റാണിയമ്മേ നന്നായിക്കൂടെ എന്ന് മകൻ ചോദിക്കും; ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്: നിഷ മാത്യു
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി നിഷ മാത്യു. കൂടെവിടെ എന്ന പാരമ്പരയിലൂടെയാണ് നിഷ ജനപ്രീതി നേടുന്നത്. കുടുംബപ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിട്ടാണ് താരം എത്തിയത്. റാണിയമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്.
നോട്ടവും ഭാവവും കൊണ്ടെല്ലാം നല്ല അസ്സൽ വില്ലത്തിയായാണ് അഭിനയിക്കുന്നതെങ്കിലും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടാൻ നിഷയ്ക്ക് സാധിച്ചിട്ടുണ്ട്.

ഏവിയേഷൻ മേഖലയിൽ ജോലി ചെയ്തിരുന്ന നിഷ അതിൽ നിന്നുമാണ് സിനിമയിലേക്കും സീരിയലിലേക്കുമെല്ലാം എത്തുന്നത്. ദുബായിയിൽ സെറ്റിലായ താരം അവിടെ പ്രൊഡക്ഷൻ കമ്പനി നടത്തുകയായിരുന്നു. നടനും സംവിധായകനുമായുള്ള ജോയ് മാത്യുവുമായുള്ള പരിചയം താരത്തെ ആദ്യം സിനിമകളുടെ ഭാഗമാക്കി.
ഏകദേശം അഞ്ചോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ശേഷമാണു നിഷ പിന്നീട് മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. മിനിസ്‌ക്രീനിൽ രണ്ടു വർഷമായി സജീവമായ താരം ഇടയ്ക്ക് സിനിമയിലും അഭിനയിച്ചിരുന്നു. പടച്ചോനെ ഇങ്ങള് കാത്തോളീ ആണ് നിഷയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ.

ഇപ്പോഴിതാ, തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് നിഷ. കൗമുദി മൂവീസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് താൻ ഇവിടെ എത്തിയത് എന്ന് നിഷ പറയുന്നുണ്ട്. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അത് സിനിമ മേഖലയിൽ മാത്രമല്ലെന്നും നടി പറയുന്നു.
അഭിനയത്തിൽ വന്ന ശേഷം ഉണ്ടായ ഗോസ്സിപ്പുകളെ കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിഷ. നിഷയുടെ വാക്കുകൾ വായിക്കാം വിശദമായി തുടർന്ന്. 'ഗോസിപ്പുകൾ വരട്ടെ, ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുളള ആളാണ് ഞാൻ. അതൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയും അതിജീവിക്കും.

സിനിമാക്കാർക്ക് മാത്രമായി ഒരു പ്രശ്‍നവുമില്ല. എല്ലാ മേഖലയിലും പ്രശ്‌നങ്ങൾ ഉണ്ട്. സെലിബ്രിറ്റീസ് ആയതു കൊണ്ടും പോപ്പുലർ ആയത് കൊണ്ടുമാണ് അവരുടെ വാർത്തകൾ പുറത്ത് വരുന്നത്. നമ്മൾ നോ പറയാൻ പഠിച്ചാൽ പ്രശ്‌നങ്ങൾ മാറും. നമ്മുക്ക് ഇഷ്ടമില്ലാത്ത വേണ്ടാത്ത കാര്യങ്ങളെ നോ എന്ന് പറയാൻ പഠിച്ചു കഴിഞ്ഞാൽ ജീവിതത്തിൽ ഒരു പ്രശ്‌നവുമില്ല. പക്ഷെ സ്‌കൂളിൽ ഒന്നും നമ്മുക്ക് അത് പഠിപ്പിച്ച് തരുന്നില്ല.
ഞാൻ എന്റെ ജീവിതം കൊണ്ടാണ് നോ പറയാൻ പഠിച്ചത്. അനുഭവങ്ങളിൽ നിന്നാണ് ഞാൻ അത് പഠിച്ചത്. ഇയാളോട് ഞാൻ എങ്ങനെ നോ പറയും എന്ന് കരുതി കോമ്പ്രമൈസ് ചെയ്യും. ഇഷ്ടമില്ലെങ്കിലും നോക്കാം എന്നൊക്കെ പറയും. കുറെ കഴിഞ്ഞപ്പോഴാണ് നോ എന്ന വാക്കാണ് കൂടുതൽ ഉപയോഗിക്കേണ്ടതെന്ന്. അത് പറയാനുള്ള ധൈര്യം ഉണ്ടായാൽ മാത്രം മതി,' നിഷ പറഞ്ഞു.

'ചെറുപ്രായത്തിൽ പോലും തനിക്ക് വലിയ രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് നിഷ പറയുന്നുണ്ട്. എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഞാൻ ടോം ബോയ് മാതിരി ആയിരുന്നു. ആൺ സുഹൃത്തുക്കൾ ആയിരുന്നു കൂടുതൽ അവരോട് സംസാരിക്കാൻ ആണ് ഇഷ്ടം. അവർ പറയുന്ന കാര്യങ്ങൾ ആണ് ഇന്ട്രെസ്റ്റിങ് ആയി തോന്നിയത്. പാഞ്ചാലി എന്നൊക്കെ ആയിരുന്നു പേര്' നിഷ കൂട്ടിച്ചേർത്തു. തനിക്ക് ഒരുപാട് സൗഹൃദങ്ങൾ ഉണ്ടെന്നും നടി പറയുന്നുണ്ട്.

റാണിയമ്മ ആയി ആളുകൾ തിരിച്ചറിയുന്നത് സന്തോഷമാണെന്നും നടി പറയുന്നുണ്ട്. ആദ്യം ആ കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടി. എനിക്ക് പറ്റില്ലെന്ന് സംവിധായകനോട് സംസാരിച്ചു. അദ്ദേഹം നൽകിയ കോൺഫിഡൻസിൽ മുന്നോട്ട് പോയി. എന്റെ പരമാവധി ചെയ്യാൻ ശ്രമിച്ചു. അങ്ങനെയാണ് മെച്ചപ്പെട്ടത്. ഇപ്പോഴും തന്റെ മികച്ചത് നൽകാനുള്ള ശ്രമമാണ്.
കുട്ടികളിൽ ഒരുപാട് പേർ കാഴ്ചക്കാരായുണ്ട്. നെഗറ്റീവ് ഷെഡ് അവരിൽ ഇമ്പാക്ട് ഉണ്ടാക്കുമോ എന്ന പേടിയുണ്ട്. എന്റെ മകൻ കാണാറുണ്ട്. റാണിയമ്മേ നന്നായിക്കൂടെ എന്ന് അവൻ ചോദിക്കും. ഞാൻ അവനോട് പറയാറുണ്ട് ഇതൊക്കെ നെഗറ്റീവ് കാര്യങ്ങളാണ് പോസിറ്റീവിന് പ്രാധാന്യം നൽകണമെന്ന്, നിഷ പറഞ്ഞു.


Click it and Unblock the Notifications











