സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെ സംസാരിക്കേണ്ടതില്ലെന്ന് എനിക്കറിയാം, പക്ഷെ ഇന്നത് തിരുത്തുന്നു; കുറിപ്പുമായി അനുരാധ
പാചക പരീക്ഷണങ്ങളുമായെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ അവതാരകയാണ് ലക്ഷ്മി നായർ. മാജിക് ഓവൻ അടക്കമുള്ള ഒരുപിടി ടെലിവിഷൻ പരിപാടികളിലൂടെയാണ് ലക്ഷ്മി ശ്രദ്ധനേടുന്നത്. നിരവധി ആരാധകരാണ് അന്ന് ലക്ഷ്മി നായരുടെ പരിപാടികൾക്ക് ഉണ്ടായിരുന്നത്. പാചകത്തിന് പുറമെ വാചകം കൊണ്ട് സ്റ്റൈല് കൊണ്ടുമെല്ലാം ഒരുപാട് പേരുടെ ഇഷ്ടം നേടിയെടുക്കാൻ ലക്ഷ്മി നായർക്ക് കഴിഞ്ഞു.
ഇന്ന് സോഷ്യൽ മീഡിയയിലടക്കം താരമാണ് ലക്ഷ്മി നായർ. കോവിഡ് കാലത്ത് സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങിയ താരം തന്റെ പാചക പരീക്ഷണങ്ങൾ മുതൽ കുടുംബവിശേഷങ്ങൾ വരെ ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞഥിതി കൂടെ എത്തിയതിന്റെ സന്തോഷം ലക്ഷ്മി അടുത്തിടെ പങ്കുവെച്ചിരുന്നു. ലക്ഷ്മി നായരുടെ മകൻ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും പെൺകുഞ്ഞ് പിറന്ന സന്തോഷമാണ് ലക്ഷ്‌മി പങ്കുവെച്ചത്.

കുഞ്ഞിന്റെ പേരിടൽ ചടങ്ങും മറ്റു വിശേഷങ്ങളുമൊക്കെ ലക്ഷ്മി പങ്കുവെച്ചിരുന്നു. സരസ്വതി എന്നാണ് ചെറുമകൾക്ക് ലക്ഷ്മിയും കുടുംബവും നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ താരത്തിന്റെ മരുമകളും, യൂട്യൂബറുമായ അനുരാധ പങ്കുവച്ച ഒരു കുറിപ്പാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഭർത്താവ് വിഷ്ണു നായർക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് അനുരാധയുടെ പോസ്റ്റ്.
"എന്റെ അമേസിംഗ് ആയ ഭർത്താവ്, നമ്മുടെ സുന്ദരിയായ മോളുടെ നല്ല അടിപൊളി അച്ഛൻ ഹാപ്പി ബർത്ത് ഡേ ഡിയർ! ഞങ്ങൾ എല്ലാവരും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ നേടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതെല്ലാം നേടാൻ നിങ്ങൾ അർഹനാണ്. നമുക്ക് ഈ സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെ പരസ്പരം സംസാരിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കറിയാം, പക്ഷേ ഇന്ന് ഞാൻ അത് തിരുത്തുന്നു. എല്ലാ ദിവസവും, പ്രകാശം നിറയ്ക്കുന്നതിനും, ജീവിതം മനോഹരം ആക്കുന്നതിനും ഒരുപാട് നന്ദി," അനുരാധ കുറിച്ചു.
ലക്ഷ്മിയും മകന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നു. "എന്റെ പ്രിയപ്പെട്ട വിഷ്ണു മോന് ജന്മദിനാശംസകൾ... മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ. ദൈവം അനുഗ്രഹിക്കട്ടെ. ലവ് യു സോ മച്ച്," എന്നാണ് ലക്ഷ്മി നായർ കുറിച്ചത്. ലക്ഷ്മിയുടെയും അനുരാധയുടെയും പോസ്റ്റിന് താഴെ നിരവധിപേർ ആശംസകളുമായി എത്തുന്നുണ്ട്.

2018 ലാണ് വിഷ്ണുവും അനുരാധയും വിവാഹിതരാകുന്നത്. അത്യന്തം ആർഭാടപൂർവം നടന്ന വിവാഹച്ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇരുകൈയ്യും നീട്ടിയാണ് ഇവരുടെ ബന്ധത്തെ ലക്ഷ്മി നായരും കുടുംബവും അംഗീകരിച്ചത്.
അതേ സമയം ലക്ഷ്മിക്ക് പിന്നാലെയാണ് അനുരാധയും യൂട്യൂബിൽ സജീവമായത്. മേക്കപ്പ് ടിപ്സുകളും മറ്റുമൊക്കെ ആയിട്ടാണ് അനുരാധ ആദ്യമെത്തിയത്. പിന്നീട് ഡെയ്‌ലി വ്ലോഗ്സും കുടുംബ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് സജീവമാവുകയായിരുന്നു. എന്നാൽ ഇപ്പോൾ കുഞ്ഞിന്റെ വരവിന് ശേഷം യൂട്യൂബിൽ അത്ര സജീവമല്ല അനുരാധ. ഒരു മാസത്തിലേറെയായി പുതിയ വിശേഷങ്ങളൊന്നും അനു പങ്കുവെച്ചിട്ടില്ല.


Click it and Unblock the Notifications











