'ഞാൻ എന്റെ കുഞ്ഞിനെ വരെ അകറ്റി നിർത്തി, കാരണമില്ലാതെ കരഞ്ഞു'; വിഷാദത്തെ അതിജീവിച്ചതിനെ പറ്റി അഞ്ജലി റാവു
സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന മിസിസ്സ് ഹിറ്റലര്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി റാവു. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ പരമ്പരയിൽ മായ എന്ന കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുക്കാന്‍ അഞ്ജലിക്ക് സാധിച്ചിരുന്നു.
മോഡലങ്ങിലൂടെയാണ് അഞജലി കരിയര്‍ ആരംഭിക്കുന്നത്. നിരവധി പ്രമുഖ ബാന്‍ഡുകളുടെ പരസ്യത്തില്‍ നടി അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. തമിഴ് ധാരാളം സിനിമകളിലും സീരിയലുകളിലുമെല്ലാം അഞ്ജലി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഒരിടയ്ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ നേരിട്ടതിനെ കുറിച്ച് അഞ്ജലി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, അടുത്ത കാലത്ത് താൻ വിഷാദത്തിലൂടെ കടന്നു പോയിരുന്നു എന്ന് പറയുകയാണ് അഞ്ജലി. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്.
അടുത്തിടെ ഞാൻ വിഷാദരോഗത്തിനോട് പോരാടിയിരുന്നു. ഒരു മാസക്കാലം ഞാൻ അതിന് വേണ്ടി മരുന്ന് കഴിക്കുകയായിരുന്നു. ഞാൻ ഇടയ്ക്ക് അനിയന്ത്രിതമായി പൊട്ടിത്തെറിക്കുകയും വൈകാരികമായി പെരുമാറുകയും ചെയ്തിരുന്നു. എന്റെ സഹപ്രവർത്തകർക്കും ഭർത്താവിനും നന്ദി, അവരാണ് എന്നെ സഹായിച്ചത്. ഇപ്പോൾ ഞാൻ അതിനെ മറികടന്നെന്ന് വിശ്വസിക്കുന്നു എന്ന് അഞ്ജലി പറഞ്ഞു.

രണ്ടര വയസ്സുള്ള എന്റെ കുഞ്ഞ് ചെന്നൈയിലും ഞാൻ കൊല്ലത്തും ഭർത്താവ് കൊച്ചിയിലുമായിരുന്നു. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ സാധിക്കാത്തതിൽ അസ്വസ്ഥയായിരുന്നു. സീരിയൽ നടിയെന്ന് പറഞ്ഞ് പലരും എന്നെ പുച്ഛത്തോടെ നോക്കിയത് ബാധിച്ചു. എന്നോടൊപ്പം കരിയർ തുടങ്ങി വലിയ താരങ്ങളായവരെ വെച്ച് അവർ എന്നെ താരതമ്യം ചെയ്തു.
അതുകൂടാതെ തിരക്കുള്ള ഷെഡ്യൂൾ കാരണം പല പരസ്യ ചിത്രങ്ങളും എനിക്ക് നഷ്ടമായി. ഇതെല്ലാം എന്നെ വളരെയധികം ബാധിച്ചു. സന്തോഷകരമായ ജീവിതം നയിക്കുന്നവരാണ് താരങ്ങൾ എന്ന് പലരും പറഞ്ഞേക്കാം. എന്നാൽ എന്റെ അഭിപ്രായത്തിൽ അവരാണ് ഏറ്റവും കൂടുതൽ വിഷാദത്തിലൂടെ കടന്നുപോകുന്നത്. മോശം സമയത്തിലൂടെ കടന്നുപോകുമ്പോൾ പോലും റൊമാൻസും കോമഡിയും ചെയ്യുന്നവരാണ് നമ്മൾ.

വിഷാദം എന്നെ വല്ലാതെ ബാധിച്ചിരുന്നു. സെറ്റിൽ ഞാൻ അലക്ഷ്യമായി പെരുമാറാൻ തുടങ്ങി. ഒരു ദിവസം ദേഷ്യം വന്നപ്പോൾ ഞാൻ ഫോൺ എറിഞ്ഞു തകർത്തു. എനിക്ക് ഓർമ്മക്കുറവ് വരെ വന്നു. ഞാൻ എന്റെ കുഞ്ഞിനെ വരെ അകറ്റി നിർത്തി, അവൻ അവന്റെ അമ്മയെ ഒരു ആക്രമണകാരിയായി കാണരുതെന്ന് ഞാൻ ആഗ്രഹിച്ചു. ഒരു കാരണവുമില്ലാതെ ഞാൻ എല്ലാവരുടെയും മുന്നിൽ കരയുന്ന സാഹചര്യമുണ്ടായി.

അതിന് പിന്നാലെയാണ് അരുൺ ഉൾപ്പടെയുള്ളവർ എന്നോട് ചികിത്സ തേടാൻ ആവശ്യപ്പെട്ടത്. അവർ തന്നെ എന്റെ ഭർത്താവിനോട് സംസാരിച്ചു. അവരിന്ന് എനിക്ക് കുടുംബം പോലെയാണ്. എനിക്ക് താങ്ങായതിന് അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അരുൺ, മാൻവെ, വിനായക്, ശ്യാം ഒക്കെ എനിക്കൊപ്പം നിന്നുവെന്നും അഞ്ജലി പറയുന്നു.

സാധാരണ ചെറിയ വയറുവേദന വരുമ്പോൾ ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന നമ്മൾ മാനസികമായി എന്തെങ്കിലും പ്രശ്‍നമുണ്ടാകുമ്പോൾ അതിനെ ശ്രദ്ധിക്കില്ല. അതാണ് നമ്മൾ ആദ്യം അഡ്രസ് ചെയ്യേണ്ടത്. അത് നിങ്ങളെ മാത്രമല്ല നിങ്ങളുടെ കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെ വരെ ബാധിക്കും. തുടക്കത്തിൽ സഹായം തേടാൻ ഞാനും മടിച്ചു. പക്ഷേ, എന്റെ ഭർത്താവ് ജോമിനും സുഹൃത്ത് അരുണും എനിക്ക് വേണ്ടി നിന്നു.
മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോൾ സഹായം തേടാൻ മടിക്കരുത്. പോസിറ്റിവിറ്റി നല്കുന്നവർക്കൊപ്പം നിൽക്കുക. ആളുകൾ എന്ത് ചിന്തിക്കും അല്ലെങ്കിൽ പറയുമെന്ന് ചിന്തിക്കുന്നത് നിർത്തുക. ആവശ്യമെങ്കിൽ മരുന്ന് കഴിക്കുക. നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക. ജീവിതം പൂർണ്ണമായി ആസ്വദിക്കുക. ശരിയായ അളവിൽ വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുക.


Click it and Unblock the Notifications