ടെൻഷനായിരുന്നു അന്ന്; എനിക്കിപ്പോൾ ധൈര്യമുണ്ട്, എന്തിനെയും നേരിടാനുള്ള പവർ പാച്ചുക്കുട്ടൻ തന്നു; ദീപ പറയുന്നു
മലയാളികൾക്ക് ഏറെ സുപരിചിതരായ ദമ്പതികളാണ് രാഹുൽ ഈശ്വറും ഭാര്യ ദീപ രാഹുൽ ഈശ്വറും. ടെലിവിഷൻ ഷോകളിലൂടെ അവതാരകരായും മറ്റും ശ്രദ്ധനേടിയിട്ടുള്ളവരാണ് ഇരുവരും. അടുത്തിടെയാണ് ഇവർക്ക് ഒരു മകൻ കൂടി ജനിച്ചത്. ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി വന്നതിന്റെ സന്തോഷത്തിലാണ് രാഹുലും ദീപയും. ഗർഭിണി ആയത് മുതൽ എല്ലാം വിശേഷങ്ങളും ദീപ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം മകന്റെ പേരടക്കമുള്ള കാര്യങ്ങളും ദീപ പങ്കുവയ്ക്കുകയുണ്ടായി.
യുഗ് രാഹുൽ ഈശ്വർ എന്നാണ് മകന് രാഹുലും ദീപയും നൽകിയ പേര്. യാഗ് എന്നാണ് മൂത്തമകന്റെ പേര്. അനിയനെ കിട്ടിയതിൽ യാഗ് വളരെ ആകാംക്ഷയിലാണെന്ന് ദീപ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. തന്റെ കൂടുതൽ വിശേഷങ്ങൾ വൈകാതെ പറയാമെന്നും താരം പറയുകയുണ്ടായി. ഇപ്പോഴിതാ പ്രസവത്തിന് ശേഷം തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചും കുഞ്ഞിന്റെ പുതിയ വിശേഷങ്ങളും പങ്കുവെച്ചെത്തിയിരിക്കുകയാണ് ദീപ.

ആദ്യത്തെ ആൾ ജനിച്ചപ്പോൾ ഒരുപാട് ടെൻഷനുകൾ ആയിരുന്നെന്നും എന്നാലിപ്പോൾ താൻ വളരെ കൂൾ ആണെന്നും ദീപ പറയുന്നു. 'അവന്റെ കണ്ണിൽ മഞ്ഞ കുറച്ചു കൂടുതലാണോ, അവന് ചെവി കേൾക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ, അവനെന്താ കൂടുതൽ ഉറങ്ങുന്നത്, എന്താണ് ചിരിക്കാത്തത് എന്നിങ്ങനെ പല ടെൻഷനുകൾ അന്ന് ഉണ്ടായിരുന്നു. ചേട്ടൻ നല്ല കൂൾ ആയതുകൊണ്ട് എന്നെ പല കാര്യങ്ങളും പറഞ്ഞു കൂളാക്കുമായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടാമത്തെ ആൾ വന്നപ്പോൾ ഞാൻ വളരെ കൂൾ ആണ്',
'എനിക്ക് എല്ലാത്തിനും ഒരു സൊല്യൂഷൻ ഉള്ളതു പോലെയാണ്. ഒരാളെ ഞാൻ അഞ്ചാറ് വർഷം വളർത്തിയതാണല്ലോ എന്ന ചിന്തയാണ്. ഇപ്പോൾ ഞാൻ നല്ലപോലെ റിലാക്സ്ഡ് ആണ്, കൂൾ ആണ്. പാച്ചു ആയിരുന്ന സമയത്ത് എനിക്ക് എണീക്കാൻ പോലും കഴിയുമായിരുന്നില്ല. ഇപ്പോൾ ആലോചനകൾ കുറഞ്ഞു, ആലോചന കുറഞ്ഞാൽ തന്നെ നമ്മുടെ ടെൻഷൻ കുറയും. ഈ സമയത്ത് പല ഭാഗത്ത് നിന്നും പല തരത്തിലുമുള്ള ഉപദേശങ്ങളും നമുക്ക് കിട്ടും. നമ്മൾ ആ അഭിപ്രായങ്ങൾ കേൾക്കാൻ നിൽക്കുമ്പോൾ കൺഫ്യൂഷനിലാകും. ഇപ്പോൾ എനിക്കതില്ല', ദീപ പറയുന്നു.
'പാച്ചുവിന് എന്താണോ യൂസ് ചെയ്‌തത് അതെല്ലാം ഇളയകുട്ടിക്ക് അപ്ലൈ ചെയ്യാൻ ഇപ്പോൾ എനിക്ക് ധൈര്യമുണ്ട്. എന്തിനെയും നേരിടാനുള്ള ഒരു പവർ എന്റെ പാച്ചുക്കുട്ടൻ (മൂത്തമകൻ) എനിക്ക് തന്നു. ഇപ്പോൾ ധൈര്യം വന്നു എന്നതാണ് രണ്ടാമത് അമ്മ ആയതിൽ എനിക്ക് തോന്നുന്നത്. കിംസിൽ ആയിരുന്നു എന്റെ ഡെലിവറി. അനാവശ്യമായി കാശ് വാങ്ങുന്ന ഇടം എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ അങ്ങനെയല്ല എന്നാണ് എന്റെ അനുഭവത്തിൽ നിന്നും മനസിലായത്',

'39-ാം ആഴ്ചയിലാണ് ആദ്യ മോന്റെ ജനനം, ഇതും അങ്ങനെ തന്നെ ആയിരുന്നു. വളരെ എക്സ്പീരിയൻസ്ഡ് ആയ ഡോക്ടർ ആയിരുന്നു. ഒരു കൈപ്പുണ്യം ഉള്ള ഡോക്ടർ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒട്ടും വഴക്ക് ഇല്ലാത്ത കുഞ്ഞാണ് യച്ചു കുട്ടനും ദീപ പറഞ്ഞു. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ്. പാച്ചുവിന്റെ പ്രധാന പണി ഇളയമകനെ ഇറിറ്റേറ്റ് ചെയ്തുകൊണ്ടിരിക്കുക എന്നതാണ്, അവൻ അവന്റെ സ്നേഹം പ്രകടിപ്പിക്കുന്നതാണ്. ഇതൊക്കെ കാണുമ്പോഴാണ് ഞാൻ എല്ലാ വേദനയും മറക്കുന്നത്', ദീപ വീഡിയോയിൽ പറഞ്ഞു.
കുഞ്ഞിന് ഉപയോഗിക്കുന്ന സാധനങ്ങളും ദീപ വീഡിയോയിൽ പങ്കുവെച്ചിരുന്നു. കൂടുതൽ വിശേഷങ്ങളുമായി വരുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകിക്കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications