മമ്മൂക്കയ്ക്കും ആ സംശയമുണ്ടായി! മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ ചെന്നപ്പോൾ ചോദിച്ചത്; നിയാസ് പറയുന്നു
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടനാണ് നിയാസ് ബക്കര്‍. വർഷങ്ങളായി അഭിനയ രംഗത്ത് സജീവമാണെങ്കിലും മറിമായം എന്ന പരമ്പരയിലൂടെയാണ് നിയാസ് പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പരമ്പരയിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന താരങ്ങളിൽ ഒരാളാണ് നിയാസ്. കലാകുടുംബത്തിൽ നിന്നുമാണ് നിയസിന്റെ വരവ്. നടൻ അബൂബക്കറിന്റെ മകനാണ് നടൻ. കലാഭവൻ നവാസ് സഹോദരനാണ്.
പിതാവിനൊപ്പം ചെറുപ്പം മുതൽ തന്നെ ഷൂട്ടിങ് ലൊക്കേഷനുകളിലെല്ലാം പോകുമായിരുന്ന നിയാസ് അങ്ങനെയാണ് ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നത്. വലുതായപ്പോൾ നാടക വേദികളിലൂടെ സിനിമയിലേക്കും സീരിയലിലേക്കും എത്തുകയായിരുന്നു നടൻ. ഇന്ന് സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ സജീവമാണ് നിയാസ്. ഒപ്പം രണ്ടിടത്തും ഒരുപിടി നല്ല സൗഹൃദങ്ങളും നടനുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമായും നല്ല ബന്ധമാണ് നിയാസിന് ഉള്ളത്. നിയാസിന്റെ മകള്‍ ജസീലയുടെ വിവാഹത്തിന് മമ്മൂട്ടി എത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ അതേക്കുറിച്ചും മമ്മൂട്ടിയുമായുള്ള സ്നേഹബന്ധത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് നിയാസ് ബക്കർ. പുതിയ ചിത്രമായ ഒച്ചിന്റെ പ്രമോഷന്റെ ഭാഗമായി സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. മമ്മൂട്ടി നായകനായ വാത്സല്യം എന്ന സിനിമയിൽ നിയാസിന്റെ വാപ്പ അബൂബക്കർ അഭിനയിച്ചിരുന്നു. വാപ്പച്ചിയുമായുള്ള അടുപ്പത്തിലൂടെ വന്ന സ്‌നേഹ വാത്സല്യം അദ്ദേഹത്തിന് തങ്ങളോട് ഉണ്ട്, എന്നാല്‍ അതിനപ്പുറം മറിമായം എന്ന പരമ്പരയിലൂടെയാണ് തന്നെ മമ്മൂക്ക കുറച്ചുകൂടെ ശ്രദ്ധിച്ചതെന്ന് നിയാസ് പറയുന്നു.
'മറിമായത്തിന്റെ ഒരു എപ്പിസോഡില്‍ ഞാന്‍ ട്രാന്‍സ്‌ജെന്റര്‍ ആയി അഭിനയിച്ചിരുന്നു. അത് കണ്ട് ഇക്ക എനിക്ക് അയച്ച വോയ്സ് മെസേജ് ഇപ്പോഴും ഒരു പെന്‍ഡ്രൈവിലാക്കി ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വളരെ നന്നായി അഭിനയിച്ചു, മറിമായത്തില്‍ തന്നെ ഒതുങ്ങുകയാണോ എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ഉപദേശം കലര്‍ന്ന പ്രശംസയായിരുന്നു അത്. എന്നോട് മാത്രമല്ല, മറിമായത്തിലെ എല്ലാ ആര്‍ട്ടിസ്റ്റിനോടും മമ്മൂക്കയ്ക്ക് ഒരു ഇഷ്ടമുണ്ട്,' നിയാസ് പറയുന്നു.
ആ ബന്ധത്തിലായിരുന്നോ മമ്മൂക്കയെ മകളുടെ വിവാഹത്തിന് ക്ഷണിച്ചത് എന്ന് ചോദിച്ചപ്പോള്‍ ഒരു ചിരിയിലൂടെ ആയിരുന്നു നിയാസിന്റെ പ്രതികരണം. 2019 ല്‍ ആയിരുന്നു നിയാസ് ബക്കറുടെ മകളുടെ വിവാഹം. കെട്ടിക്കാന്‍ പ്രായമായ മകളുടെ അച്ഛനാണോ നിയാസ് എന്ന ചോദ്യം അന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. വിവാഹം ക്ഷണിക്കാന്‍ പോയപ്പോള്‍ മമ്മൂക്കയും അതായിരുന്നു ചോദിച്ചതെന്ന് നിയാസ് പറയുന്നു.

അന്ന് മകളുടെ കല്യാണത്തിന് വേണ്ടി ക്ഷണിക്കാന്‍ പോയപ്പോള്‍, 'നീ നേരത്തെ തന്നെ കെട്ടിച്ചുവിടുവാണോടാ' എന്നാണ് ഇക്ക ചോദിച്ചത്. 'നോക്കട്ടെ, കൊച്ചിയില്‍ ഉണ്ടെങ്കില്‍ വരാം' എന്നും പറഞ്ഞു. അന്ന് മുതല്‍ ഞാന്‍ എല്ലാ കാര്യങ്ങളും ഇക്കയെ അറിയിക്കുന്നുണ്ടായിരുന്നു. ഇന്ന സ്ഥലത്തുവച്ചാണ് വിവാഹം. ഇത്ര മണിക്കാണ് എന്നൊക്കെ പറഞ്ഞ് തലേ ദിവസം വരെ മെസേജ് അയച്ചിരുന്നു. വരും എന്ന വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ ആ അത്ഭുതം സംഭവിച്ചു. മമ്മൂക്ക എത്തി. എല്ലാവർക്കും അത് വലിയ സന്തോഷമായി,' നിയാസ് പറയുന്നു.
മുൻപ് ഒരു അഭിമുഖത്തിൽ വിവാഹദിനത്തിൽ തനിക്ക് മകൾക്ക് നൽകാൻ കഴിഞ്ഞ ഏറ്റവും വലിയ സമ്മാനമായിരുന്നു മമ്മൂക്കയുടെ വരവെന്ന് നിയാസ് പറഞ്ഞിട്ടുണ്ട്. മകൾക്ക് നൽകാൻ കഴിഞ്ഞ വിലമതിക്കാനാവാത്ത സമ്മാനം എന്നാണ് നടൻ വിശേഷിപ്പിച്ചത്.


Click it and Unblock the Notifications











