അവള്‍ ആത്മഹത്യ ചെയ്യില്ല, അത്ര ബോള്‍ഡായിരുന്നുവെന്ന് നടി; രഞ്ജുഷയുടെ മരണത്തില്‍ ദുരൂഹതയോ?
അടുത്തടുത്തുണ്ടായ മരണങ്ങളില്‍ ഞെട്ടി നില്‍ക്കുകയാണ് സീരിയല്‍ ലോകം. കഴിഞ്ഞ ദിവസമായിരുന്നു നടി രഞ്ജുഷ മേനോന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. മലയാളികള്‍ക്ക് സുപരിചിതയായ, സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമായ നടിയായിരുന്നു രഞ്ജുഷ. എപ്പോഴും ചിരിച്ചു മാത്രം കണ്ടിരുന്ന ബോള്‍ഡായ രഞ്ജുഷയുടെ മരണം സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് രഞ്ജുഷയെ സ്വന്തം വീട്ടിലെ കിടപ്പമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്വന്തം ജന്മദിനത്തിനാണ് രഞ്ജുഷ സ്വയം ജീവിതം അവസാനിപ്പിച്ചത് എന്നതും ആ മരണത്തെ കൂടുതല്‍ വേദനാജനകമാക്കുന്ന വസ്തുത. പതിവ് പോലെ രഞ്ജുഷ ലൊക്കേഷനില്‍ എത്താതെ താരത്തെ ബന്ധപ്പെടാന്‍ അണിയറ പ്രവര്‍ത്തിച്ചിരുന്നു. താരം ഫോണെടുക്കാതെ വന്നതോടെ പങ്കാളിയായ മനോജിനെ വിളിക്കുകയായിരുന്നു.

തുടര്‍ന്ന് മനോജും രഞ്ജുഷയെ വിളിച്ചുവെങ്കിലും താരം ഫോണെടുത്തില്ല. ഇതോടെ മനോജ് വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് രഞ്ജുഷയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. അഭിനയത്തിന് പുറമെ നൃത്തത്തിലും താല്‍പര്യമുണ്ടായിരുന്ന രഞ്ജുഷ ഭരതനാട്യം പഠിച്ചിട്ടുണ്ട്. ഇതിനിടെ ചില സംശയം ഉയര്‍ത്തിയിരിക്കുകയാണ് നടിയും രഞ്ജുഷയുടെ സുഹൃത്തുമായ കന്യ.
രഞ്ജുഷയെ അവസാനമായി കാണാനെത്തി തിരികെ പോകുന്നതിനിടെയായിരുന്നു കന്യയുടെ പ്രതികരണം. ''എല്ലാ കാര്യങ്ങളും അറിയാം. പക്ഷെ അത് തെളിയണം. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. അത് തെളിയും. അവസനമായി ശനിയാഴ്ച ലൊക്കേഷനില്‍ വച്ചാണ് കണ്ടത്. ഞങ്ങളോട് എപ്പോഴും സന്തോഷത്തോടെ സംസാരിക്കുന്നതാണ്. പക്ഷെ ഇതെന്തോ, ഉള്ളില്‍ എന്തൊക്കയോ പ്രശ്‌നങ്ങളുണ്ട്. പക്ഷെ അവള്‍ ആത്മഹത്യ ചെയ്യില്ല. അത് ഞങ്ങള്‍ക്ക് വ്യക്തമാണ്. അത്ര ബോള്‍ഡ് ആയിട്ടുള്ള കുട്ടിയാണ്'' എന്നാണ് കന്യ പറഞ്ഞത്.
വിവാഹ മോചിതയായ രഞ്ജുഷ കഴിഞ്ഞ രണ്ട് വര്‍ഷമായി മനോജുമായി ലിവിംഗ് ടുഗദറിലാണ്. സീരിയല്‍ സംവിധായകനാണ് മനോജ്. മനോജ് സംവിധാനം ചെയ്യുന്ന സീരിയലിന്റെ സഹനിര്‍മ്മാണവും രഞ്ജുഷയായിരുന്നു. താരത്തിന്റ മരണത്തില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്താണ് രഞ്ജുഷയെ ഇത്ര വലിയൊരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്. താരത്തിന്റെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ രഞ്ജുഷയെക്കുറിച്ച് ഇല്ലാക്കഥകള്‍ നല്‍കുന്ന യുട്യൂബ് ചാനലുകള്‍ക്കെതിരെ നടി സൂര്യ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലൂടെ ശ്രദ്ധ നേടിയ താരമാണ് സൂര്യ. രഞ്ജുഷുടെ മരണത്തെ തുടര്‍ന്ന് താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ചെറിയ ഇടവേളയെടുക്കുന്നുവെന്ന് പറഞ്ഞ ശേഷമാണ് സൂര്യയുടെ പ്രതികരണം.
''ദയവ് ചെയ്ത് ഇന്നലെ മരിച്ച രഞ്ജുഷയെക്കുറിച്ച് ഇല്ലാത്ത കഥകള്‍ വൃത്തികെട്ട തമ്പ്നെയില്‍ കൊടുത്ത് യൂട്യൂബ് ചാനലുകള്‍ ഇടരുത്. അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവള്‍ അല്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ'' എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം രഞ്ജുഷയെ ഓര്‍ത്തുകൊണ്ടുള്ള നടി അശ്വതിയുടെ കുറിപ്പും ശ്രദ്ധ നേടിയിരുന്നു.

ഒരു പ്രണാമം പറഞ്ഞു അവസാനിപ്പിക്കാന്‍ പറ്റാത്ത സൗഹൃദമുള്ള ഒരു വ്യക്തി എന്നെ വിട്ടു പോയെന്നാണ് രഞ്ജുഷയുടെ മരണത്തെക്കുറിച്ച് അശ്വതി പറഞ്ഞത്. 2009 മുതല്‍ തുടങ്ങിയ സൗഹൃദം, നമക്ക് കൂട്ടുകാര്‍ ഒരുപാട് പേരുണ്ടാകാം പക്ഷെ വളരെ ചുരുക്കം ചിലരൊടെ നമുക്കെന്തു തോന്ന്യാസവും, കുശുമ്പും എല്ലാം പങ്കുവെക്കാന്‍ കഴിയുകയുള്ളു.എനിക്ക് അങ്ങനെ പങ്കുവെക്കാന്‍ വിരലില്‍ എണ്ണാന്‍ പറ്റിയ ചുരുക്കം പേരില്‍ ഒരാളായിരുന്നു എന്റെ രഞ്ജുമ്മ എന്നും അശ്വതി പറയുന്നുണ്ട്.
'നാട്ടില്‍ വരുമ്പോള്‍ നീ എന്നെ കാണാന്‍ വരില്ലേ' രണ്ടാഴ്ച മുന്നേ കൂടി ചോദിച്ചു. വരും. ഇനി നാട്ടില്‍ വരുമ്പോള്‍ പറ്റില്ലല്ലോ? അതുകൊണ്ട് ഭൂമിയിലെ എന്റെ സമയം കഴിഞ്ഞു അങ്ങെത്തുമ്പോള്‍ ഞാന്‍ അന്വേഷിച്ചു വരും, നമുക്കന്നു കൊറേ കാര്യങ്ങള്‍ പറഞ്ഞു ചിരിക്കാം, എന്നെ എന്നും പൊട്ടി പൊട്ടി ചിരിപ്പിച്ചിട്ടുള്ളത് പോലെ അന്നും ചിരിപ്പിക്കണം എന്നും അശ്വതി തന്റെ വികാരഭരിതമായ കുറിപ്പില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications