നയന്‍താര എന്ന് കേട്ടതും അച്ഛന്‍ ഓക്കെ പറഞ്ഞു, കഥ പോലും കേള്‍ക്കണമെന്നില്ല! ശ്രീനിയെക്കുറിച്ച് ധ്യാന്‍
കഥ പറഞ്ഞ് ആള്‍ക്കാരെ കയ്യിലെടുക്കാന്‍ ധ്യാന്‍ ശ്രീനിവാസനോളം കഴിവുള്ള വേറൊരാളുണ്ടോ എന്നറിയില്ല. ടെന്‍ഷനടിച്ച് നില്‍ക്കുമ്പോള്‍ ധ്യാനിന്റെ ഇന്റര്‍വ്യു കാണുന്നത് ശീലമാക്കിയവരാണ് മലയാളികള്‍. പറയുന്നത് കെട്ടിച്ചമച്ച കഥകളാണെങ്കില്‍ പോലും അത് പറഞ്ഞ് ഫലിപ്പിക്കാനുള്ള ധ്യാനിന്റെ കഴിവ് ആരും അംഗീകരിക്കുന്നതാണ്. ഇപ്പോഴിതാ തന്റെ അച്ഛന്‍ ശ്രീനിവാസനെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തിലേക്ക് തന്റെ അച്ഛനെ തന്നെ കാസ്റ്റ് ചെയ്തപ്പോഴുള്ള അനുഭവം പറയുകയാണ് ധ്യാന്‍. സ്റ്റാര്‍മാജിക്കില്‍ വെച്ചാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിശദമായി വായിക്കാം തുടര്‍ന്ന്.

'അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാന്‍ പറ്റിയ മേഖലയാണ് സിനിമ എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്. ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ കാണുന്നത് അവിടത്തെ ഹീറോ നായകനാണ്. കാരണം അയാള്‍ക്ക് ഒമ്പത് മണിക്ക് വരാം. കാരവാന്‍, പരിചാരകര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. അപ്പോള്‍ ഞാന്‍ കരുതി നായകനാകാമെന്ന്. പ്രത്യേകിച്ച് ആഗ്രഹമില്ലാത്ത ഒരാള്‍ക്ക് എന്ത് വേണമെങ്കിലും ആകാമല്ലോ' എന്നാണ് ധ്യാന്‍ പറയുന്നത്.

എന്നാല്‍ രണ്ടാമത്തെ ദിവസം ചെന്നപ്പോള്‍ ഡയറക്ടര്‍ക്കാണ് പവര്‍ എന്നെനിക്ക് തോന്നിയെന്നും അങ്ങനെയാണ് സംവിധായകന്‍ ആകാന്‍ തീരുമാനിക്കുന്നതെന്നാണ് ധ്യാന്‍ പറയുന്നത്. പക്ഷെ പിന്നെ മനസിലായി നിര്‍മ്മാതാവിനാണ് വിലയെന്ന്. ഇതോടെ താന്‍ നിര്‍മ്മാതാവാനും തീരുമാനിച്ചതായി ധ്യാന്‍ പറയുന്നുണ്ട്. പിന്നാലെയാണ് താരം ലവ് ആക്ഷന്‍ ഡ്രാമയുടെ കഥയിലേക്ക് കടക്കുന്നത്.
ഞാന്‍ ആദ്യമായിട്ട് സംവിധായകനായ സിനിമയില്‍ ഞാന്‍ പ്രൊഡ്യൂസറായി, ഡിസ്ട്രിബ്യൂട്ടറായി, അതില്‍ ചെറിയ വേഷവും ചെയ്തുവെന്നാണ് ധ്യാന്‍ പറയുന്നത്. നമ്മള്‍ക്ക് പണി അറിയില്ലെങ്കിലും പണി അറിയാവുന്നവരെ നിര്‍ത്തിയാല്‍ ആ പണി നന്നായിട്ട് പോകുമെന്നാണ് തന്റെ വിശ്വാസമെന്നാണ് ധ്യാന്‍ പറയുന്നത്. പിന്നാലെയാണ് അച്ഛനോട് കഥ പറഞ്ഞതിനെക്കുറിച്ച് ധ്യാന്‍ സംസാരിക്കുന്നത്.

ലവ് ആക്ഷന്‍ ഡ്രാമ ചെയ്യുന്ന സമയത്ത് അതില്‍ അഭിനയിക്കാനായി ഞാന്‍ അച്ഛനോട് കഥ പറഞ്ഞു. കഥ പറഞ്ഞ സമയത്ത് തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു. നയന്‍താരയുടെ അച്ഛനാണെന്ന് മാത്രമെ ഞാന്‍ പറഞ്ഞിരുന്നുള്ളു. അപ്പോഴേക്ക് അദ്ദേഹം ഓക്കെ എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഷോക്കായി. ഇത് എന്റെ അച്ഛനായത് കൊണ്ടാണോ അതോ നയന്‍താരയുടെ അച്ഛനാണെന്ന് കേട്ടത് കൊണ്ടാണോയെന്ന് സംശയം വന്നു എന്നാണ് ധ്യാന്‍ പറയുന്നത്.
അച്ഛാ ബാക്കി കഥ കൂടി പറയട്ടെയെന്ന് ചോദിച്ചു. പക്ഷെ വേണ്ട ഇത് ഓക്കെയാണൊയിരുന്നു അച്ഛന്റെ മറുപടിയെന്നാണ് ധ്യാന്‍ പറയുന്നത്. നയന്‍ താര എന്ന് കേട്ടതും പുള്ളിക്ക് പിന്നെ കഥ കേള്‍ക്കണമെന്നില്ലായിരുന്നുവെന്നും ധ്യാന്‍ സ്വതസിദ്ധമായ ശൈലിയില്‍ പറയുന്നുണ്ട്. അച്ഛന്‍ തന്നെ ഞെട്ടിച്ച അനുഭവവും ധ്യാന്‍ ഷോയിലൂടെ പങ്കുവെക്കുന്നുണ്ട്.

കഥ പറയുമ്പോള്‍ എന്ന സിനിമ ഡബ് കട്ട് കണ്ട കഥയാണ് ധ്യാന്‍ പങ്കുവച്ചത്. താന്‍ കരുതിയത് സിനിമ പൊട്ടുമെന്നായിരുന്നു. ശ്രീനിവാസന്‍ തീര്‍ന്നു, ഇനി താന്‍ പണിക്ക് പോകേണ്ടി വരുമെന്ന് ചിന്തിച്ചുവെന്നും അച്ഛന് എന്താണ് പറ്റിയതെന്ന് ആലോചിച്ച് അന്ന് ഉറങ്ങിയില്ലെന്നും ധ്യാന്‍ പറയുന്നുണ്ട്.
എന്നാല്‍ റിലീസ് ദിവസം സിനിമ കണ്ടപ്പോള്‍ താന്‍ കരഞ്ഞു പോയെന്നാണ് ധ്യാന്‍ പറയുന്നത്. അവസാന സീനിലൂടെ ചിത്രം ഹിറ്റായി മാറുകയായിരുന്നുവെന്നും ചിത്രം സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന അച്ഛന്റെ പ്രവചനം ശരിയായെന്നും ധ്യാന്‍ പറയുന്നുണ്ട്. അതേസമയം ഹിഗ്വിറ്റയാണ് ധ്യാനിന്റെ പുതിയ സിനിമ.


Click it and Unblock the Notifications











