വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം, ഒപ്പം പുതിയൊരു സന്തോഷവും; ഇതൊരു പുതിയ തുടക്കമാണെന്ന് മഹീന റാഫി
മലയാളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ചക്കപ്പഴം. താരതമ്യേന പ്രേക്ഷകർക്ക് അത്ര പരിചിതരല്ലാത്ത അഭിനേതാക്കളുമായാണ് ആരംഭിച്ചതെങ്കിലും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറുകയായിരുന്നു ചക്കപ്പഴം. അതിൽ അഭിനയിച്ച താരങ്ങളെല്ലാം ഇന്ന് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റാഫി മുഹമ്മദ്. സുമേഷ് എന്ന കഥാപാത്രമായാണ് റാഫി ചക്കപ്പഴത്തിലെത്തിയത്.
ടിക് ടോക് വീഡിയോകളിലൂടെയൊക്കെ ശ്രദ്ധ നേടിയ ശേഷമായിരുന്നു റാഫിയുടെ ചക്കപ്പഴത്തിലേക്കുള്ള എൻട്രി. അതുകൊണ്ട് തന്നെ ആദ്യം മുതലേ റാഫിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ സജീവ സാന്നിധ്യമായ റാഫിക്ക് അവിടെയും ഒരുപാട് ആരാധകരുണ്ട്. റാഫിയുടെ ജീവിത സഖിയായ മഹീനയും താരത്തിന്റെ ഒരു ആരാധികയാണ്. റാഫിയുടെ അഭിനയം കണ്ടാണ് മഹീന വീണത്.

ചക്കപ്പഴത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഹീനയുടെയും റാഫിയുടെയും വിവാഹ നിശ്ചയവും വിവാഹവുമെല്ലാം. ഇതിന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരായിട്ട് രണ്ടു വർഷം പൂർത്തിയായിരിക്കുകയാണ്. അതിനിടെ ജീവിതത്തിലെ പുതിയൊരു സന്തോഷത്തെ കുറിച്ചും പങ്കുവെച്ചെത്തിയിരിക്കുകയാണ് മഹീന. റാഫിയെ പോലെ തന്നെ മഹീനയുടെ സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വന്തമായൊരു യൂട്യൂബ് ചാനലും താരപത്നിക്കുണ്ട്.
കൊച്ചിയില്‍ റാഫി പുതിയ ഫ്‌ളാറ്റ് എടുത്തതിന്റെ സന്തോഷമാണ് മഹീന വ്‌ളോഗിലൂടെ പങ്കുവച്ചത്. ഷൂട്ടിങ് ആവശ്യങ്ങള്‍ക്കൊക്കെ വേണ്ടിയാണ് റാഫി ഇപ്പോള്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് എടുത്തിരിയ്ക്കുന്നത്. അതിന്റെ പാല് കാച്ചലും, മൂന്ന് ദിവസം അവിടെ താമസിച്ചതിന്റെ വിശേഷങ്ങളും എല്ലാം പറഞ്ഞുകൊണ്ടാണ് മഹീനയുടെ പുതിയ വീഡിയോ. വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷമാണ് സ്വന്തമായൊരു വീടെടുത്ത് രണ്ടുപേരും താമസിക്കുന്നതെന്ന് മഹീന പറഞ്ഞു.
അതേസമയം കോളേജും ക്ലാസുമൊക്കെ ഉള്ളതിനാല്‍ താൻ ഫ്ലാറ്റിൽ ഉണ്ടാവില്ലെന്നും ആഴ്ചയിൽ വന്നു പോവുകയാണ് ഉണ്ടാവുകയുള്ളുവെന്നും മഹീന വ്യക്തമാക്കി. എങ്കിലും ഫ്ലാറ്റിലെത്തുമ്പോൾ ആ വിശേഷങ്ങൾ പങ്കുവെയ്ക്കാമെന്ന് താരം ആരാധകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. റാഫിയും മഹീനയ്ക്ക് ഒപ്പം വീഡിയോയിൽ എത്തിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഭാര്യ തനിക്ക് ചിക്കന്‍ കറി വച്ചു തന്ന വിശേഷമൊക്കെയാണ് റാഫി പങ്കുവെച്ചത്.

മുൻപ് റാഫിയുമായി പ്രണയത്തിലായതിനെ കുറിച്ചൊക്കെ മഹീന ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ചക്കപ്പഴം കണ്ട് ആരാധന മൂത്ത മഹീന റാഫിയോട് പ്രണയം പറയുകയായിരുന്നു. റാഫിയോടുള്ള ആരാധന കാരണം മഹീന റാഫിയെ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞു പിടിച്ച് മെസേജ് അയക്കുകയായിരുന്നു. ആദ്യത്തെ മെസേജുകള്‍ക്കൊന്നും റിപ്ലേ ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് റാഫി റീപ്ലേ ചെയ്തു തുടങ്ങി. അതിന് ശേഷം വാട്‌സ്ആപ് നമ്പര്‍ വാങ്ങി.
അങ്ങനെ ഒരു ദിവസം ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മഹീന ഇഷ്ടം തുറന്നു പറയുന്നത്. ആദ്യം റാഫി കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് തിരിച്ച് ഇഷ്ടം പറയുകയായിരുന്നു. പിന്നീട് മഹീനയ്ക്ക് വീട്ടില്‍ കല്യാണ ആലോചനകൾ വന്നു തുടങ്ങിയ സമയത്താണ് റാഫിയുടെ കാര്യം വീട്ടിൽ പറയുന്നത്. ഒരേ നാട്ടുകാർ ആയതിനാൽ എതിർപ്പുകളൊന്നും ഉണ്ടായില്ല. വേഗം തന്നെ വിവാഹം നിശ്ചയിക്കുകയും അധികം വൈകാതെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു.


Click it and Unblock the Notifications