തലേന്ന് ഞങ്ങള്‍ക്കൊപ്പം അഭിനയിച്ചു, പിറ്റേന്ന് കുഴഞ്ഞു വീഴുന്നു; ഖാലിദിനെ ഓര്‍ത്ത് മറിമായം ടീം
ജനപ്രീയ പരിപാടിയാണ് മറിമായം. സമൂഹത്തിലെ പ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന പരിപാടി കഴിഞ്ഞ 13 വര്‍ഷമായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ്. അതേസമയം ഈയ്യടുത്തായിരുന്നു മറിമായത്തിലെ സുമേഷിനെ അവതരിപ്പിക്കുന്ന വിപി ഖാലിദ് മരണപ്പെടുന്നത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഖാലിദിനെ ഓര്‍ക്കുകയാണ് മറിമായം ടീം.
ഖാലിദ് ഇക്ക അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രത്തിന് പകരം വെക്കാന്‍ മറ്റൊരാളില്ല. തലേന്നു ഞങ്ങള്‍ക്കൊപ്പം അഭിനയിച്ചു. പിറ്റേന്നു കുഴഞ്ഞു വീഴുന്നു. വല്ലാത്തൊരു മരണമായിപ്പോയെന്നാണ് സലീം പറയുന്നത്. ഞങ്ങളൊക്കെ എത്തും മുമ്പ് അദ്ദേഹം സെറ്റിലെത്തും. എത്തിയാലുടന്‍ കോസ്റ്റിയും ഒരുക്കുന്നവരുടെ അടുത്തു പോയി പണിയുടുപ്പ് എവിടെന്ന് ചോദിക്കുമെന്നാണ് ഖാലിദിനെക്കുറിച്ച് നിയാസ് പറയുന്നത്.

പണിയുടുപ്പ് എന്നാല്‍ അന്നത്തെ കഥാപാത്രത്തിന്റെ വേഷം. അതിട്ട ശേഷമേ ഇക്ക സ്‌ക്രിപ്റ്റ് കേള്‍ക്കുകയുള്ളൂ. അപ്പോഴേ കഥാപാത്രമാകൂ എന്നാണ് പറയാറുള്ളത്. എല്ലാ ഡയലോഗും പഠിച്ചു കഴിഞ്ഞിട്ടേ പിന്നെ അവിടെ നിന്നും എഴുന്നേല്‍ക്കൂ. ആരോടും ദേഷ്യപ്പെടാത്ത, മോശമായി സംസാരിക്കാത്ത ഒരാള്‍. മോനേ എന്നേ എല്ലാവരേയും വിളിക്കൂവെന്നും നിയാസ് പറയുന്നത്.
2018 ലെ സെറ്റില്‍ ശ്രീകുമാറും ഉണ്ടായിരുന്നു. പിറ്റേന്ന് ലൊക്കേഷനിലെത്തിക്കഴിഞ്ഞ് ശ്രീകുമാര്‍ എന്നെ വിളിച്ചു. ഖാലിദ് ഇക്ക വീണു. ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും പറഞ്ഞു. പക്ഷെ അവിടെയെത്തിയപ്പോഴേക്കും ഇക്ക പോയിരുന്നുവെന്നാണ് സ്‌നേഹ പറയുന്നത്. പിന്നീട് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, ഖാലിദ് ഇക്കയുടെ മനസില്‍ മറിമായം ടീമിനെ വച്ച് ഒരു സിനിമയുണ്ടായിരുന്നു. ആ തിരക്കഥ എന്നോട് പറഞ്ഞിരുന്നു. ഖാലിദ് ഇക്കയുടെ ആഗ്രഹം നടന്നില്ലെന്നും വിനോദ് കോവൂര്‍ പറയുന്നു.

മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രഹാകരും സംവിധായകനുമായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, ഖാലിദ് റഹ്‌മാന്‍ എന്നിവര്‍ വിപി ഖാലിദിന്റെ മക്കളാണ്. ഒരു മകളടക്കം അഞ്ചു മക്കളാണ് ഖാലിദിന്. മൂത്തമകന്‍ ഷാജിയാണ് ആദ്യം സിനിമയിലെത്തിയത്. അനുജന്മാരെ ക്യാമറ പഠിപ്പിച്ചതും അവരെ സിനിമയിലേക്ക് വഴി തിരിച്ചു വിട്ടതും ഷാജിയായിരുന്നു. എന്നാല്‍ 2012-ല്‍ ഷാജി മരിച്ചു. പിന്നീടാണ് ഷൈജു ഖാലിദും ജിംഷി ഖാലിദും ഖാലിദ് റഹ്‌മാനും സിനിമയില്‍ സജീവമാകുന്നതും പേരെടുക്കുന്നതും.
മക്കള്‍ സിനിമയില്‍ പ്രശസ്തരായപ്പോഴും അവരോട് അവസരങ്ങള്‍ ചോദിക്കാനൊന്നും ഖാലിദ് ഒരുക്കമായിരുന്നില്ല. ''അവര്‍ക്ക് അവരുടെ വഴി, എനിക്ക് എന്റേതും'' എന്നതായിരുന്നു ഖാലിദിന്റെ രീതി. ''ഞാന്‍ അവസരമൊന്നും ചോദിക്കാറില്ല. അവര്‍ വിളിച്ചാല്‍ പോയി ചെയ്യും. സെറ്റില്‍ ഞാന്‍ അവരുടെ ബാപ്പയല്ല. അവിടെ ഞാന്‍ ആര്‍ടിസ്റ്റ് മാത്രമാണ്. അവര്‍ക്ക് അവരുടെ പണി. എനിക്ക് എന്റെ ജോലി''എന്നാണ് അദ്ദേഹം മുമ്പൊരിക്കല്‍ പറഞ്ഞത്. സൈക്കിള്‍ യജ്ഞം മുതല്‍ സിനിമ വരെ പരന്നു കിടക്കുന്നതാണ് ഖാലിദിന്റെ ജീവിതം. പല മേഖലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2018 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണ് മരിക്കുന്നത്.


Click it and Unblock the Notifications











