ഞങ്ങളെ കല്യാണം കഴിക്കാൻ സമ്മതിക്കരുത് എന്ന് പറഞ്ഞവരുണ്ട്, അമ്മച്ചി എന്നൊക്കെയാണ് വിളികൾ; അശ്വതി
എന്നും സമ്മതം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡികളാണ് രാഹുലും അശ്വതിയും. പരമ്പരയിലെ നായികാ നായകന്മാരായി എത്തിയ താരങ്ങൾ ഇപ്പോൾ ജീവിതത്തിലും ഒന്നായിരിക്കുകയാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ആഴ്‌ചയാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
സീരിയലിൽ എത്തുന്നതിന് മുന്നേ പ്രണയത്തിലായവരാണ് ഇരുവരും. കഴിഞ്ഞ വര്‍ഷമാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. അന്നുമുതൽ വിവാഹം സംബന്ധിച്ച ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. മിനിസ്‌ക്രീനിലെ തങ്ങളുടെ പ്രിയ താരങ്ങൾ ഒന്നായതിന്റെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ. അതേസമയം വിവാഹശേഷം ധാരാളം നെഗറ്റീവ് കമന്റുകളും ഇവർക്ക് നേരിടേണ്ടി വരുന്നുണ്ട്.

വിവാഹ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെയാണ് നെഗറ്റീവ് കമന്റുകളുമായി ചിലർ എത്തിയത്. ഇപ്പോഴിതാ വെറൈറ്റി മീഡിയക്ക് നൽകിയ പുതിയ അഭിമുഖത്തിൽ കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് അശ്വതിയും രാഹുലും. 'അമ്മ, തള്ള എന്നൊക്കെയാണ് കമന്റുകൾ വരുന്നത്. ആ ചെക്കന്റെ ചേച്ചിയെ പോലെയുണ്ട്. അവർ കാണാൻ സഹോദരങ്ങളെ പോലെയുണ്ട്, കല്യാണം കഴിക്കാൻ സമ്മതിക്കരുത് എന്ന് വരെ പറഞ്ഞ് കമന്റുകൾ കണ്ടു', എന്ന് അശ്വതി പറയുന്നു.
'അമ്മച്ചി, തള്ള എന്നൊക്കെ എന്നെ വിളിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല. 25 വയസായ പെൺകുട്ടികൾക്ക് കുറച്ച് പ്രായവും പക്വതയുമൊക്കെ തോന്നും. അപ്പോൾ പിന്നെ എനിക്ക് പ്രശ്നമില്ല. ഇത് എനിക്ക് മാത്രമല്ല എല്ലാവർക്കും വരുന്ന കമന്റാണെന്ന് ഞാൻ മനസിലാക്കി. പിന്നെ ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണല്ലോ', അശ്വതി പറഞ്ഞു.
നെഗറ്റീവ് കമന്റ് ഇടുന്നവരോട് ഇനിയും ഞങ്ങളെ കുറിച്ച് അവിഹിതം ഉണ്ടാക്കരുതേ എന്നും അശ്വതി പറഞ്ഞു. 'ഇപ്പോൾ ഞങ്ങൾ വിവാഹിതരാണ് രണ്ടുപേരും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ്. ഞങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്', എന്നും അശ്വതി കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ പിന്തുണയും സ്നേഹവും കൊണ്ടാണ് നമ്മൾ ഇവിടം വരെ എത്തിയത് അതിൽ നന്ദി മാത്രമെന്ന് രാഹുലും അശ്വതിയും അഭിമുഖത്തിൽ പറഞ്ഞു.
എന്റെ ഭർത്താവെന്ന നിലയിൽ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ആളാണ് രാഹുൽ, കുറെയധികം ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നപ്പോഴൊക്കെ കൂടെ നിന്ന് പിന്തുണച്ചത് രാഹുലാണ്. അച്ഛനും അമ്മയും കഴിഞ്ഞാൽ നമ്മളോട് റിയൽ ആയി കാര്യങ്ങൾ തുറന്നുപറയുക നമ്മുടെ ഭർത്താവാണെന്നും അശ്വതി പറയുന്നു.
വിവാഹ വസ്ത്രത്തെ കുറിച്ചും അശ്വതി അഭിമുഖത്തിൽ സംസാരിച്ചു. 'ദേവസേനയെപോലെ അണിഞ്ഞൊരുങ്ങാൻ വേണ്ടിയാണ് ഞാൻ അങ്ങനെ എത്തിയത്. ആദ്യ ലുക്ക് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല, എന്നാൽ ഗ്രീൻ സാരിയിൽ എത്തിയപ്പോൾ എല്ലാവർക്കും ഇഷ്ടമായി. താലി കോൺസെപ്റ്റിലാണ് നമ്മൾ വിവാഹവേഷം ഡിസൈൻ ചെയ്തത്',

'ഞാൻ അതിൽ നെറ്റിച്ചുട്ടി ഒന്നും ധരിച്ചിരുന്നില്ല കാരണം സിന്ദൂരം ഇടാൻ വേണ്ടിയാണ്. ഞാൻ ആഗ്രഹിച്ച വിവാഹം ആയിരുന്നു. ഒരുപാട് ബഹുമാനവും വാല്യൂവും കൊടുത്ത ബന്ധമാണ്. അതുകൊണ്ടുതന്നെ ആള് എനിക്ക് ഇട്ടുതരുന്ന താലിക്കും ഈ സിന്ദൂരത്തിനും ഒരു വാല്യൂ വേണം എന്ന് ഞാൻ തീരുമാനിച്ചു. അതുകൊണ്ടുതന്നെയാണ് നെറ്റിച്ചുട്ടി മാറ്റിയിട്ട് അവിടെ സിന്ദൂരം ധരിച്ചത്', അശ്വതി പറഞ്ഞു.
ചില ആളുകൾ ചോദിച്ചു ഈ പെണ്ണിന് സ്വർണ്ണം ഒന്നും ഇല്ലേ എന്ന്, ഞാൻ ഇട്ടത് അത്രയും ഫാൻസി ആഭരണങ്ങൾ ആണ്. അത്യാവശ്യം കോസ്റ്റിലി സാധനങ്ങൾ ആയിരുന്നു. നമ്മൾക്ക് ഉപയോഗിക്കാൻ ഉള്ള സ്വർണ്ണം ഇല്ലാഞ്ഞിട്ടല്ല, എന്ത് ചെയ്താലും നെഗറ്റീവ് ആണ് വരുന്നത്. വളരെ എഫോർട്ട് എടുത്ത് ആണ് എല്ലാവരും എല്ലാം ചെയ്‌തത് എന്ന് മാത്രമാണ് നെഗറ്റീവ് പറയുന്നവരോട് പറയാനുള്ളതെന്നും രാഹുലും അശ്വതിയും അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications