കണ്ടുകണ്ട് ഇഷ്ടം തോന്നി, ചാറ്റ് ചെയ്ത് വീഴ്ത്തി; റാഫിയെ പ്രണയത്തിൽ വീഴ്ത്തിയ കഥ പറഞ്ഞ് മഹീന
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. താരതമ്യേന അത്ര പരിചിതരല്ലാത്ത അഭിനേതാക്കളുമായാണ് പരമ്പര ആരംഭിച്ചത്. എന്നാൽ ഇന്ന് അതിലെ എല്ലാ താരങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റാഫി. സുമേഷ് എന്ന കഥാപാത്രമായാണ് റാഫി പരമ്പരയിൽ അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലൊക്കെ സജീവമായ റാഫിയ്ക്ക് നിരവധി ആരാധകരാണുള്ളത്.
റാഫിയുടെ ജീവിത സഖിയായ മഹീനയും താരത്തിന്റെ ഒരു ആരാധികയാണ്. റാഫിയുടെ അഭിനയം കണ്ടാണ് മഹീന വീണത്. ചക്കപ്പഴത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഹീനയുടെയും റാഫിയുടെയും വിവാഹ നിശ്ചയവും വിവാഹവുമെല്ലാം. ഇതിന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥ പങ്കുവച്ചിരിക്കുകയാണ് മഹീനയും റാഫിയും.

ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ശേഷമാണ് റാഫിയ്ക്ക് ചക്കപ്പഴം എന്ന പരമ്പരയില്‍ അവസരം ലഭിക്കുന്നത്. സുമയെന്നും തുരുമ്പ് സുമയെന്നുമൊക്കെ വിളിക്കുന്ന വീട്ടിലെ ഇളയ മകന്റെ വേഷമാണ് റാഫിക്ക്. പരമ്പരയിൽ ശ്രുതിയ്‌ക്കൊപ്പമുള്ള കോമ്പോ വളരെ രസകരമായിരുന്നു. അത് കണ്ടാണ് മഹീന വീഴുന്നത്. കോളേജില്‍ നിന്നുവന്ന് കഴിഞ്ഞാല്‍ ചക്കപ്പഴത്തിന്റെ എപ്പിസോഡുകള്‍ ഒന്നും വിടാതെ കാണാന്‍ തുടങ്ങി. അങ്ങനെ സുമ എന്ന കഥാപാത്രത്തോടും അത് ചെയ്യുന്ന റാഫിയോടും മഹീനയ്ക്ക് വല്ലാത്ത ഇഷ്ടം തോന്നി.
ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ റാഫിയെ തിരഞ്ഞു പിടിച്ച് മഹീന മെസേജ് അയച്ചു. ആദ്യത്തെ മെസേജുകള്‍ക്കൊന്നും റിപ്ലേ ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ റിപ്ലേ വന്നു തുടങ്ങി. അതിന് ശേഷം വാട്‌സ്ആപ് നമ്പര്‍ വാങ്ങി. വാട്‌സ്ആപ്പിലും മെസേജ് അയക്കുമായിരുന്നുവെങ്കിലും അത്ര സജീവമായിരുന്നില്ല. ഒരു മെസേജ് ഇട്ടാല്‍ ഒരുപാട് നേരം കഴിഞ്ഞാണ് റിപ്ലേ വരുന്നത്. ആ സമയം ചിലപ്പോള്‍ റാഫി ഷോട്ടിന് പോയതാകും.
അങ്ങനെ ഒരു ദിവസം ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, എനിക്കൊരു കാര്യം പറയാനുണ്ട്. എന്ത് തന്നെയായാലും മറുപടി തരണം എന്ന് മഹീന പറഞ്ഞു. അങ്ങനെയാണ് ഇഷ്ടം തുറന്നു പറയുന്നത്. പക്ഷെ അത് തനിക്ക് അത്ര സീരിയസ് ആയിട്ടൊന്നും തോന്നിയിരുന്നില്ലെന്ന് റാഫി പറയുന്നു. അതുകൊണ്ട് അതിനെ അത്ര കാര്യമായി എടുത്തില്ല. പക്ഷെ പിന്നീട് റാഫിയ്ക്കും ഇഷ്ടം തോന്നി തുടങ്ങി.
ഒടുവിൽ വീട്ടില്‍ കല്യാണ ആലോചനകൾ വന്നു തുടങ്ങിയ സമയത്താണ് വാപ്പയോട് തന്റെ ഇഷ്ടത്തെ കുറിച്ച് മഹീന പറയുന്നത്. ശേഷം റാഫിയെ വാപ്പ കണ്ടു. എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. മോളെ നോക്കിക്കോളണേ എന്ന് മാത്രമാണ് പറഞ്ഞത്. വീട്ടുകാരുടെ സമ്മതം കിട്ടിയ ശേഷം കറങ്ങാനൊക്കെ പോയി. അധികം പ്ലാന്‍ ചെയ്യുകയും ഒന്നും ചെയ്യാതെ തന്നെ പെട്ടെന്ന് നിശ്ചയം കഴിഞ്ഞു. ഫെബ്രുവരിയില്‍ വിവാഹവും നടന്നു, മഹീനയും റാഫിയും പറഞ്ഞു.
വീട്ടുകാർ അറിയാതെ പുറത്തുവച്ച് കണ്ടതിനെ കുറിച്ചൊക്കെ നേരത്തെ മഹീന പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കമാണ് ആദ്യ കൂടിക്കാഴ്ചയെന്നാണ് മഹീന ഒരിക്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഓരോ തവണ കാണുമ്പോഴും ആരെങ്കിലും കാണുമോ എന്ന് പേടിച്ചു പേടിച്ചാണ് ഞങ്ങള്‍ കണ്ടിരുന്നത്. അത് കഴിഞ്ഞു ഞങ്ങള്‍ കണ്ടതൊക്കെ സന്തോഷത്തോടെ വീട്ടുകാരുടെ സമ്മതത്തോടെയുമാണ്. ആദ്യം കണ്ടുമുട്ടിയത് മുതൽ വിവാഹം വരെയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു മഹീനയുടെ കുറിപ്പ്.


Click it and Unblock the Notifications