'ഭയങ്കരമായിട്ട് തടിച്ചല്ലോ, എന്താണ് ഭക്ഷണം കുറയ്ക്കാത്തത്?'; എന്തിനാണീ ചോദ്യങ്ങളെന്ന് മനസിലാകുന്നില്ല: സ്‌നേഹ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ശ്രീകുമാറും സ്നേഹയും. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയരായ ഇരുവരും സോഷ്യൽ മീഡിയയിലെയും സജീവ സാന്നിധ്യമാണ്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. കഴിഞ്ഞ ജൂണിലാണ് സ്നേഹയ്ക്കും ശ്രീകുമാറിനും ഒരു ആൺകുഞ്ഞ് ജനിച്ചത്. കേദാർ എന്നാണ് ഇവർ മകന് പേരിട്ടിരിക്കുന്നത്.
പ്രസവശേഷം അധികം വൈകാതെ തന്നെ സ്നേഹ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോൾ നേരത്തത്തേതിലും തിരക്കാണെങ്കിലും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാര്യത്തിൽ സ്നേഹ ഒരു മുടക്കവും വരുത്താറില്ല. പ്രസവശേഷം അഭിനയത്തിൽ തിരിച്ചെത്തിയതിന്റെയും മകൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയതിന്റെയെല്ലാം സന്തോഷങ്ങൾ സ്നേഹ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രസവത്തിന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സ്നേഹ.

കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സ്നേഹ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. താൻ കടന്നുപോയതും, തനിക്കുണ്ടായ ഫീലിംഗ്‌സുമൊക്കെയാണ് വീഡിയോയിൽ പറയുന്നതെന്നും സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ അവരും സമാനമായ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെന്നും സ്നേഹ പറഞ്ഞു.
"ഗര്‍ഭിണി ആയിരുന്ന സമയത്തെയും, പ്രസവം കഴിഞ്ഞതിന് ശേഷമുള്ളതുമായ കുറച്ച് കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. പ്രഗ്നന്റായിരുന്ന സമയത്ത് ഞാന്‍ ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൊക്കെ സജീവമായിരുന്നു. ഡ്രൈവ് ചെയ്തിട്ടുണ്ട്, അഭിനയിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ നൂറ് ശതമാനം സന്തോഷത്തിലായിരുന്നു എന്നാകും എല്ലാവരും കരുതിയത്. എന്നാല്‍ അങ്ങനെയല്ല, സങ്കടപ്പെട്ട സമയങ്ങളും ഉണ്ടായിട്ടുണ്ട്.
ആദ്യമൊക്കെ സന്തോഷമായിരുന്നുവെങ്കിലും ചില സിറ്റുവേഷനുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് എനിക്കും ശ്രീക്കും അറിയില്ലായിരുന്നു. തുടക്കകാലത്ത് ഞാന്‍ കരയുകയും ദേഷ്യപ്പെടുകയും വഴക്കിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഭയങ്കരമായിട്ട് മൂഡ് ചെയ്ഞ്ചുണ്ടായിരുന്നു. ചെറിയ കാര്യങ്ങളില്‍ വരെ വല്ലാതെ സങ്കടം വരും. ഒരു ഗുളിക വാങ്ങിക്കാന്‍ അഞ്ച് മിനിട്ട് വൈകിയാല്‍ വഴക്കിടുമായിരുന്നു. ഇവള്‍ക്കെന്താ വട്ടാണോ, എന്തിനാ വഴക്കിടുന്നതെന്നൊക്കെ ശ്രീ വിചാരിച്ചിരുന്നു.
പ്രഗ്നന്‍സിയിലെ മൂഡ് ചെയ്ഞ്ചാണ് ഇതിന് കാരണമെന്ന് മനസിലാക്കിയതോടെ ശ്രീ നന്നായി കെയര്‍ ചെയ്തു. ശരിക്കും സങ്കടം വന്ന രണ്ടു മൂന്ന് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് പെട്ടെന്ന് സങ്കടവും കരച്ചിലുമൊക്കെ വരും. കരഞ്ഞാല്‍ വയറുവേദനയും തലവേദനയും വരും. അതിന് മരുന്ന് കഴിക്കാനും പറ്റില്ല. പ്രഗ്നന്റായവരെ കെയര്‍ ചെയ്യുന്നത് അവരെ ബോധ്യപ്പെടുത്തണം. ആ സമയത്ത് പലതരം ഇഷ്ടങ്ങളായിരിക്കും. ഇന്ന് മധുരം ഇഷ്ടമാണെങ്കില്‍ നാളെ അത് കഴിക്കാന്‍ തോന്നില്ല.

ചില സാധനങ്ങള്‍ ആഗ്രഹം തോന്നിയാലും മുന്നില്‍ കിട്ടിയാല്‍ കഴിക്കാന്‍ തോന്നില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍ നമ്മളോട് ഒരാള്‍ എങ്ങനെ പെരുമാറിയെന്ന കാര്യം മനസില്‍ നിന്നും പോവില്ലെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അതും നൂറ് ശതമാനം ശരിയാണ്. നമ്മളെ കെയര്‍ ചെയ്തവരോട് നമുക്കൊരുപാട് സ്‌നേഹം തോന്നും. നമ്മളെ ആരെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ വിട്ടേക്കുക. എന്തെങ്കിലും സാധനം മേടിക്കുമ്പോള്‍ എക്‌സ്ട്രാ ഒരെണ്ണം കൂടി വാങ്ങുക.
കഴിഞ്ഞ ദിവസം കഴിച്ചില്ലെങ്കിലും പോലും ചിലപ്പോള്‍ നിങ്ങള്‍ കഴിക്കുന്നത് കണ്ടാല്‍ അവര്‍ക്ക് കഴിക്കാന്‍ തോന്നും. അല്ലെങ്കിൽ ഗര്‍ഭിണികളുടെ മുന്നില്‍ വെച്ച് കഴിക്കാതിരിക്കുക, അല്ലെങ്കില്‍ അവരെ കാണിക്കാതിരിക്കുക. ഡെലിവറി കഴിഞ്ഞ സമയത്ത് അയ്യോ ഭയങ്കരമായിട്ട് തടിച്ചല്ലോ എന്ന് പറഞ്ഞവരുണ്ട്. ഞാന്‍ നേരത്തെയും തടിച്ചിട്ടായിരുന്നല്ലോ എന്ന് ചോദിക്കുമ്പോള്‍ ഇത് ഒരുപാട് കൂടിയെന്ന് പറഞ്ഞിട്ടുണ്ട്. വയര്‍ കുറയാൻ എന്താണ് ഒന്നും ചെയ്യാത്തത് എന്ന ചോദ്യങ്ങളും കേട്ടിട്ടുണ്ട്.
സി സെക്ഷന്‍ ഡെലിവറി കഴിഞ്ഞ് മൂന്ന് മാസമായതേയുള്ളൂ, ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ലെന്ന് പറയുമ്പോള്‍ ഭക്ഷണം കുറയ്ക്കണമെന്ന് പറയും. എന്താണ് തടി കുറയാത്തത്, എന്താണ് ഭക്ഷണം കുറയ്ക്കാത്തതെന്ന ചോദ്യം ഡെലിവറി കഴിഞ്ഞവരോട് ചോദിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല," - സ്നേഹ വീഡിയോയിൽ പറഞ്ഞു. നിരവധിപേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. നെഗറ്റീവുകൾ ഒന്നും പറയാതെ കൃത്യമായി കാര്യങ്ങൾ പറഞ്ഞതിന് സ്നേഹയെ അഭിനന്ദിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications