എനിക്കേറ്റവും വിലപ്പെട്ടയാൾ! എന്റെ സുഹൃത്താണെന്ന് പറയുന്നതിൽ അഭിമാനം; സൗഹൃദം പറഞ്ഞ് സൂരജും രഞ്ജുവും
പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് സൂരജ് സൺ. വളരെ കുറച്ചു സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടൻ അധികം വൈകാതെ സീരിയലിനോട് വിട പറഞ്ഞിരുന്നു. ഇപ്പോഴിതാ, സിനിമയിൽ നായകനായി എത്താൻ ഒരുങ്ങുകയാണ് നടൻ. ഷാജൂൺ കാര്യൽ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിലൂടെയാണ് സൂരജിന്റെ അരങ്ങേറ്റം.
തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളൊക്കെ സൂരജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, സൂരജിന്റെ ഏറ്റവും പുതിയ പോസ്റ്റും ശ്രദ്ധനേടുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റായ രഞ്ജുരഞ്ജിയുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് സൂരജിന്റെ പോസ്റ്റ്. സൂരജിനെ കുറിച്ചുള്ള രഞ്ജുവിന്റെ പോസ്റ്റും നടൻ പങ്കുവച്ചിട്ടുണ്ട്. വിശദമായി വായിക്കാം.

'എനിക്ക് ഒരുപാട് നന്ദിയും സ്നേഹമുള്ള രഞ്ജു രഞ്ജിമാർ.. വീണ്ടും കുറച്ചുവർഷം പിറകോട്ട് സഞ്ചരിക്കുകയാണ്. ഏത് ജോലി ചെയ്യുമ്പോഴും അതിന്റെ ഏറ്റവും എക്സ്ട്രീം ലെവൽ എത്തുക അതിനു വേണ്ടി കഷ്ടപ്പെടുക അതൊരു ഹരമായിരുന്നു. കൈയ്യിലുള്ള തൊഴിൽ ഫോട്ടോഗ്രഫി എങ്കിലും സിനിമയിൽ മുഖം കാണിക്കണം. ആദ്യത്തെ ഓപ്‌ഷൻ ചെന്നൈ, രണ്ടാമത്തേത് കൊച്ചി,'
'കൊച്ചിയിൽ ആകെയുള്ള ഒരു ബന്ധം രഞ്ജു മാത്രം. ആ ഉറപ്പിൽ കൊച്ചിയിലേക്ക് വന്നു. സെലിബ്രിറ്റികളുടെയും മറ്റും ഫോട്ടോ എടുക്കാൻ ഉള്ള അവസരങ്ങൾ,കൂടുതൽ ബന്ധങ്ങൾ, അതിനിടയിൽ സിനിമയെ സെർച്ച് ചെയ്യൽ. ഒരു ഗൈഡ് ലൈൻ തരാൻ രഞ്ജു രഞ്ജിമാർ ഉണ്ടായിരുന്നു മുന്നിൽ,'

'മമ്മൂക്ക അടക്കമുള്ള താരങ്ങളുടെ ചിത്രം എന്റെ ക്യാമറയിൽ പതിപ്പിക്കാൻ അവസരം കിട്ടി. രഞ്ജുവിന്റെ വീട്ടിൽ വരുമ്പോൾ അനു ഉണ്ടാക്കിത്തരുന്ന ഭക്ഷണം മറക്കില്ല. ഒരുകാലത്ത് നമ്മുടെ സൊസൈറ്റി മാറ്റിനിർത്തിയിരുന്ന ഒരു വിഭാഗം ആയിരുന്നു ട്രാൻസ്ജെൻഡർ അവരുടെ ഇടയിലേക്ക് എനിക്ക് കടന്ന് ചെല്ലാനും അവരോട് സഹകരിക്കാനും എനിക്ക് അവസരമുണ്ടായി,'
'അതിലൂടെ എനിക്ക് കുറെ നല്ല വ്യക്തിത്വങ്ങളെ കാണാനും പരിചയപ്പെടാനും പഠിക്കാനും സാധിച്ചു. നമ്മുടെ ചിന്താഗതികൾ ഒക്കെ നമ്മൾ ധരിച്ചു വച്ചിരിക്കുന്ന അതിലും അപ്പുറമാണെന്ന് അവരുമായി ഇടപഴകിയപ്പോൾ എനിക്ക് മനസ്സിലായതാണ്. നമ്മുടെ സൊസൈറ്റി മാറ്റിനിർത്തി കളിയാക്കുന്നവരുടെ കൂടെ ഞാൻ കൂടിയപ്പോൾ എന്നെയും വേദനിപ്പിക്കാനും കളിയാക്കാനും കുറച്ച് ആൾക്കാർ ഉണ്ടായിരുന്നു,'

'അന്നും ഇന്നും എന്നും എനിക്ക് ശരി എന്നത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. രഞ്ജു രഞ്ജിമാർ എനിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതിൽ ഒന്നാണ്. ഒരായിരം നന്ദി രഞ്ജു,' എന്നായിരുന്നു സൂരജിന്റെ കുറിപ്പ്.
രഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. 'ഒരു വ്യക്തിയുടെ ലക്ഷ്യം സഫലമാക്കാനായി അദ്ദേഹം നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നത്. മലയാള സിനിമയില്‍ ഒട്ടുമിക്ക താരങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ അമിതമായി അവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് ചെല്ലാനോ അഭിപ്രായം പറയാനോ ഞാന്‍ ശ്രമിക്കാറില്ല,'

'ഒരു ഹായ് ഹലോ ബന്ധം എല്ലാവരുമായി സൂക്ഷിക്കുന്നയാളാണ്. മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു പയ്യനായിരുന്നു ഞാന്‍ ആദ്യം കാണുമ്പോള്‍. അവന്റെ കുടുംബവുമായും എനിക്ക് നല്ല ബന്ധമുണ്ട്. എങ്ങനെയെങ്കിലും സിനിമയില്‍ മുഖം കാണിക്കുക എന്നതായിരുന്നു അവന്റെ സ്വപ്നം. ഒരുപാട് ചതിക്കുഴികളിലൊക്കെ അവന്‍ പോയി പെടാന്‍ സാധ്യതയുണ്ടായിരുന്നു. അവിടെയൊക്കെ അവനൊരു ഗൈഡ് ലൈന്‍ കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു,'

'സ്വപ്രയത്‌നത്താല്‍ അവന്‍ ലക്ഷ്യം നേടിയിരിക്കുകയാണ്. സൂരജ് എന്റെ സുഹൃത്താണെന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമാണ്. നടന്‍ എന്നതിലുപരി നല്ലൊരു വ്യക്തിയായി നീ എന്റെ മനസിലുണ്ട്. എന്റെ അമ്മ എപ്പോഴും സൂരജിനെക്കുറിച്ച് പറയാറുണ്ട്. നിന്റെ കഷ്ടപ്പാടിന് റിസല്‍ട്ടുണ്ടായതില്‍ എനിക്കൊരുപാട് സന്തോഷമുണ്ട്. ഒരു വലിയ സിനിമയില്‍ തന്നെ നായകനായി അരങ്ങേറാനുള്ള ഭാഗ്യം നിനക്ക് ലഭിച്ചതില്‍ സന്തോഷം' എന്നായിരുന്നു രഞ്ജുവിന്റെ വാക്കുകൾ.


Click it and Unblock the Notifications