ഞാനുണ്ടായിരുന്നെങ്കില്‍ അവരുടെ ഇടയില്‍ കയറും; റോക്കി നല്ല ഗെയിമര്‍; എന്നോട് സ്‌നേഹമുണ്ട്: രതീഷ്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ആദ്യത്തെ ആഴ്ച ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരായിരുന്നു രതീഷ് കുമാറിന്റേത്. ബിഗ് ബോസ് വീട്ടിലേക്ക് കയറി വന്ന നിമിഷം മുതല്‍ പുറത്തേക്ക് പോകുന്നത് വരെ നിറഞ്ഞു നില്‍ക്കാന്‍ രതീഷിന് സാധിച്ചു. എന്നാല്‍ അനാവശ്യ വഴക്കുകളും ഇടപെടലുകളും കാരണം രതീഷ് ആദ്യ ആഴ്ച തന്നെ പുറത്താവുകയായിരുന്നു.
കഴിഞ്ഞ ദിവസം സഹതാരത്തെ കയ്യേറ്റം ചെയ്തതിന് റോക്കിയെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയിരുന്നു. സിജോയെ മുഖത്ത് ഇടിച്ചതിനാണ് റോക്കിയെ പുറത്താക്കിയത്. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് രതീഷ് കുമാര്‍. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് രതീഷ് മനസ് തുറന്നത്.

ഞാന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ അവിടെ നിന്നും മാറില്ല. ഞാന്‍ അവരുടെ ഇടയില്‍ കയറി നിന്നേനെ. ശരിക്കും അത് പാടില്ലെന്നാണ് പറയാറുള്ളത്. അവിടെ ഉള്ള എല്ലാവരും പറയുക, ഇടയില്‍ കയറി നില്‍ക്കണ്ട, ചെയ്യാനുള്ളത് ചെയ്യട്ടെ എന്നാണ്. നമ്മള്‍ എല്ലാവരും ഗെയിമേഴ്‌സ് ആണ്. രണ്ട് പേര്‍ അടിയുണ്ടാക്കിയാല്‍ അടിയുണ്ടാക്കട്ടെ എന്നാകും വിചാരിക്കുക. മാറി നില്‍ക്കുകയാണ് പതിവ്. പക്ഷെ ഞാന്‍ മാറി നില്‍ക്കില്ലെന്നാണ് രതീഷ് കുമാര്‍ പറയുന്നത്.
റോക്കിയും ഞാനും തമ്മില്‍ അടിയുണ്ടാകുമ്പോള്‍ ആദ്യം അടിയുണ്ടായത് ഗബ്രിയുമായിട്ടാണ്. ഞാന്‍ അതിലേക്ക് കയറി ചെല്ലുകയായിരുന്നു. പിന്നെ ഞങ്ങള്‍ തമ്മിലായി ഫൈറ്റ്. എനിക്ക് അതില്‍ കയറേണ്ട ഒരാവശ്യവുമില്ലായിരുന്നു. റോക്കിയും ഗബ്രിയും തല്ലുണ്ടാക്കുമ്പോള്‍ എനിക്ക് മാറി നിന്നാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ അവരെ മാറ്റാന്‍ ശ്രമിച്ചു. അതോടെ റോക്കി എനിക്ക് നേരെയായി. പക്ഷെ ഞാന്‍ അവിടെ നിന്നു എന്നാണ് രതീഷ് പറയുന്നത്.
ഞാനും റോക്കിയും തല്ലുകൂടുമെങ്കിലും ഞങ്ങള്‍ പരസ്പരം നന്നായി സംസാരിക്കാറുണ്ട്. ഞങ്ങള്‍ ആണ് ആ വീട്ടില്‍ ഏറ്റവും നേരത്തെ എഴുന്നേല്‍ക്കുന്നത്. റോക്കി എന്നേക്കാളും നേരത്തെ എഴുന്നേല്‍ക്കും. ഞാന്‍ എഴുന്നേറ്റ് വരുമ്പോള്‍ റോക്കി എക്‌സൈസ് ചെയ്യുന്നുണ്ടാകും. ഞങ്ങള്‍ കുറേ നേരം സംസാരിക്കും. പക്ഷെ ഏറ്റവും കൂടുതല്‍ വഴക്ക് കൂടിയിരിക്കുന്നതും ഞങ്ങളാണെന്ന് രതീഷ് പറയുന്നു. അതേസമയം പുറത്തേക്ക് വരുമ്പോള്‍ താന്‍ റോക്കിയുടെ നമ്പര്‍ തരാന്‍ പറഞ്ഞിട്ടുണ്ട്. റോക്കിയ്ക്ക് തന്നോടും തനിക്ക് റോക്കിയോടും സ്‌നേഹമുണ്ടെന്നും രതീഷ് പറയുന്നു.

താനൊരു നല്ല ഗെയിമറാണെന്ന് റോക്കിയ്ക്കും റോക്കി നല്ലൊരു ഗെയിമറാണെന്ന് തനിക്കും അറിയാം. പക്ഷെ തങ്ങള്‍ക്കിടയിലെ സ്‌നേഹം കാരണം പരസ്പരം വഴക്കുണ്ടാക്കാതിരുന്നിട്ടില്ല. താന്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ റോക്കിയും റോക്കിയുടെ തെറ്റ് കണ്ടാല്‍ താനും ശക്തമായി തന്നെ പ്രതികരിക്കുമായിരുന്നുവെന്നാണ് രതീഷ് കുമാര്‍ പറയുന്നത്. കുറച്ച്‌നാള്‍ കൂടി നിന്നിരുന്നുവെങ്കില്‍ താനും ജിന്റോയും തമ്മിലുള്ള സൗഹൃദം പോലെയായിരുന്നേനെ ഒരുപക്ഷെ റോക്കിയുമായുള്ള സൗഹൃദമെന്നും രതീഷ് പറയുന്നു.
അതേസമയം റോക്കി ഇടിച്ചതില്‍ പരാതിയില്ലെന്നും റോക്കി പുറത്താക്കരുതെന്നും സിജോ പറഞ്ഞത് ഗെയിമിന് വേണ്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ അവിടെ ഉള്ളവരെല്ലാം ഗെയിമേഴ്‌സ് ആണെന്നായിരുന്നു രതീഷിന്റെ മറുപടി. കൂടുതലൊന്നും പറയാന്‍ താന്‍ ആളല്ലെന്നും രതീഷ് പറയുന്നുണ്ട്.


Click it and Unblock the Notifications