൽ വരണം എന്നൊക്കെ പറഞ്ഞ് വാശി പിടിയ്ക്കുന്നത്. അവസാനം നിരാഹാരം കിടന്ന് അത് സാധിച്ചെടുത്തു. കൊച്ചിയിലേക്ക് വരാം എന്ന് അമ്മയും അച്ഛനും സമ്മതിച്ചു.'

'ഗുജറാത്തിൽ നിന്നുകൊണ്ടാണ് നാട്ടിൽ ഞങ്ങൾക്ക് താമസിക്കാനുള്ള വീട് എല്ലാം കണ്ടെത്തിയത്. ഒരു സുഹൃത്ത് അതിന് സഹായിച്ചു. അത് വിശ്വസിച്ച് ഗുജറാത്തിൽ പ്ലസ് ടുവിന് പഠിയ്ക്കുകയായിരുന്ന അനിയത്തിയുടെ ടിസി എല്ലാം മാറ്റി എഴുതി നാട്ടിലെത്തി. എന്നാൽ നാട്ടിലെത്തിയപ്പോഴുണ്ടായത് തീർത്തും മോശമായ അനുഭവമാണ്. ഞങ്ങൾ വിശ്വസിച്ച് വന്ന ബ്രോക്കറെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. സുഹൃത്തും ഫോൺ എടുക്കുന്നില്ല.'
'എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. എങ്ങോട്ട് പോകണമെന്ന് അറിയില്ല ആരെ കാണണം എന്ന് അറിയില്ല. അക്ഷരാർത്ഥത്തിൽ നടുറോഡിലായി. മോളുടെ എടുത്ത് ചാട്ടത്തിന് നിൽക്കേണ്ടിയിരുന്നില്ല ഒന്നുകൂടെ ആലോചിച്ച് തീരുമാനിച്ചാൽ മതിയായിരുന്നു എന്നൊക്കെയുള്ള അച്ഛന്റെ വാക്കുകളും എന്നെ വിഷമിപ്പിച്ചു. അപ്പോൾ മുതൽ ഞാൻ മനസിൽ ഉറപ്പിച്ചതാണ് ഇനി നടിയായിട്ടേ അടങ്ങൂവെന്ന്.'
'അത്ര എളുപ്പമായിരുന്നില്ല അഭിനയത്തിലേക്കുള്ള യാത്ര. പല ലൊക്കേഷനിലും പോയി എന്താണ് അഭിനയം എങ്ങിനെയാണ് എന്നൊക്കെ കണ്ട് പഠിച്ചു. പല അവസരങ്ങളും ചോദിച്ച് നടന്നു. ഒഡിഷന് പോയി. അവസാനം ആദ്യ തെലുങ്ക് സിനിമയിൽ അവസരം ലഭിച്ചു. മലയാളത്തിൽ പിന്നീട് മമ്മൂട്ടി സാറിനൊപ്പവും ലാലേട്ടനൊപ്പവുമൊക്കെ അവസരം ലഭിച്ചു. ഒന്നും ഇല്ലാതെ കൊച്ചിയിൽ എത്തിയതാണ് ഞാൻ. എന്റെ ഹാർഡ് വർക്ക് കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന നിലയിൽ എത്താൻ സാധിച്ചത്.'
'അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കുന്നതും വീട്ടിലെ ചെലവ് നോക്കുന്നതും അനിയത്തിയെ പഠിപ്പിയ്ക്കുന്നതും എല്ലാം ഞാനാണ്. നിത്യ ചെലവിന് പോലും ബുദ്ധിമുട്ടിയ ദിവസങ്ങളുണ്ടായിരുന്നു. 2016ൽ ബിയോണ്ട് ദി ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നാണ്', ശരണ്യ മുമ്പൊരിക്കൽ ജീവിത കഥ വെളിപ്പെടുത്തി പറഞ്ഞത്. തനഹ, ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നീ ചിത്രങ്ങളിൽ നായികയായും ശരണ്യ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications