മോഡേൺ വസ്ത്രമിടുമ്പോഴും കുറി, പിരീഡ്‌സ് സമയത്ത് പോലും ഒഴിവാക്കാറില്ല; കാരണം പറഞ്ഞ് ദേവി ചന്ദന
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളി ഒരാളാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടേയും സ്‌റ്റേജ് പരിപാടികളിലൂടേയുമാണ് ദേവി ചന്ദന ശ്രദ്ധ നേടുന്നത്. ഡാന്‍സ് കളിച്ചും കോമഡി അവതരിപ്പിച്ചുമൊക്കെ കയ്യടി നേടിയ ദേവിചന്ദന പിന്നീട് സിനിമയിലൂടെയും സീരീയലുകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നതെങ്കിലും സിനിമയേക്കാള്‍ കൂടുതലും പരമ്പരകളാണ് ദേവി ചന്ദനയെ തേടിയെത്തിയത്.
വില്ലത്തി, സഹനടി, ഹാസ്യ താരം എന്നിങ്ങനെ വിവിധ വേഷങ്ങളിൽ ദേവി ചന്ദന തിളങ്ങിയിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സ്വന്തമായൊരു യൂട്യൂബ് ചാനലും ദേവിക്കുണ്ട്. ഭർത്താവിനൊപ്പം രസകരമായ വ്ലോഗുകളും മറ്റുമായി നടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഗായകനായ കിഷോർ വർമയാണ് ദേവിയുടെ ഭർത്താവ്. വീഡിയോകളിലൂടെ കിഷോറും ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരനാണ്.

ദേവി ചന്ദനയെ ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത് ചന്ദന കുറിയിട്ട മുഖമായിരിക്കും. എപ്പോഴും നെറ്റിയിൽ കുറിയിട്ടാണ് ദേവിയെ പ്രേക്ഷകർ കാണാറുള്ളത്. മോഡേൺ വസ്ത്രങ്ങളിൽ തിളങ്ങുമ്പോൾ പോലും നെറ്റിയിലെ കുറി താരം ഒഴിവാക്കാറില്ല. ഇപ്പോഴിതാ നെറ്റിയിലെ കുറി മാറ്റാത്തതിന് പിന്നിലെ കാരണം പറഞ്ഞിരിക്കുകയാണ് ദേവി ചന്ദന. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഭർത്താവ് കിഷോറിനൊപ്പമാണ് ദേവി അഭിമുഖത്തിൽ പങ്കെടുത്തത്.
സ്‌കൂൾ സമയം തൊട്ടേ തന്റെ നെറ്റിയിൽ ഒരു കുറിയുണ്ടാകാറുണ്ടെന്ന് ദേവി പറയുന്നു. 'ട്രഡീഷന്റെ ഭാഗമായി ഇടുന്നതാണ്. ചെറുപ്പം മുതലേ ഡാൻസ് പരിപാടികൾക്ക് പോകുമ്പോൾ അമ്പലങ്ങൾ ആയിരുന്നു വേദികൾ. അച്ഛന്റെയും അമ്മയുടെയും വീടുകളിൽ കുടുംബക്ഷേത്രം ഒക്കെയുള്ളതാണ്. ചിലപ്പോൾ ആ കൾച്ചറിൽ വളർന്നതുകൊണ്ടാകാം ഈ കുറി എന്റെ റുട്ടീന്റെയും ഭാഗമായത്. വീട്ടിൽ ഉള്ള സമയത്തൊക്കെ അമ്പലത്തിൽ ആണ്. കുറേ ദിവസം കണ്ടില്ലെങ്കിൽ ക്ഷേത്രം ജീവനക്കാർ ചോദിക്കും',
'വലിയ പൊട്ട് വയ്ക്കുമ്പോൾ ആളുകൾ ചോദിക്കാറുണ്ട്, എന്തിനാണിത് എന്ന്. അതൊക്കെ സന്തോഷമാണ്. ആവശ്യം ഉള്ള സമയത്ത് മാത്രമാണ് മേക്കപ്പ് ഇടുന്നത്. സ്‌കൂളിൽ ഒക്കെ പഠിക്കുമ്പോൾ പിരീഡ്‌സ് ആകുമ്പോൾ പോലും കുറി ഒഴിവാക്കില്ലായിരുന്നു, കളർ ചാന്ത് വച്ചുപോലും കുറി വരച്ചിട്ടാണ് സ്‌കൂളിൽ വരെ പൊയ്ക്കൊണ്ടിരുന്നത്, അല്ലെങ്കിൽ ആളുകൾ മനസിലാക്കില്ലേ പീരീഡ്സ് ആണെന്ന്', ദേവി പറയുന്നു.

അഭിമുഖത്തിൽ തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി. പ്രൊഫഷൻ മനസിലാക്കി നിൽക്കുന്ന ആളാകണമെന്നാണ് ആഗ്രഹിച്ചത് അങ്ങനെ തന്നെയുള്ള ആളെയാണ് കിട്ടിയതെന്ന് ഇരുവരും പറഞ്ഞു. ഒരു കാര്യത്തിലും കിഷോർ തന്നെ കൺട്രോൾ ചെയ്യാറില്ലെന്ന് ദേവി ചന്ദന പറഞ്ഞു. അത് ചെയ്യരുത് ഇത് ചെയ്യരുത്, ഷോയ്ക്കു പോകരുത് എന്നൊന്നും പറഞ്ഞിട്ടില്ല. വിമർശിക്കാറുണ്ട്, പക്ഷെ എപ്പോഴും എന്റേതായ ഒരു സ്‌പേസ് നൽകാറുണ്ടെന്നാണ് താരം പറഞ്ഞത്.
വിദേശത്ത് ഒരു ഷോയ്ക്ക് പോയപ്പോഴാണ് ദേവി ചന്ദനയും കിഷേറും ഇഷ്ടത്തിലാവുന്നത്. ഷോ കഴിഞ്ഞ് എത്തിയതിന് പിന്നാലെ ദേവിയുടെ അച്ഛനോട് കിഷോർ കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ 2006 ലാണ് ഇവർ വിവാഹിതരായത്.


Click it and Unblock the Notifications











