'വെറുത്തു വെറുത്തു അവസാനം കുട്ടിശങ്കരനെ ഇഷ്ടമായി വരുകയായിരുന്നു'; ഏയ്ഞ്ചലിൻ പോകേണ്ടിയിരുന്നില്ലെന്ന് പ്രേക്ഷകർ
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസൺ അഞ്ച് സംപ്രേഷണം ആരംഭിച്ചിട്ട് രണ്ടാഴ്ച പൂർത്തിയായിരിക്കുകയാണ്. രണ്ടാഴ്ച കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലെയൊക്കെ പ്രധാന ചർച്ചാ വിഷയമായി മാറാൻ ബിഗ് ബോസിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിന്റെ അത്രയും പോര എന്ന വിമർശനങ്ങൾ ഉണ്ടെങ്കിലും വലിയ രീതിയിലുള്ള ശ്രദ്ധ ഈ സീസണിനും ലഭിച്ചിട്ടുണ്ട്.
ഇത്തവണ പതിനെട്ട് മത്സരാർത്ഥികളാണ് ആദ്യ ദിനം വീടിനുള്ളിൽ പ്രവേശിച്ചത്. സോഷ്യൽ മീഡിയയിലൂടെയും സീരിയലുകളിലൂടെയുമൊക്കെ ശ്രദ്ധ നേടിയിട്ടുള്ളവരും കൂടാതെ പ്രേക്ഷക പ്രതിനിധി ആയി ഒരു മത്സരാർത്ഥിയുമാണ് ഷോയിലെത്തിയത്. ആദ്യ ആഴ്ചയിൽ തന്നെ വീടിനുള്ളിൽ നോമിനേഷൻ നടന്നിരുന്നെങ്കിലും വോട്ടിങ്ങോ എവിക്ഷനോ നടത്തിയിരുന്നില്ല. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ വീടിനുള്ളിൽ നിന്ന് ആദ്യമായി ഒരു മത്സരാർത്ഥി പുറത്തായിരിക്കുന്നു എന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഏഴ് മത്സരാർത്ഥികളാണ് ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നത്. കോമണറായി എത്തിയ ഗോപിക ഗോപി, റെനീഷ റഹ്മാൻ, വിഷ്‌ണു ജോഷി, അനിയൻ മിഥുൻ, ഏയ്ഞ്ചലിൻ മറിയ, റിനോഷ് ജോർജ് എന്നിവരായിരുന്നു അത്. അതിൽ നിന്ന് ഏയ്ഞ്ചലീന്‍ പുറത്തായെന്ന വിവരങ്ങളാണ് വരുന്നത്. നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ സിനിമയിലെത്തിയ ഏയ്ഞ്ചലീന്‍ വിവാദ പരാമർശങ്ങൾ നടത്തി സോഷ്യല്‍ മീഡിയയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായിരുന്നു ഏയ്ഞ്ചലീന്‍.
ബിഗ് ബോസ് വീട്ടിലെ ആദ്യ ദിനം മുതൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഏയ്ഞ്ചലിന് സാധിച്ചിരുന്നു. ഈ സീസണിലെ ആദ്യത്തെ അടിയ്ക്ക് തുടക്കമിട്ടത് ഏയ്ഞ്ചലീന്‍ ആയിരുന്നു. എന്നാൽ ആദ്യ ദിവസങ്ങളിൽ ഏയ്ഞ്ചലിന്റെ ചില സംസാരങ്ങളും പ്രവർത്തികളും ബിഗ് ബോസ് വീട്ടിലെ സഹമത്സരാർഥികളിൽ എന്ന പോലെ പ്രേക്ഷകരിലും താരത്തെ കുറിച്ച് ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയെടുത്തിരുന്നു.
സ്ക്രീൻ സ്‌പേസിന് വേണ്ടി എന്തെല്ലാമോ കാണിച്ചു കൂട്ടുന്നു. ലവ് ട്രാക്കിടാൻ ശ്രമം നടത്തുന്നു എന്നൊക്കെ ആയിരുന്നു വിമർശനങ്ങൾ. എന്നാൽ അതിലൂടെ കണ്ടന്റ് ഉണ്ടാക്കുന്നുണ്ട് എന്നത് കൊണ്ട് തന്നെ വിമര്‍ശകര്‍ക്കൊപ്പം ആരാധകരേയും നേടാന്‍ ഏയ്ഞ്ചലീന് സാധിച്ചിരുന്നു. രണ്ടാമത്തെ ആഴ്ചയിൽ വീക്കിലി ടാസ്കിൽ ഉൾപ്പെടെ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് ഏയ്ഞ്ചലിൻ കൂടുതൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു.
അതിനു പിന്നാലെയാണ് എവിക്റ്റഡ് ആയെന്ന റിപ്പോർട്ടുകൾ വരുന്നത്. വീട്ടിലെ ഒറിജിനൽ ആയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഏയ്ഞ്ചലിൻ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൊക്കെ പ്രേക്ഷകർ പറയുന്നത്. ഏയ്ഞ്ചലിന്റെ എവിക്ഷൻ വാർത്തയ്ക്ക് പിന്നാലെയുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
"വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിപ്പോൾ കുട്ടിശ്ശങ്കരനോട് വല്ലാത്തൊരു സ്നേഹമാണ്" എന്ന് ഭാനുപ്രിയ മമ്മൂട്ടിയോട് പറഞ്ഞത് പോലെ അഞ്ചലിനോട് പറയാൻ തോന്നുന്നു ഇപ്പോൾ.. സ്വതസിദ്ധമായി തൃശ്ശൂർ സ്ലാഗിൽ സംസാരിക്കുന്ന തന്റെ ശരികൾക്ക് വേണ്ടി വാദിക്കാറുള്ള അഞ്ചലിൻ ഈ ആഴ്ച എവിക്ടാവില്ലന്ന് വിശ്വസിക്കാനാണിഷ്ടം ഇനി അഥവാ എവിക്ടായാലും ശക്തയായി ഒരു വൈൽഡ് കാർഡ് എൻട്രിയായി തിരിച്ച് വരെട്ടെ എന്നായിരുന്നു ഒരാൾ കുറിച്ചത്.

'സോറി ഡിയർ എല്ലാരുടെയും സ്നേഹം കൈപറ്റി ആണ് നി പോകുന്നത് നിന്നെക്കാളും അർഹത ഇല്ലാത്തവർ അവിടെ ഉള്ളപ്പോൾ ആണ് നിന്റെ പിൻവാങ്ങൽ എല്ലാവിധ നന്മകളും നേർന്നു കൊള്ളുന്നു', 'വന്നു. ഒരാഴ്ചകൊണ്ട് മുഴുവൻ ഹേറ്റേഴ്‌സ് ഉണ്ടാക്കി നെക്സ്റ്റ് വീക്ക് ഹേറ്റേഴ്‌സിനെ മുഴുവൻ ഫാൻസാക്കി. തിരിച്ചു പോണു',
'ഒരു 25 ദിവസം പോലും ഹൗസിൽ തികച്ചു നിന്നില്ല. എന്നിട്ടും അവൾ പല തവണ ചിരിക്കാൻ ഉള്ള വക നൽകി. ചിലരെപ്പോലെ തലക്കനം ഒന്നും ഇല്ലാത്ത ഒരു പാവം ആയിരുന്നു. ഒരു കാര്യം ഉറപ്പാണ്. വേറേതെങ്കിലും ഭാഷയിലെ ബിഗ് ബോസ് ഷോ ആയിരുന്നെങ്കിൽ അവൾ വോട്ട് കുറഞ്ഞു പുറത്തു പോവില്ലാരുന്നു,'
'ബിഗ് ബോസ് വിട്ടീൽ ഉള്ള ഒന്ന് രണ്ടു പേരിൽ ഒരു ഒറിജിനൽ ആയിരുന്നു' എന്നൊക്കെ ആയിരുന്നു മറ്റു ചിലർ കുറിച്ചത്. അതേസമയം, ഏയ്ഞ്ചലിൻ തന്നെയാണോ പുറത്താകുന്നത് എന്നറിയാൻ ഇന്നത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത് വരെ കാത്തിരിക്കണം. ഏയ്ഞ്ചലിൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഹനാൻ വൈൽഡ് കാർഡ് എൻട്രിയായി വീട്ടിൽ പ്രവേശിക്കും എന്ന റിപ്പോർട്ടുകളും ഉണ്ട്.


Click it and Unblock the Notifications