ഷൂട്ടിങ് സെറ്റിൽ വെച്ച് നടന്ന പെണ്ണുകാണൽ! പ്രണയവിവാഹമെന്ന് പൂർണമായും പറയാൻ കഴിയാത്ത ഒന്ന്; മീര കൃഷ്ണൻ പറയുന്നു
മലയാളികൾക്ക് സുപരിചിതയാണ് നടി മീര കൃഷ്ണൻ. മികച്ച നർത്തകി കൂടിയായ മീര നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2003ൽ മാർഗം എന്ന സിനിമയിലൂടെയാണ് മീര അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സീരിയലുകളിൽ സജീവമാവുകയായിരുന്നു.
വിവാഹശേഷം ചെന്നൈയിൽ സ്ഥിരതാമസമാക്കിയ താരം ഇപ്പോൾ കൂടുതലും തമിഴ് സീരിയലുകളിലാണ് അഭിനയിക്കുന്നത്. മലയാളത്തിൽ മൂന്നുമണി എന്ന പരമ്പരയാണ് മീര അവസാനമായി ചെയ്തത്. മലയാളത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ് താരം. ഇപ്പോഴിതാ ഒരു തമിഴ് മാധ്യമത്തിന് നൽകിയ മീരയുടെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്. തന്റെ കരിയറിനെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചുമെല്ലാം മീര സംസാരിക്കുന്നുണ്ട്.

"കേരളത്തിലെ കോട്ടയം ജില്ലയിലാണ് ഞാൻ ജനിച്ചതും വളർന്നതുമൊക്കെ. ഞാൻ മലയാളി ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാറില്ല. സ്‌കൂൾ കാലഘട്ടം മുതൽ ഡാൻസ് ചെയ്യുന്നുണ്ട്. ക്‌ളാസിക്കൽ ഡാൻസിലെ എല്ലാ ഫോമും ഞാൻ പഠിച്ചിട്ടുണ്ട്. പിന്നെ കവിത, തിരുവാതിര, ഒപ്പന, ഫാൻസി ഡ്രസ്സ്, ഓട്ടൻതുള്ളൽ അങ്ങനെയുള്ള ഐറ്റങ്ങളും ചെയ്യുമായിരുന്നു. സ്‌കൂൾ കലോത്സവത്തിൽ ഇതൊക്കെ ചെയ്ത് കൂടുതൽ പോയിന്റ് നേടുന്നവർ കേരളത്തിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
അവരെ സിനിമയിലേക്ക് ഒക്കെ വിളിക്കും. മഞ്ജു വാര്യർ മാം ഒക്കെ അങ്ങനെ സിനിമയിലേക്ക് വന്നതാണ്. ഞാനും അങ്ങനെയാണ് വന്നത്. ഞാൻ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ സ്വപ്നം കാണുകയോ ചെയ്യാതെ തന്നെ എന്നെ തേടി വന്ന സൗഭാഗ്യമാണ് അഭിനയജീവിതം. എന്റെ ആദ്യ സിനിമ നെടുമുടി വേണു അങ്കിളിന്റെയും കെപിഎസി ലളിത ചേച്ചിയുടെയും കൂടെ ആയിരുന്നു. അവരിന്നു ജീവനോടെയില്ല. എന്റെ ആദ്യ സിനിമയ്ക്ക് എനിക്ക് കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു", മീര പറഞ്ഞു.
തുടർന്നാണ് വിവാഹത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചുമെല്ലാം മീര സംസാരിച്ചത്. "നമ്മൾ ഒരാളെ കല്യാണം കഴിക്കുമ്പോൾ അയാളെ മാത്രം അല്ല, ആ കുടുംബത്തെ സ്നേഹിക്കാനും അവരോടൊപ്പം സന്തോഷമായിരിക്കാനും കഴിയണം. അതുകൊണ്ട് തന്നെ ഭർത്താവിന്റെ സപ്പോർട്ട് കൊണ്ട് മാത്രമല്ല ഞാൻ ഇപ്പോഴും ഈ ഫീൽഡിൽ തുടരുന്നത്, അത് ആ കുടുംബത്തിന്റെ മുഴുവൻ പിന്തുണ കാരണമാണ്", മീര വ്യക്തമാക്കി.
ഒരു ലവ് കം അറേഞ്ചഡ് മാര്യേജ് ആയിരുന്നു തങ്ങളുടേതെന്നും മീര പറഞ്ഞു. തമിഴ് സംവിധായകനും കൊറിയോഗ്രാഫറുമായ ശിവയെ ഷൂട്ടിങ് സെറ്റിൽ വെച്ച് കാണുകയും അദ്ദേഹത്തിന് എന്നെ ഇഷ്ടപ്പെടുകയുമായിരുന്നു. പിന്നീട് പുള്ളിയുടെ വീട്ടുകാർ മുഖേന മുതിർന്നവർ തമ്മിൽ സംസാരിച്ച് വിവാഹം നിശ്ചയിച്ചു.

"പ്രണയവിവാഹം എന്നൊന്നും പൂർണ്ണമായും പറയാൻ പറ്റില്ല. ചെറുക്കൻ ഒരു പെണ്ണിനെ കണ്ടിഷ്ടപ്പെടുകയും രണ്ടു വീട്ടുകാരും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ ആണല്ലോ വിവാഹം തീരുമാനിക്കുന്നത്, ഞങ്ങളുടെ പെണ്ണുകാണൽ ചടങ്ങ് ഷൂട്ടിങ് സെറ്റിലായിരുന്നു എന്ന് മാത്രം", മീര പറഞ്ഞു.
വിജയ് നായകനായ ബീസ്റ്റ് സിനിമയിലേക്ക് അവസരം ലഭിച്ചിട്ട് പിന്നെ തന്നെ ഒഴിവാക്കിയതിനെ കുറിച്ചും മീര പറയുകയുണ്ടായി. ബീസ്റ്റിലേക്ക് അവസരം ലഭിച്ചപ്പോൾ ഒരു വിജയ് ഫാൻ എന്ന നിലയിൽ ഒരുപാട് സന്തോഷിച്ചിരുന്നു. പക്ഷെ അതിൽ പ്രായമുള്ള ഒരു കഥാപാത്രമായിട്ട് ആയിരുന്നു. എനിക്ക് അവർ ഉദ്ദേശിച്ച പ്രായം ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. എനിക്ക് സൂര്യ, കാർത്തി, വിജയ്, കമൽ ഹാസൻ ഇവരുടെയൊക്കെ കൂടെയൊക്കെ അഭിനയിക്കണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും മീര പറഞ്ഞു. അതേ സമയം അമ്മയായ ശേഷം അമ്മ വേഷങ്ങളിലേക്ക് താൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നുവെന്നും മീര കൃഷ്ണൻ പറഞ്ഞു.


Click it and Unblock the Notifications











