ഒരു വർഷം ലൈംലൈറ്റിൽ നിൽക്കണമെന്നത് ആഗ്രഹമായിരുന്നു, വിവാദങ്ങളുണ്ടാക്കി; ബ്രേക്കെടുത്തതും മനഃപൂർവം: റോബിൻ
ഓരോ ബിഗ് ബോസ് സീസൺ കഴിയുമ്പോഴും ആരെങ്കിലുമൊക്കെ താരങ്ങളായി ഉയർന്നു വരാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് റോബിൻ രാധാകൃഷ്‍ണൻ. ബിഗ് ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥി ആയിരുന്ന റോബിൻ അടുത്ത കാലം വരെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നായിരുന്നു. ഉദ്‌ഘാടനങ്ങളും മറ്റുമായി പൊതുവേദികളിൽ എത്തിയിരുന്ന റോബിൻ വിവാദങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞു നിന്നു.
എന്നാൽ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ പോലും അത്ര സജീവമല്ല താരം.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിന്നുൾപ്പെടെ അകന്നു നിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ. ഓണത്തിനോട് അനുബന്ധിച്ച് ഭാവി വധു ആരതി പൊടിക്കൊപ്പം മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ഒരുവർഷം മുഴുവൻ ലൈം ലൈറ്റിൽ നിൽക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ഇപ്പോൾ മനഃപൂർവം ബ്രേക്ക് എടുത്തതാണെന്ന് റോബിൻ പറഞ്ഞു.

'ഞാൻ മനഃപൂർവം ബ്രേക്ക് എടുത്തതാണ്. എന്റെ ഒരു ആഗ്രഹമായിരുന്നു ഒരു വർഷം മുഴുവൻ ഇങ്ങനെ ലൈം ലൈറ്റിൽ നിൽക്കണം എന്നത്. ബിഗ് ബോസിന് ശേഷം എനിക്ക് ഒരുപാട് ആളുകളെ കാണാൻ സാധിച്ചു. എന്റെ വലിയ അചീവ്മെന്റ് ആയിട്ട് ഞാൻ കരുതുന്നത് നമ്മളെ സ്നേഹിക്കാനും നമുക്ക് വേണ്ടി പ്രാർത്ഥിക്കാനും ആളുകൾ ഉണ്ടായി എന്നതാണ്. ഇപ്പോൾ ഞാൻ എന്റെ നമ്പർ വരെ മാറ്റി. എനിക്കിപ്പോൾ അധികം കോണ്ടാക്ടുകൾ ഒന്നുമില്ല',
'എന്റെ നമ്പർ ഇടയ്ക്ക് ലീക്ക് ആകുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സംഭവിക്കുന്ന കാര്യങ്ങളെ പറ്റിയൊന്നും ഞാൻ ഇപ്പോൾ അറിയാറില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ മാത്രം എന്നോട് പറഞ്ഞാൽ മതിയെന്ന് ഞാൻ പറയാറുണ്ട്. വാർത്തകൾ അറിയുന്നുണ്ട്. പലരും എനിക്ക് വേണ്ടി ഇപ്പോഴും പോസ്റ്റുകളും വീഡിയോകളുമൊക്കെ ഇടുന്നുണ്ട്. അതൊക്കെ വലിയ കാര്യമാണ്', റോബിൻ പറഞ്ഞു.
'എന്റെ ഒരു വർഷത്തെ ആ യാത്ര വലുതായിരുന്നു. ഒരുപാട് സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഒരുപോലെ പോസിറ്റീവും നെഗറ്റീവും ഉള്ള ആളാണ്. എന്റെ ഭാഗത്ത് നിന്ന് തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്തി ജീവിതത്തിൽ മുന്നേറാനുള്ള ശ്രമങ്ങൾ ഞാൻ നടത്താറുണ്ട്. എന്റെ നല്ല വശങ്ങൾ മാത്രം എല്ലാവരും എടുത്താൽ മതി. ആരോഗ്യകരമായ വിമർശനങ്ങൾ എനിക്ക് ഇഷ്ടമാണ്. അല്ലാത്തിനോട് എതിർപ്പുണ്ട്',
'സ്വന്തം സ്വപ്‌നങ്ങൾ അച്ചീവ് ചെയ്യാൻ ശ്രമിക്കുക. മറ്റുള്ളവരുടെ ജീവിതത്തിൽ തലയിടാതിരിക്കുക. ഇത് എന്റെ ഉപദേശം ഒന്നുമല്ല. ഉപദേശിക്കാൻ ഞാൻ ആരുമല്ല. എന്റെ ഇത്രയും കാലത്തെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്', റോബിൻ പറഞ്ഞു. അതേസമയം ഇത്രയും കാലം ലൈംലൈറ്റിൽ നിൽക്കാൻ അറിഞ്ഞുകൊണ്ട് താൻ പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും റോബിന്‍ വെളിപ്പെടുത്തി.

ബിഗ് ബോസ് കഴിഞ്ഞ് മൂന്ന് നാല് മാസം കഴിഞ്ഞാൽ എല്ലാവരും മറക്കും. തന്റെ കാര്യത്തിൽ അങ്ങനെയാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അതിനു വേണ്ടി മനഃപൂര്‍വ്വം വിവാദങ്ങളുണ്ടാക്കി, കണ്ടന്റുകൾ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ സജീവമായി നിന്നു. ചില വിവാദങ്ങള്‍ അറിയാതെ സംഭവിച്ചതുമുണ്ട്. അതിനുശേഷം ബ്രേക്ക് എടുക്കണമെന്ന് തോന്നി.
സ്വകാര്യ ജീവിതത്തില്‍ ശ്രദ്ധിച്ചു. ഉറക്ക കുറവുകൊണ്ടുള്ള പ്രശ്‌നവും, ശരീരം വണ്ണം കാരണമുള്ള ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചുവെന്നും റോബിൻ പറഞ്ഞു. അതേസമയം തന്റെ അപ്‌ഡേറ്റുകൾ ഒന്നും ഇല്ലാതായപ്പോൾ ചിലർ ഗോസിപ്പുകൾ ഇറക്കിയെന്നും റോബിൻ ആരോപിച്ചു.


Click it and Unblock the Notifications