'മലയാള സിനിമയിലെ പുതിയ നായിക, തകർക്കുവാണല്ലോ!', ഡാൻസ് വീഡിയോക്ക് താഴെയും ദിൽഷയ്ക്ക് ആശംസ പ്രവാഹം
ദിൽഷയുടെ അരങ്ങേറ്റ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡാൻസിങ് സ്റ്റാർസ് ഷോയുടെ പ്രോമോ വീഡിയോക്ക് താഴെയും താരത്തിന് ആശംസകളുമായി എത്തുകയാണ് ആരാധകർ
ആറ് ദിവസങ്ങൾക്ക് അപ്പുറം ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിക്കാൻ ഇരിക്കുകയാണ്. എങ്കിലും കഴിഞ്ഞ സീസണിലെ ബിഗ് ബോസ് താരങ്ങളെല്ലാം ഇപ്പോഴും ലൈം ലൈറ്റിൽ തന്നെ നിൽക്കുകയാണ്.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ച സീസൺ ആയിരുന്നു കഴിഞ്ഞ വർഷത്തേത്. നടിയും നർത്തകിയുമായ ദിൽഷ പ്രസന്നൻ ആയിരുന്നു സീസണിന്റെ വിജയ കിരീടം സ്വന്തമാക്കിയത്.
ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ വനിതാ വിജയി ആയി മാറുകയായിരുന്നു ദിൽഷ. കോവിഡ് കാരണം ഷോ നിർത്തിവെച്ചതിനാൽ വിജയിയെ തീരുമാനിക്കാൻ കഴിയാതെ പോയ രണ്ടാമത്തെ സീസണിൽ ഒഴിച്ച് മറ്റു രണ്ടു സീസണുകളിലും വിജയി ആയത് പുരുഷ മത്സരാർത്ഥികൾ ആയിരുന്നു.
ബിഗ് ബോസിൽ എത്തുന്നതിന് മുന്നേ തന്നെ റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായിരുന്നു ദിൽഷ. ഡി 4 ഡാൻസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ ദിൽഷ ഏഷ്യാനെറ്റ് പരമ്പരകളിലാണ് അഭിനയിച്ചത്.
ഇപ്പോൾ ഏഷ്യാനെറ്റിലെ തന്നെ ഡാൻസിങ് സ്റ്റാർസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് ദിൽഷ. ഡി 4 ഡാൻസിലൂടെ തന്നെ ശ്രദ്ധേയനായ ഡാൻസറും കൊറിയോഗ്രാഫറുമായ നാസിഫിനൊപ്പമാണ് ദിൽഷ മത്സരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ദിൽഷ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം നടക്കാൻ പോകുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നു. നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നതിന്റെ സന്തോഷമാണ് താരം ആരാധകരെ അറിയിച്ചത്.
ഓ സിൻഡ്രെല്ല എന്ന ചിത്രത്തിലൂടെയാണ് ദിൽഷ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വർഗീസും അനൂപ് മേനോനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ നിർമ്മാതാവായ മഹാദേവൻ തമ്പിക്കും അനൂപ് മേനോനും തന്റെ ആരാധകർക്കും പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടായിരുന്നു ദിൽഷയുടെ പോസ്റ്റ്. നിരവധി പേരാണ് ഇതിനു താഴെ അഭിനന്ദനങ്ങളുമായി എത്തിയത്.
ഇപ്പോഴിതാ, ഏഷ്യാനെറ്റ് പങ്കുവച്ച ഡാൻസിങ് സ്റ്റാർസിന്റെ പ്രമോ വീഡിയോക്ക് താഴെയും ദിൽഷയ്ക്ക് അഭിനന്ദങ്ങൾ നിറയുകയാണ്. മലയാള സിനിമയിലെ പുതിയ നായിക എന്നൊക്കെ വിശേഷിപ്പിച്ചു കൊണ്ടാണ് കമന്റുകൾ.
അടുത്ത ആഴ്ച സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിൽ വരുന്ന ടു ഇൻ വൺ ഡാൻസ് റൗണ്ടിന്റെ പ്രോമോ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ദിൽഷയുടെയും നാസിഫിന്റെയും പ്രകടനത്തിനും നിരവധി പേർ കയ്യടിക്കുന്നുണ്ട്. ഷോയിലെ ഏറ്റവും മികച്ച മത്സരാർത്ഥികളാണ് ഇവർ രണ്ടുപേരും.
അതേസമയം, മത്സരത്തിന്റെ ജഡ്ജിങ് പാനലിലെ മാറ്റത്തിനും പ്രേക്ഷകർ കയ്യടിക്കുന്നുണ്ട്. നേരത്തെ ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്ന ദുർഗയ്ക്ക് പകരം രമ്യ നമ്പീശൻ എത്തിയതിനെ സ്വാഗതം ചെയ്യുകയാണ് പേക്ഷകർ.

നേരത്തെ ബിഗ് ബോസിന് ശേഷം ഏറെ സൈബർ ആക്രമണങ്ങൾ നേരിട്ട താരമാണ് ദിൽഷ പ്രസന്നൻ. സഹമത്സരാർത്ഥി ആയിരുന്ന റോബിൻ രാധാകൃഷ്ണന്റെ ആരാധകരിൽ നിന്നാണ് ദിൽഷയ്ക്ക് ഇത്രയേറെ ഡീഗ്രേഡിങ്ങും ആക്രമങ്ങളും ഉണ്ടായത്.
ഷോയ്ക്കിടയിൽ റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്നാണ് താരത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായത്.
എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ശക്തമായി മുന്നോട്ട് പോവുകയായിരുന്നു ദിൽഷ. സിനിമ മോഹവുമായി നടക്കുന്ന റോബിന് എതിരെ തുടർച്ചയായി പല ആരോപണങ്ങളും വരുന്ന സമയത്ത് തന്നെയാണ് ദിൽഷയുടെ സിനിമ പ്രഖ്യാപനം വന്നത് എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications