അയ്യേ, സീരിയലില്‍ നിന്നാണോ ലിജോ സാര്‍ എടുത്തത്! മെസേജുകള്‍ വിഷമിപ്പിച്ചു; തുറന്ന് പറഞ്ഞ് സുചിത്ര
സീരിയലില്‍ നിന്നും സിനിമയിലേക്ക് എത്തിയവര്‍ നിരവധി പേരുണ്ട്. എന്നാല്‍ അതത്ര എളുപ്പമുള്ള കാര്യമല്ല. സീരിയില്‍ താരങ്ങളെ സംബന്ധിച്ച് പലപ്പോഴും സിനിമയില്‍ അവസരം ലഭിക്കുക എന്നതും നല്ല വേഷങ്ങള്‍ ലഭിക്കുക എന്നതും ഏറെ പ്രയാസകരമാണ്. സീരിയല്‍ താരങ്ങളെ അവഗണിക്കുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്ന പ്രവണതാ സിനിമാ ലോകത്ത് ഉണ്ടെന്നത് വസ്തുതയാണ്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടി സുചിത്ര.
വാനമ്പാടി എന്ന സീരിയിലൂടെ താരമായ നടിയാണ് സുചിത്ര. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനിലൂടെയാണ് സുചിത്ര സിനിമയിലെത്തുന്നത്. ചിത്രത്തിലെ സുചിത്രയുടെ വേഷം കയ്യടി നേടിയിരുന്നു. അതേസമയം സീരിയിലില്‍ നിന്നും തിരഞ്ഞെടുത്തതില്‍ പലര്‍ക്കും ദഹിച്ചിട്ടില്ലെന്നാണ് സുചിത്ര പറഞ്ഞത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര മനസ് തുറന്നത്.

'ഇപ്പോഴും പല ആളുകള്‍ക്കും സീരിയലില്‍ നിന്ന് എടുത്തത് ദഹിച്ചിട്ടില്ല. 'സീരിയലില്‍ നിന്ന് എടുത്തോ' എന്നൊക്കെയുള്ള ഫേക്ക് അക്കൗണ്ടില്‍ നിന്നുള്ള മെസേജുകള്‍ വരാറുണ്ട്. സീരിയലില്‍ നിന്ന് പോയോ അയ്യേ, ലിജോ സാര്‍ സീരിയലില്‍ നിന്നെടുത്തതാണോ' അങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇപ്പോഴുമുണ്ട്. സീരിയലില്‍ നിന്ന് ആയിക്കോട്ടെ, എല്ലാവരും കലാകാരന്മാര്‍ ആണെന്നുള്ള കണ്‍സിഡറേഷന്‍ കൊടുക്കുക. സീരിയല്‍ നിന്ന് വരുന്ന ആള്‍ക്കാര്‍ ആണെങ്കില്‍ അഭിനയിച്ചു വരുന്നവരാണ്. നിങ്ങള്‍ അങ്ങനെ ചിന്തിക്കാതിരിക്കുക എല്ലാവര്‍ക്കും അവസരങ്ങള്‍ കിട്ടട്ടെ. എല്ലാ മേഖലയിലും എല്ലാവര്‍ക്കും സജീവമായി നില്‍ക്കാന്‍ പറ്റട്ടെ'' എന്നാണ് സുചിത്ര പറയുന്നത്.
ലിജോ സാറിനെ പോലൊരു മനസ് എല്ലാ സംവിധായകര്‍ക്കും ഉണ്ടാകട്ടെ. അത്രമാത്രമാണ് ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. ലിജോ സാറിന് അങ്ങനെയൊരു ചിന്തയുണ്ടെന്ന് തോന്നുന്നില്ല. ആര് നന്നായി പെര്‍ഫോം ചെയ്യുന്നുവോ അവര്‍ നമ്മുടെ സിനിമയില്‍ വേണം എന്നാണ് ചിന്തിക്കുന്നത്. അങ്ങനെ എല്ലാവരും ചിന്തിക്കട്ടെ എന്നും സുചിത്ര പറയുന്നുണ്ട്.
ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. വാനമ്പാടി കഴിഞ്ഞ് നിന്ന സമയത്ത് കുറേ സിനിമകളില്‍ നിന്നും വിളിച്ചിരുന്നു. വിളിച്ച ശേഷം ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കും. സീരിയല്‍ കഴിഞ്ഞ് നില്‍ക്കുകയാണ്, സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ഞാന്‍ പറയും. അടുത്ത കോളില്‍ പറയുക, സീരിയലില്‍ ഒത്തിരി എസ്റ്റാബ്ലിഷ് ആയിപ്പോയി, എല്ലാവരുമായി ചര്‍ച്ച ചെയ്തപ്പോള്‍ തല്‍ക്കാലം വേണ്ട എന്നാണ്, കുറച്ച് കഴിഞ്ഞ് എല്ലാവരും ഈ മുഖം ഒന്ന് മറക്കട്ടെ എന്നാണ് പറയുക. എനിക്ക് അറിയില്ല അതെന്താണെന്ന്. പക്ഷെ അങ്ങനെ ചിന്തിക്കുന്നുവല്ലോ എന്നോര്‍ത്ത് സങ്കടം വന്നിട്ടുണ്ടെന്നും സുചിത്ര പറയുന്നു.

താന്‍ വാലിബനിലേക്ക് എത്തിയതിനെക്കുറിച്ചും സുചിത്ര സംസാരിക്കുന്നുണ്ട്. എല്ലാവരും കരുതിയിരിക്കുന്നത് ലാലേട്ടനാണ് എന്നെ വാലിബനിലേക്ക് വിളിച്ചതെന്നാണ്. സത്യത്തില്‍ അങ്ങനെയല്ല. ലിജോ സാര്‍ ആണ് എന്നെ വിളിക്കുന്നതെന്നാണ് സുചിത്ര പറയുന്നത്. അദ്ദേഹം ബിഗ് ബോസ് കാണുമായിരുന്നു. ടിനു പാപ്പച്ചനും ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലിജോ സാര്‍ ബിഗ് ബോസ് കണ്ടിരുന്നു. അതിന് ശേഷം നമ്മുടെ കഥാപാത്രത്തിന് ഈ കുട്ടി എങ്ങനെയുണ്ടാവുമെന്ന് ടിനുചേട്ടനോട് ചോദിച്ചുവെന്നാണ് സുചിത്ര പറയുന്തന്.
ബിഗ് ബോസില്‍ നിന്നുണ്ടായ വലിയ ഗുണങ്ങളില്‍ ഒന്നാണ് വാലിബനെന്നാണ് സുചിത്ര പറയുന്നത്. അടുത്ത ബിഗ് ബോസ് വരാന്‍ പോവുകയാണ്. അതിലേക്ക് പോകുന്ന മത്സരാര്‍ഥികളോട് എനിക്ക് പറയാനുള്ളതും ഇതാണ്. ലിജോ സാറൊക്കെ ഷോ കാണുന്നുണ്ട്. നിങ്ങളും അദ്ദേഹത്തിന്റെ കണ്ണില്‍ പോയി പെടുമെന്നും സുചിത്ര ഫറയുന്നു. ഞങ്ങളുടെ സീസണില്‍ നിന്നാണോന്ന് അറിയില്ല. ഒരാള്‍ക്ക് കൂടി അവസരം വെച്ചിട്ടുണ്ടെന്നാണ് സാര്‍ പറയുന്നതെന്നും സുചിത്ര കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications